Sunday, 26 September 2021

അത്ര നിസ്സാരമല്ല പണമിടപാട്

അത്ര നിസ്സാരമല്ല പണമിടപാട്



26Sep2021

ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുപയോഗിക്കുന്ന സി.ഡി.എം. യന്ത്രങ്ങൾ പണിമുടക്കാൻ ചെറിയ അശ്രദ്ധ മതി. ഉപഭോക്താക്കളുടെ അശ്രദ്ധമൂലം ജില്ലയിൽ എ.ടി.എം.-സി.ഡി.എം. കൗണ്ടറുകൾ ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന കാര്യത്തെക്കുറിച്ച്‌..ഡോൺ കെ. ഡൊമിനിക്‌

കാസർകോട്

: നഗരത്തിലെ ഒരു സി.ഡി.എം. കൗണ്ടറിൽ നടന്ന സംഭവമാണിത്. ഒരാൾ തന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനെത്തിയതാണ്. ഫോൺ വിളിച്ചുകൊണ്ടാണ് ഇടപാട്. അലക്ഷ്യമായി വാതിൽ തുറന്നെത്തിയ അദ്ദേഹം കാർഡുപയോഗിച്ച്‌ മെഷീനിൽ ഇടപാടുകൾ ആരംഭിച്ചു. പണം നിക്ഷേപിക്കാനുള്ള ട്രേ തുറന്നപ്പോൾ കീശയിലുണ്ടായിരുന്ന പണക്കെട്ടെടുത്ത് അതേപടി അതിലേക്കിട്ടു. പണം എത്രയുണ്ടെന്നോ പണത്തിന്റെ കൂടെ മറ്റെന്തെങ്കിലും അതിൽപ്പെട്ടുപോയോ എന്നൊന്നും നോക്കിയില്ല. േട്ര അടഞ്ഞു, അല്പസമയത്തിനുശേഷം യന്ത്രത്തിന്റെ പ്രവർത്തനവും സ്തംഭിച്ചു.

പണത്തിനൊപ്പം യന്ത്രത്തിനുള്ളിൽ അകപ്പെട്ട റബ്ബർബാൻഡാണ് തകരാറിനു കാരണം. അക്കൗണ്ടിലേക്ക് പണം കയറിയതുമില്ല. ഉടൻ പരാതിയുമായി ബാങ്കിലെത്തി. ബാങ്കിൽനിന്നുള്ള ആദ്യ ചോദ്യം എത്ര രൂപയാണ് താങ്കൾ നിക്ഷേപിച്ചത്. ഓർമയില്ലെന്നായിരുന്നു മറുപടി. ഒടുവിൽ സാങ്കേതിക വിദഗ്ധരെത്തി. യന്ത്രം തുറന്ന് അതുവരെയുണ്ടായിരുന്ന പണം മുഴുവൻ എണ്ണിത്തിട്ടപ്പെടുത്തി. ഇയാൾ വന്ന സമയംവരെ യന്ത്രത്തിലുണ്ടായിരുന്ന തുക കുറച്ചിട്ടാണ് അക്കൗണ്ടിലിട്ട തുക കണ്ടെത്താനായത്. വിദഗ്ധരെത്തുംവരെ കൗണ്ടർ അടച്ചിടേണ്ടിയും വന്നു.

കോവിഡിന്റെ കാലത്ത്‌ പണമിടപാടുകൾക്കായി നാം ബാങ്കിൽ നേരിട്ട് പോകുന്നത് കുറച്ചതും ഇടപാടുകൾ ഓൺലൈൻ വഴിയും എ.ടി.എം.-സി.ഡി.എം. യന്ത്രങ്ങളിലേക്ക് മാറ്റിയതും. എന്നാൽ, ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ അശ്രദ്ധ മാത്രം മതി ഇതിന്റെ പ്രവർത്തനം താറുമാറാക്കാൻ.

സി.ഡി.എം.-സി.ആർ.എം.

പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഉപയോഗിക്കുന്നതാണ് സി.ഡി.എം. അല്ലെങ്കിൽ സി.ആർ.എം. യന്ത്രങ്ങൾ. സി.ആർ.എം. യന്ത്രങ്ങളിൽ (കാഷ് റീസൈക്ലിങ് മെഷീൻ) ഉപഭോക്താവ് നിക്ഷേപിച്ച നോട്ടുകൾതന്നെ എ.ടി.എം. വഴി നൽകാനും കഴിയും.

എന്നാൽ, ജില്ലയിലെ മിക്ക സി.ഡി.എം. യന്ത്രങ്ങളും പലപ്പോഴും അടഞ്ഞു കിടക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. സി.ഡി.എം. മാത്രമുള്ള കൗണ്ടറുകളിൽ പണം പിൻവലിക്കാനെത്തുന്നവരാണ് ഇതുമൂലം കൂടുതൽ ദുരിതമനുഭവിക്കുന്നത്.

കൂടുതലായും വൈദ്യുതിമുടക്കം, നെറ്റ് വർക്ക് തകരാർ, പണം ഇല്ലായ്മ എന്നീ കാരണങ്ങളാലാണ് എ.ടി.എം. കൗണ്ടറുകൾ അടഞ്ഞുകിടക്കേണ്ടി വരിക. എന്നാൽ, സി.ഡി.എം. കൗണ്ടറുകൾ കൂടുതലും അടഞ്ഞുകിടക്കാൻ കാരണം ഉപഭോക്താക്കളുടെ അശ്രദ്ധയാണെന്നാണ് ബാങ്കധികൃതർ ചൂണ്ടിക്കാട്ടുന്നത്.

നിക്ഷേപിക്കുന്ന നോട്ടുകളോടൊപ്പം മറ്റെന്തെങ്കിലും ഇതിൽ കുടുങ്ങുന്നതാണ് പ്രധാന കാരണം. ഇത്തരത്തിൽ തകരാറിലായ സി.ഡി.എം. മെഷീനുകൾക്കുള്ളിൽ നിന്നും റബ്ബർ ബാൻഡ്, നോട്ട് കെട്ടാനുപയോഗിക്കുന്ന റിബ്ബൺ, പേപ്പർ പിൻ, നാണയത്തുട്ടുകൾ, സിം കാർഡ്, മെമ്മറികാർഡ്, വിസിറ്റിങ് കാർഡ് തുടങ്ങിയ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ബാങ്കധികൃതർ പറയുന്നത്. യന്ത്രത്തിലുണ്ടായ തകരാർ കൂടുതൽ സങ്കീർണമാകാതിരിക്കാനാണ് അധികൃതർ കൗണ്ടർ അടച്ചിടുന്നത്.

സി.ഡി.എം. യന്ത്രം വഴി പണം നിക്ഷേപിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. അശ്രദ്ധമായി നോട്ടുകൾ നിക്ഷേപിക്കുമ്പോൾ യന്ത്രം തകരാറിലാകാനോ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം മുഴുവനായി കയറാതിരിക്കാനോ സാധ്യതയുണ്ട്.

യന്ത്രങ്ങൾക്കുള്ളിൽ ഒാരോ നോട്ടിനുമായി സജ്ജീകരിച്ചിരിക്കുന്ന കാസറ്റുകളിൽനിന്ന്‌ (ട്രേ) ഒരു റബ്ബർ ബെൽറ്റുവഴിയാണ് പണം നല്കുകയും സ്വീകരിക്കുകയും ചെയ്യുന്നത്. ഇതിൽ മറ്റെന്തെങ്കിലും വസ്തു കുടുങ്ങിയാൽ പെ​െട്ടന്ന് തകരാറിലാവുമെന്നും ഇത് പരിഹരിക്കുന്നത് െചലവേറിയ കാര്യമാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു.

ശ്രദ്ധിക്കാം...ഈ കാര്യങ്ങൾ

എ.ടി.എം. കൗണ്ടറുകളിൽ ബാങ്ക് പ്രദർശിപ്പിച്ചിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കണം.

ഓരോ സി.ഡി.എം. യന്ത്രങ്ങളും സ്വീകരിക്കുന്ന നോട്ടുകളുടെ വിവരങ്ങൾ മനസ്സിലാക്കി മാത്രം പണം നിക്ഷേപിക്കുക.

നിങ്ങൾ നിക്ഷേപിക്കുന്ന തുക എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്തുകയും അതിൽ 100, 200, 500, 2000 തുടങ്ങിയ എത്ര നോട്ടുകളുണ്ടെന്നും എണ്ണണം.

നനവുള്ളത്, പഴകിയത്, മുറിഞ്ഞുപോകാൻ സാധ്യതയുള്ള നോട്ടുകൾ നിക്ഷേപിക്കാതിരിക്കുക.

അക്കൗണ്ട് നമ്പർ ഉപയോഗിച്ചോ എ.ടി.എം. കാർഡ് ഉപയോഗിച്ചോ പണം നിക്ഷേപിക്കാനാവും. ട്രേ തുറക്കുമ്പോൾ എണ്ണിത്തിട്ടപ്പെടുത്തിയ നോട്ടുകൾ നിവർത്തി മാത്രം നിക്ഷേപിക്കുക.

നോട്ടുകളോടൊപ്പം മറ്റു വസ്തുക്കൾ ഒന്നും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

പാൻകാർഡുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടിലേക്ക് 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കാനാവില്ല.

എൻ.ആർ.ഇ. അക്കൗണ്ടിലേക്ക് സി.ഡി.എം. ഉപയോഗിച്ച് നാട്ടിൽനിന്ന്‌ പണം നിക്ഷേപിക്കാനാവില്ല. അങ്ങനെ ചെയ്താൽ യന്ത്രം പണിമുടക്കും.

പഴകിയതും തകരാറിലായതുമായ കാർഡ് ഉപയോഗിക്കാതിരിക്കുക. ഇത്തരം കാർഡുകൾ യന്ത്രത്തിന്റെ സെൻസറുകൾ തകരാറിലാക്കാൻ സാധ്യതയുണ്ട്.

എടുക്കാതെ തിരികെ നല്കുന്ന നോട്ടുകൾ വീണ്ടും നിക്ഷേപിക്കാൻ ശ്രമിച്ചാലും യന്ത്രം തകരാറിലാവും.

No comments:

Post a Comment