കഴിഞ്ഞ ദിവസമാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ച് ഇന്ത്യ ഒരു മിസൈൽ പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമായെന്ന് മാത്രമല്ല ബദ്ധവൈരിയായ പാകിസ്താനും നിരന്തരം അതിർത്തിയിൽ പ്രകോപനമുണ്ടാക്കുന്ന ചൈനയ്ക്കും അതുണ്ടാക്കിയ അസ്വസ്ഥതകൾ ചെറുതല്ല. ഇന്ത്യ പലപ്പോഴും മിസൈൽ പരീക്ഷണം നടത്തുമ്പോൾ അസ്വസ്ഥരാകുന്നവരാണ് ഇരുകൂട്ടരും. എന്നാൽ ഇത്തവണ നടത്തിയ പരീക്ഷണം എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്ന ഒന്നായി മാറി. ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുകയാണ്. പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്
നവംബർ 16ന് ഒഡിഷയിലെ അബ്ദുൾ കലാം ദ്വീപിൽ നടത്തിയ പരീക്ഷണത്തിലൂടെ ഇന്ത്യ ദീർഘകാലമായി സ്വന്തമാക്കാനാഗ്രഹിച്ച സാങ്കേതികവിദ്യയുടെ പൂർണതയാണ് നടന്നത്. ലോകത്ത് യു.എസ്., റഷ്യ, ചൈന തുടങ്ങിയ വൻശക്തികൾ നേരത്തെ തന്നെ സ്വായത്തമാക്കിയ സൈനിക സാങ്കേതികവിദ്യയാണ് ഹൈപ്പർസോണിക് മിസൈൽ. പൂർണവിജയമായിരുന്നുവെന്ന് മാത്രമല്ല പ്രതീക്ഷിച്ച എല്ലാ മാനദണ്ഡങ്ങളും പൂർണമായി പൂർത്തിയാക്കിയാണ് പരീക്ഷണം സഫലമായത് എന്നുള്ളത് ഗവേഷകരുടെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്. സ്വന്തമായി ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയ്ക്ക് വേണ്ടിയുള്ള പരീക്ഷണങ്ങൾ മുമ്പും നടന്നിരുന്നുവെങ്കിലും പൂർണവിജയം നേടാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ പരീക്ഷണം വിജയിച്ചെങ്കിലും ആയുധം സേനയുടെ ഭാഗമാകുന്നതിന് കൂടുതൽ പരീക്ഷണങ്ങളും പരിഷ്കരണങ്ങളും ആവശ്യമായി വരും. കുറഞ്ഞത് അഞ്ച് വർഷത്തിനുള്ളിൽ മിസൈൽ സേനയുടെ സ്ട്രാറ്റജിക് കമാൻഡിൻ്റെ ഭാഗമായി മാറിയേക്കും.
@ 1500 കിലോമീറ്റർ പരിധി, ചൈന ഭയക്കണം
ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യ വികസിച്ചത് പരമ്പരാഗത വൈരിയായ പാകിസ്താനെ ലക്ഷ്യമിട്ട് മാത്രമായിരുന്നു. എന്നാൽ, ഇന്ത്യ സാമ്പത്തികമായി വളരുന്നതനുസരിച്ച് അയൽരാജ്യമായ ചൈന ഇന്ത്യൻ അതിർത്തികളിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരുസായുധ സംഘർഷം വീണ്ടും ഉടലെടുക്കാൻ സാധ്യത കൂടുതൽ ചൈനയുമായാണ് എന്ന് വിലയിരുത്തലുകൾ ഉണ്ട്. 1962ലെ യുദ്ധത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടൊരു യുദ്ധം നടന്നിട്ടില്ല. ലഡാക്കിലുൾപ്പെടെ നടന്ന യുദ്ധമല്ലാത്ത സംഘർഷം മാത്രമേ അടുത്തകാലത്ത് സംഭവിച്ചിട്ടുള്ളു. അതിർത്തി സംഘർഷം പരിഹരിക്കാൻ കരാർ വന്നെങ്കിലും അത് പാലിക്കുന്ന കാര്യത്തിൽ ആത്മാർഥത കാണിക്കാത്ത ചരിത്രമാണ് ചൈനയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് മിസൈൽ പരീക്ഷണം തന്ത്രപ്രധാനമാകുന്നത്.
ഏകദേശം 1500 കിലോമീറ്റർ പ്രഹര പരിധിയാണ് പുതിയ ഹൈപ്പർസോണിക് മിസൈലിനുള്ളത്. ചൈനീസ് പ്രദേശങ്ങൾ മിസൈലിന്റെ പരിധിയിൽ വരും. പാകിസ്താനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, റാവൽപിണ്ടി, ഫൈസലാബാദ്, ചൈനയുടെ ടിബറ്റ് തുടങ്ങിയ മേഖലകളാണ് മിസൈലിൻ്റെ പരിധിയിൽ വരുന്നത്. ടിബറ്റൻ മേഖലയിലാണ് ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി പ്രശ്നമുള്ളത് എന്നതും ഇതിനോട് കൂട്ടിവായിക്കണം. സാങ്കേതികവിദ്യ ഭാവിയിൽ കൂടുതൽ പരിഷ്കരിക്കപ്പെടുമ്പോൾ വേഗവും ദൂരവും ഇനിയും ഉയർന്നേക്കാമെന്നതാണ് ചൈനയുടെ ചങ്കിടിപ്പ് ഉയർത്തുന്നത്. ചൈന തങ്ങളുടെ പ്രതിരോധ സാങ്കേതിക മികവ് പ്രദർശിപ്പിക്കുന്ന എയർഷോ നടത്തി ഗർവിഷ്ടരായിരിക്കുന്ന സമയത്ത് തന്നെയാണ് ഇന്ത്യ മിസൈൽ പരീക്ഷിച്ചതെന്നതും ശ്രദ്ധേയമായ കാര്യമാണ്. അത് യാദൃച്ഛികമാണെങ്കിൽ പോലും.
പരീക്ഷണം നിരീക്ഷിക്കാനായി നിരവധി ഉപകരണങ്ങളാണ് ഡിആർഡിഒ സ്ഥാപിച്ചിരുന്നത്. ഇതിൽ നിന്ന് ശേഖരിച്ച ഡാറ്റകളെല്ലാം വിരൽചൂണ്ടുന്നത് മിസൈലിൻ്റെ കൃത്യത, സഞ്ചാരഗതി, ആഘാതം എന്നിവയെല്ലാം പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നുവെന്നാണ്. അണ്വായുധം ഉൾപ്പെടെ വിവിധ തരത്തിലുള്ള പേലോഡുകൾ വഹിക്കാൻ ശേഷിയുള്ളതാണ് ഹൈപ്പർസോണിക് മിസൈൽ. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മിസൈൽ അപകടകാരിയാണെന്ന് ചൈനയെ ആരും പഠിപ്പിച്ച് കൊടുക്കേണ്ടകതില്ല. അതേസമയം പാകിസ്താൻ്റെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിൻ്റെ പ്രഹരപരിധിയിലാണ്. നിലവിലെ ഒരു മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കും ഹൈപ്പർസോണിക് ആയുധങ്ങളെ പ്രതിരോധിക്കാനോ തകർക്കാനോ സാധിക്കില്ല. റഡാറുകൾ ഇവയുടെ വരവ് തിരിച്ചറിയുമ്പോഴേക്കും പ്രതിരോധ സംവിധാനങ്ങളെ മിസൈൽ മറികടന്നിരിക്കും. പ്രതികരിക്കാനുള്ള സമയം വളരെ കുറവാണ് ഇത്തരം മിസൈലുകൾക്കെതിരെ ലഭിക്കുക. ഇത് പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി മാറ്റും.
നമ്മുടെ അയൽപ്പക്കത്ത് ചൈന ഹൈപ്പർസോണിക് ആയുധങ്ങളുടെ ഗവേഷണത്തിനും വികസനത്തിനും വലിയതോതിൽ പണം മുടക്കുന്നുണ്ട്. അവർക്ക് സ്വന്തമായി ഹൈപ്പർസോണിക് സാങ്കേതികവിദ്യയും കൈവശമുണ്ട്. ഇപ്പോൾ ഇന്ത്യയും അത് സ്വന്തമാക്കിയതോടെ സൈനിക കരുത്തിൽ ഇന്ത്യ മസിൽ പെരുപ്പിച്ചിരിക്കുകയാണ്. മറുവശത്ത് പാകിസ്താനാകട്ടെ തീർത്തും നിരായുധരാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യ സ്വന്തമാക്കിയത് വലിയ ഭീഷണിയാണെന്ന് പാകിസ്താൻ പ്രതികരിച്ചുകഴിഞ്ഞു.
@ അതിവേഗം, പ്രഹരം അതികഠിനം
ശബ്ദത്തിനേക്കാൾ അഞ്ചുമടങ്ങ് മുതൽ 25 മടങ്ങ് വരെ വേഗം കൈവരിക്കുന്നവയെ ആണ് ഹൈപ്പർസോണിക് എന്ന് വിശേഷിപ്പിക്കുക. ഡിആർഡിഒവികസിപ്പിച്ച മിസൈലിന് ശബ്ദത്തേക്കാൾ അഞ്ചുമടങ്ങിലധികം വേഗത്തിൽ സഞ്ചരിക്കാനാകും. ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് താഴ്ന്നു പറന്നാണ് ഇവ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുക. ബാലിസ്റ്റിക് മിസൈലുകൾ പോർമുനകളെ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തേക്കാണ് എത്തിക്കുക. തുടർന്ന് ഇവ ഭൂഗുരുത്വം പ്രയോജനപ്പെടുത്തി ലക്ഷ്യത്തിലേക്ക് കുതിക്കും. ഈ സമയത്ത് ലക്ഷ്യത്തോട് അടുക്കുന്തോറും പോർമുനയുടെ വേഗം ഹൈപ്പർസോണിക് തലത്തിലേക്ക് ഉയരും.
എന്നാൽ, മിസൈൽപ്രതിരോധ സംവിധാനങ്ങൾക്ക് ഇവയുടെ സഞ്ചാരപാത കൃത്യമായി ഗണിച്ചെടുക്കാനാകും. ഒരിക്കൽ വിക്ഷേപിച്ച് കഴിഞ്ഞാൽ അതിൻ്റെ സഞ്ചാരപാതയിൽ മാറ്റം വരുത്താനാകില്ല എന്നതാണ് കാരണം. എന്നാൽ ക്രൂസ് മിസൈലുകളുടെ ഗണത്തിൽ പെടുന്നവയാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ള സൂപ്പർസോണിക്, ഹൈപ്പർസോണിക് ആയുധങ്ങൾ. ബ്രഹ്മോസ് ഒരു ഉദാഹരണം. ബാലിസ്റ്റിക് മിസൈലിനെ അപേക്ഷിച്ച് ഇത്തരം മിസൈലുകൾ ഭൂഗുരത്വത്തെ അതിജീവിച്ച് അതിൽ നിറച്ച ഇന്ധനം പ്രത്യേക എഞ്ചിൻ ഉപപയോഗിച്ച് ജ്വലിപ്പിച്ചാണ് സഞ്ചരിക്കുന്നത്. ലക്ഷ്യത്തിലെത്തുന്നതുവരെ അവയുടെ കാര്യത്തിൽ നിയന്ത്രണം സാധ്യമാണ്. അതിവേഗം സഞ്ചരിക്കുകയും ചെയ്യുന്നതിനാൽ ഇത്തരം ശബ്ദാതിവേഗ മിസൈലുകളെ കണ്ടെത്താനും പ്രതിരോധിക്കാനും അസാധ്യമെന്ന് വേണമെങ്കിൽ പറയാം. മാത്രമല്ല, ഇവയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യമൂലം ആദ്യം ഉദ്ദേശിച്ചതിൽ നിന്ന് വ്യത്യസ്തമായ ലക്ഷ്യത്തിലേക്ക് ഗതിമാറ്റിവിടാനും സാധിക്കും.
സൈനിക മേഖലയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. പരമ്പരാഗത ആയുധങ്ങൾക്ക് പുറമെ കൂടുതൽ അപ്രതിരോധ്യമായ ആയുധങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണത്തിലാണ് ലോകശക്തികൾ. ഇന്ത്യയും വളരുകയാണ്. അതിനനുസരിച്ച് നമുക്ക് ദക്ഷിണേഷ്യയിൽ മാത്രമല്ല, മുഴുവൻ ലോകത്തിനും സ്വന്തം താത്പര്യങ്ങളുണ്ട്. അങ്ങനെയുള്ള ഒരു രാജ്യം സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാനുതകുന്ന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുക തന്നെവേണം. പ്രത്യേകിച്ച് വിരുദ്ധ താത്പര്യങ്ങളുള്ളവർ തൊട്ടയൽപ്പക്കത്ത് തന്നെയുള്ളപ്പോൾ.
@ ഇന്ത്യ നാലാമത്തെ രാജ്യം
ലോകത്ത് ഹൈപ്പർസോണിക് മിസൈൽ സാങ്കേതിരകവിദ്യ സ്വയം വികസിപ്പിച്ചെടുത്ത് വിജയകരമാക്കിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവരാണ് നമ്മുടെ മുൻഗാമികൾ. ഇറാനും ഉത്തര കൊറിയയുമൊക്കെ ഇത്തരം സാങ്കേതികവിദ്യയുടെ പിറകെയാണ്. ലോകത്തിലേറ്റവും വേഗമേറിയ ഹൈപ്പർസോണിക് മിസൈൽ സ്വന്തമായുള്ളത് റഷ്യയ്ക്കാണ്. അവരുടെ അവങ്ഗാർഡ് എന്ന മിസൈലിന് ശബ്ദത്തേക്കാൾ 20 മടങ്ങാണ് വേഗം. മാത്രമല്ല 6000 കിലോമീറ്ററോളം ദൂരമാണ് ഇതിൻ്റെ പ്രഹര പരിധി. റഷ്യയുടെ അവങ്ഗാർഡിൻ്റെ പരിധിയിലാണ് യൂറോപ്പ് മുഴുവൻ. വേണ്ടിവന്നാൽ അലാസ്കയിലും പസഫിക്കിലെ അമേരിക്കൻ ബേസുകളും ആക്രമിക്കാനാകും. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ 2019 മുതൽ റഷ്യൻ സൈന്യത്തിൻ്റെ ഭാഗമാണ്.
റഷ്യയുടെ വൈരിയാണെങ്കിലും അമേരിക്കയ്ക്ക് അത്ര മോശമല്ല ഇക്കാര്യത്തിൽ. അവരുടെ പക്കൽ ഒന്നിലധികം ഹൈപ്പർസോണിക് മിസൈലുണ്ട്. അതിൽ മികച്ചത് എജിഎം-183എ എന്ന മിസൈലാണ്. ആണവായുധം വഹിക്കാമെന്നതിന് പുറമെ നിലവിലെ സംവിധാനങ്ങളുമായി കൂട്ടിച്ചേർത്ത് ഉപയോഗിക്കാമെന്നതാണ് അമേരിക്കൻ മിസൈലിൻ്റെ മേന്മ. 1000 കിലോമീറ്ററിലധികമാണ് പ്രഹര പരിധി. ശബ്ദത്തേക്കാൾ അഞ്ചു മുതൽ ആറ് മടങ്ങുവരെ വേഗത്തിൽ സഞ്ചരിക്കും. ചൈനയുടെ ഡിഎഫ്-ഇസഡ്എഫ് എന്ന മിസൈലിന് ശബ്ദത്തേക്കാൾ അഞ്ചുമുതൽ ആറ്മടങ്ങുവരെ വേഗത്തിൽ സഞ്ചരിക്കുന്ന ഐ മിസൈലും സമാന സ്വഭാവമുള്ളതാണ്.
ഇന്ത്യയാകട്ടെ അടുത്തിടെയാണ് അടിസ്ഥാന സൗകര്യങ്ങളൊക്കെ ഒരുക്കി മിസൈൽ വികസനം തുടങ്ങിയത്. 2024ൽ അത് പൂർത്തിയാകുകയും ചെയ്തു. റഷ്യയിലും ചൈനയിലും ഹൈപ്പർസോണിക് മിസൈലുകൾ സൈന്യത്തിന്റെ ഭാഗമാണ്. അമേരിക്ക കൂടുതൽ മിസൈലുകൾ വികസിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ സൈന്യത്തിൻ്റെ ഭാഗമായി പൂർണവിന്യാസം നടത്തിയിട്ടില്ല.
No comments:
Post a Comment