കൊല്ലം: നാട്ടിലെ എല്ലാ ചടങ്ങുകൾക്കും ശബ്ദവും വെളിച്ചവും നൽകി അലങ്കാരപ്പന്തലൊരുക്കിയവരുടെ ജീവിതത്തിലെ വെളിച്ചമാണ് കോവിഡ് മഹാമാരി ഊതിക്കെടുത്തിയത്. പന്തലും പാത്രവും വാടകയ്ക്ക് നൽകുന്ന ആയിരകണക്കിന് കടകൾ ജില്ലയിലുണ്ട്.
നാട്ടിലെ ഏത് ചടങ്ങുകൾക്കും ഇവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതായിരുന്നു.
ആഴ്ചയിൽ ചുരുങ്ങിയത് മൂന്ന് ചടങ്ങുകളെങ്കിലും കിട്ടിക്കൊണ്ടിരുന്ന ഇവർക്ക് ഒരുരൂപപോലും വരുമാനം ഇല്ലാതായിട്ട് മാസങ്ങളായി. നല്ല രീതിയിൽ ഒരു കടയും പന്തൽ വർക് നടത്തുന്ന കടകളും തുടങ്ങാൻ 20 ലക്ഷം രൂപയെങ്കിലും മുതൽമുടക്കുണ്ട്. കിടപ്പാടംവരെ പണയപ്പെടുത്തി വായ്പയെടുത്താണ് പലരും മുതൽമുടക്കിയത്. തിരിച്ചടവ് വൈകിയെന്ന അറിയിപ്പുമായി ബാങ്ക് നോട്ടീസുകൾ ഇവരെ തേടിയെത്താൻ തുടങ്ങി. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് അടിയന്തര സാമ്പത്തികസഹായം ലഭ്യമാക്കിയില്ലെങ്കിൽ ഭൂരിഭാഗം പേർക്കും ഇനി പിടിച്ചുനിൽക്കാനാവില്ല. സംസ്ഥാനത്ത് ഇതിനകം ഈ മേഖലയിലുള്ള 14 സംരംഭകരാണ് കടബാധ്യതയാൽ ആത്മഹത്യ ചെയ്തത്. സാധനങ്ങൾ സൂക്ഷിക്കാനും മറ്റുമായി രണ്ടും മൂന്നും മുറികൾ എടുത്ത ഇവർക്ക് വാടകയിനത്തിൽ പ്രതിമാസം നല്ലൊരു തുക ചെലവുണ്ട്. കൂടാതെ വിലപിടിപ്പുള്ള ലൈറ്റുകൾ, ശബ്ദസംവിധാനങ്ങൾ, അലങ്കാരങ്ങൾ എന്നിവ ഉപയോഗിക്കാതെ നശിച്ചുപോകുന്നതുനോക്കി പകച്ചുനിൽക്കാനേ ഇവർക്ക് കഴിയുന്നുള്ളൂ. ഓരോ കടയുമായി ബന്ധപ്പെട്ട് കുറഞ്ഞത് അഞ്ചുപേരെങ്കിലും ജോലിക്കാരായുണ്ട്. പണിയില്ലാതായതോടെ ഇവരുടെ കുടുംബങ്ങളും ദുരിതക്കയത്തിലാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ നടത്താൻ അനുവദിച്ചാൽ ചെറിയ ആശ്വാസമാകുമെന്നാണ് ഇവർ പറയുന്നത്. നിസ്സാരകാര്യങ്ങൾക്കുപോലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന പേരിൽ പിഴ ഈടാക്കുന്ന പോലീസ് നടപടിയും പന്തലുകാർക്ക് ബുദ്ധിമുട്ടാക്കുന്നു. കൊവിഡ് കാരണം ഒരു രൂപ വരുമാനമില്ലാതെ ഒന്നരവർഷത്തിലേറെയായി ദുരിതക്കയത്തിലായ പന്തൽ വർക്സ്ഉ ടമകൾക്കും തൊഴിലാളിൾക്കും ജീവിതം കരകയറാൻ സർക്കാരിന്റെ കൈത്താങ്ങ് വേണം.
@ ഒന്നര വർഷത്തോളമായി പന്തൽ ജോലി ചെയ്തിട്ട് ഏഴ് ജോലിക്കാർ ഒപ്പമുണ്ടായിരുന്നു എല്ലാവരും കൂലിപണിക്കും മറ്റും പോയി തുടങ്ങി. ജോലി ഇല്ലാതായതോടെ വാഹനത്തിൽ മറ്റ് കച്ചവടങ്ങൾ നടത്തുകയാണ് അമ്പലങ്ങളിലെ ഉത്സവവും കല്യാണവുമാണ് പ്രധാന വരുമാനമാർഗ്ഗം രാക്ഷ്ട്രീയ യോഗങ്ങളുടെ ജോലിക്ക് ലാഭം കിട്ടാറില്ല അവർ ഇപ്പോൾ അവഗണിക്കുകയാണ് ഭരിക്കുന്ന രാക്ഷ്ട്രീയ പാർട്ടിയുടെ നേതാക്കളുടെ മുന്നിൽ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയെങ്കിലും പരിഹാരമില്ല.
ആദ്യ ലോക്ക് ഡൗണിൽ തന്നെ കയറ്റി വച്ച സാധനങ്ങളാണ് പലതും നശിച്ചു പോയിരിക്കുന്നു കൊറോണ മാറി പഴയ അവസ്ഥയിലേക്ക് മാറിയാലും മുതൽമുടക്ക് ആവശ്യമാണ്. നിലവിൽ ബാങ്കിൽ ബാധ്യതയുണ്ട് പുതിയ സാധനങ്ങൾ വാങ്ങാൻ ഇനിയും ലോൺ എടുക്കണം ഇപ്പോൾ ഉള്ള ലോൺ അടച്ചു തീർക്കാൻ സാവകാശം നൽകാൻ സർക്കാർ ഇടപെടണം.
അസംഘടിത മേഖലയിലെ തൊഴിലാളികൾ ആയതിനാൽ സർക്കാർ വക സഹായവുമില്ല അടിയന്തിരമായി ഇ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ സഹായം കിട്ടാനുള്ള നടപടികൾ ഉണ്ടാവണം
എ.ഷീജ (അർജുൻ പന്തൽ വർക്സ് ചാത്തന്നൂർ)
No comments:
Post a Comment