വൃത്തിയാക്കിയ ഇടങ്ങള്‍ വീണ്ടും കാടുമൂടി ബൈപ്പാസിലെ പച്ചക്കറിക്കൃഷി പാളി
കോര്‍പ്പറേഷന്‍ പച്ചക്കറിക്കൃഷിക്കായി വൃത്തിയാക്കിയ നീരാവില്‍ പാലത്തിന്റെ സമീപപ്രദേശം കാടുമൂടിയനിലയില്‍
കൊല്ലം : ബൈപ്പാസിന്റെ ഇരുവശവും പച്ചക്കറിക്കൃഷി ചെയ്യാനുള്ള കോർപ്പറേഷന്റെ പദ്ധതി അവതാളത്തിൽ. പച്ചക്കറിക്കൃഷി ആരംഭിക്കാനായി വൃത്തിയാക്കിയ ബൈപ്പാസ് വശങ്ങൾ മുഴുവനും വീണ്ടും കാടുമൂടി. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിപ്രകാരം വിളവെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മേവറംമുതൽ കാവനാടുവരെ ബൈപ്പാസിന്റെ ഇരുവശങ്ങളിൽ കൃഷി ചെയ്യാൻ തീരുമാനിച്ചത്. കഴിഞ്ഞ ജൂലായ് 25-നായിരുന്നു കൃഷിക്കായി ബൈപ്പാസിന്റെ വശങ്ങൾ വൃത്തിയാക്കാൻ ആരംഭിച്ചത്. ദിവസങ്ങൾകൊണ്ടു വൃത്തിയാക്കി വിത്തുകൾ പാകാനായിരുന്നു തീരുമാനം. കൂടുതൽ ഭാഗങ്ങളും വൃത്തിയാക്കാതെ അവശേഷിച്ചു.
പന്ത്രണ്ടു ഡിവിഷനുകളിലായി വരുന്ന 13.5 കിലോമീറ്റർ ദൂരമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികളുടെയും തൊഴിലുറപ്പുതൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു വൃത്തിയാക്കൽ. ഹ്രസ്വകാലയളവിൽ വിളവെടുക്കാൻ കഴിയുന്ന പച്ചക്കറികളും വാഴക്കന്നുകളും നടാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, അയത്തിൽ, കല്ലുംതാഴം തുടങ്ങിയ ഇടങ്ങളിൽ കുറച്ചു സ്ഥലത്തുമാത്രമേ കൃഷി നടന്നുള്ളൂ. ബൈപ്പാസ് മുഴുവൻ വൃത്തിയാക്കാനും കഴിഞ്ഞില്ല.
ഓരോ ഡിവിഷന്റെയും പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ തൊഴിലുറപ്പുതൊഴിലാളികളും കോർപ്പറേഷൻ ആരോഗ്യവിഭാഗവും കൗൺസിലർമാരും ചേർന്നാണ് കൃഷിമേൽനോട്ടം തീരുമാനിച്ചിരുന്നത്. കൃഷിക്കായി വൃത്തിയാക്കിയ ബൈപ്പാസിന്റെ ഇരുവശവും വീണ്ടും പഴയപടിയായി. മാലിന്യംനിറഞ്ഞ് കാടുമൂടിയ അവസ്ഥയിലായി. പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വീണ്ടും അവിടം കൈയടക്കി. ഇതുമൂലം തെരുവുനായശല്യവും രൂക്ഷമാണ്. കൃഷി ആരംഭിക്കണമെങ്കിൽ വൃത്തിയാക്കുന്നതിന് വീണ്ടും ദിവസങ്ങളോളം പണിപ്പെടേണ്ടിവരും
No comments:
Post a Comment