Sunday, 12 September 2021

ആയിരം കൈകൾക്ക് ചോദിക്കാനുണ്ട് ഞങ്ങൾ ചെയ്തത് എവിടെ

ആയിരം കൈകൾക്ക് ചോദിക്കാനുണ്ട് ഞങ്ങൾ ചെയ്തത് എവിടെ



12Sep2021മാലിന്യം നിറഞ്ഞൊഴുകുന്ന പള്ളിക്കലാറിന്റെ ഭാഗമായ അടൂർ വലിയതോട്. നെല്ലിമൂട്ടിൽപടിയിലെ അവസ്ഥ

2017-ൽ ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളും അടൂർ നഗരസഭയുടെയും നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വലിയ ജനപങ്കാളിത്തമായിരുന്നു അന്ന് ലഭിച്ചത്. കുടുംബശ്രീ, തൊഴിലുറപ്പ്, സന്നദ്ധസംഘടനകൾ, രാഷ്ട്രീയ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ, വ്യാപാരികൾ, യുവജന സംഘടനകളടക്കം ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. സർക്കാർതലത്തിൽനിന്നുപോലും ഈ പ്രവർത്തനത്തിന് പ്രത്യേക പ്രശംസ ലഭിച്ചു.

സർവേ

പള്ളിക്കലാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തോട് കൈയേറ്റം കണ്ടുപിടിക്കുന്നതിന് റീസർവേ നടന്നിരുന്നു. ആറ് സർവേയർമാരെയാണ് റവന്യൂ വകുപ്പ് നിയോഗിച്ചത്. എവിടെയൊക്കെയോ ചിലത് അളന്ന് കല്ലിട്ടു. പക്ഷേ, നടപടികൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പിന് സാധിച്ചില്ല.

ഇതോടെ അളന്നിട്ട കല്ലുകൾ ഒന്നുംതന്നെ ഇപ്പോൾ ഇവിടെയില്ല. അതിർത്തി തിട്ടപ്പെടുത്തി കൈയേറ്റം കണ്ടെത്തിയ ഭാഗങ്ങൾ ഒഴിപ്പിക്കാൻ അധികൃതർ കാലതാമസം വരുത്തിയതോടെയാണ് കല്ലുകൾ അപ്രത്യക്ഷമായത്. അടൂർ ടൗൺമുതൽ നെല്ലിമൂട്ടിൽപടിവരെ വ്യാപകമായ കൈയേറ്റമാണുള്ളത്‌.

അന്ന്

പള്ളിക്കലാറിന്റെ ഉത്ഭവസ്ഥലമായ ഏഴംകുളം പുതുമല ഊട്ടിമുട്ടിൽനിന്നാരംഭിച്ച ശുചീകരണം പള്ളിക്കൽ പഞ്ചായത്തിലെ ആനയടി ഭാഗംവരെയാണ് നടന്നത്. അടൂർ വലിയതോട് ശുചീകരിച്ചാണ് തുടക്കംകുറിച്ചത്. മണ്ണുമാന്തിയന്ത്രവും മറ്റു യന്ത്രസാമഗ്രികളും ശുചീകരണത്തിനായി ഉപയോഗിച്ചു. ആദ്യഘട്ടത്തിൽത്തന്നെ ആറിന്റെ മുഖച്ഛായ മാറി. അറവുമാലിന്യംമുതൽ കക്കൂസ് മാലിന്യംവരെ ഒഴികിയിരുന്ന പള്ളിക്കലാർ വൃത്തിയാക്കാനിറങ്ങിയ പലർക്കും അന്ന് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾവരെ ഉണ്ടായി. പക്ഷേ, ആ പ്രശ്നങ്ങളെയൊക്കെ അതിജീവിച്ച് ശുചീകരണം പൂർത്തിയാക്കി.

ഇന്ന്

പഴയതിനേക്കാൾ ഗുരുതരമായ അവസ്ഥയിലാണ് ഇന്ന് പള്ളിക്കലാർ. മാലിന്യം വീണ്ടും ആറിനെ കൈയടക്കി. പഞ്ചായത്തുകളും നഗരസഭയും ആദ്യം കാണിച്ച ആവേശം പിന്നീട് കാണിച്ചില്ല. അടൂർ നഗരത്തിലൂടെ പോകുന്ന വലിയതോട്ടിൽ വൻതോതിൽ മാലിന്യം അടിഞ്ഞുകിടക്കുകയാണ്. മണക്കാല, നെല്ലിമുകൾ, മുണ്ടപ്പള്ളി ഭാഗങ്ങളിലും മാലിന്യം അടിഞ്ഞുകൂടി.

അടൂർ നഗരത്തിൽ ഭക്ഷണശാലകൾ കൂടുംതോറും തോട്ടിൽ ഭക്ഷണമാലിന്യം നിറയുകയാണ്. അറവുമാലിന്യം തള്ളുന്നതിൽ ഏറെ മുന്നിലാണ് അടൂർ വലിയതോട്

No comments:

Post a Comment