ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള മലിനജലം പാമ്പുറം-കോലയിൽ പാതയിലേക്ക് ഒഴുകിയിറങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ജില്ലാ മെഡിക്കൽ കോളേജിലെ മാലിന്യസംസ്കരണ പ്ലാൻ്റ് പ്രവർത്തനരഹിതമായതോടെയാണ് മലിനജലം റോഡിൽ പതിക്കാൻ തുടങ്ങിയത്.
മലിനജലസംസ്ക്കരണ പ്ലാൻ്റിൽനിന്നുള്ള മലിനജലം മതിലിലൂടെയാണ് ഊർന്നിറങ്ങുന്നത്. ഇത് ഗ്രാമപ്പഞ്ചായത്ത് റോഡിലേക്കിറങ്ങി കെട്ടിക്കിടക്കുകയാണ്. ദുർഗന്ധംമൂലം മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയുന്നില്ല. കാൽനടക്കാരായ സ്കൂൾ കുട്ടികളും മുതിർന്നവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. കടുത്ത ദുർഗന്ധം കാരണം സമീപവാസികൾ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനായ ബൈജു ലക്ഷ്മണന് പരാതി നൽകി. ദുർഗന്ധം ചർദ്ദിക്കും തലകറക്കത്തിനും കാരണമാകുന്നതായി ജനങ്ങൾ പരാതിപ്പെട്ടു.
മോർച്ചറിക്കു സമീപം കെട്ടിനിർത്തിയിരിക്കുന്ന മലിനജലം ഭൂമിയിൽ താഴ്ന്ന് സമീപത്തെ കിണറുകളിൽ നിറവ്യത്യാസവും ദുർഗന്ധവും ഉണ്ടായതിനാൽ ജലപരിശോധന നടത്തി ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരവും സംഘടിപ്പിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. റോഡിലേക്കുള്ള മലിനജലത്തിൻ്റെ ഒഴുക്ക് രൂക്ഷമായതോടെ ജനം പകർച്ചവ്യാധിഭീഷണിയിലാണെന്ന് വാർഡ് അംഗം കൂടിയായ ബൈജു ലക്ഷ്മണൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ അറിയിച്ചു. അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്.
No comments:
Post a Comment