'ഫോണിലൂടെ അടിച്ച' ആറ് കോടി കമ്മീഷന്‍ 51 ലക്ഷം, പിന്നാലെ സ്മിജയ്ക്ക് കോടീശ്വരന്റെ വക സമ്മാനവും
രാജഗിരി ആശുപത്രിക്ക് മുന്നിലാണ് സ്മിജ മോഹനൻ ലോട്ടറി വിറ്റിരുന്നത്. അന്ന് വിറ്റ് പോകാതിരുന്ന ടിക്കറ്റുകൾ പലരെയും ഫോണിൽ വിളിച്ച് വേണോ എന്ന് അന്വേഷിച്ച കൂട്ടത്തിലാണ് തന്റെ പക്കൽ നിന്നും സ്ഥിരമായി ലോട്ടറിയെടുക്കുന്ന ചന്ദ്രനേയും സ്മിജ വിളിച്ചത്. ഒടുവിൽ ടിക്കറ്റ് പറഞ്ഞുറപ്പിച്ച് മാറ്റിവെക്കുകയും ടിക്കറ്റിന്റെ ഫോട്ടോ വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു. ടിക്കറ്റിന്റെ പണം അടുത്ത ദിവസം നൽകാമെന്നാണ് പറഞ്ഞിരുന്നത്. ഒടുവിൽ ബംപറടിച്ചതാകട്ടെ ചന്ദ്രൻ പറഞ്ഞുറപ്പിച്ച് മാറ്റിവെച്ച ആ ടിക്കറ്റിനും. സ്മിജയും ഭർത്താവും ചേർന്ന് ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.
'എനിക്ക് ഒരു പൈസയും വേണ്ടെന്നാണ് സ്മിജ ആദ്യം മുതൽ പറഞ്ഞത്. ഞാൻ സ്മിജയോട് അക്കൗണ്ട് നമ്പർ തരാൻ പറഞ്ഞിരുന്നു. പക്ഷേ സ്മിജ നമ്പർ തന്നില്ല. 'പണമൊന്നും വേണ്ട ഞാൻ ഒരു കച്ചവടമാണ് ചെയ്യുന്നത്. അതിന്റെ പണം എനിക്ക് കിട്ടി. ബാക്കി എനിക്കുള്ളത് ദൈവം അപ്പുറത്ത് തന്നിട്ടുണ്ട്.- ഇതായിരുന്നു സ്മിജ എന്നോട് പറഞ്ഞത്. പക്ഷേ സ്മിജയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം കൊടുക്കുകയായിരുന്നു. കൈയിൽ കൊടുത്തിട്ട് വാങ്ങാത്തതുകൊണ്ട് വണ്ടിയിൽ വെച്ച് കൊടുക്കുകയായിരുന്നു. ആഗസ്റ്റിൽ സമ്മാനതുക ലഭിച്ചെങ്കിലും ഞങ്ങളെല്ലാവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അതാണ് ഇത്രയും വൈകിയത്', ചന്ദ്രൻ പറയുന്നു.
'ചന്ദ്രൻ ചേട്ടന് ആഗസ്റ്റിൽ പണം കിട്ടിയിരുന്നു. ഇന്നലെ വീട്ടിലേക്ക് വിളിച്ചിരുന്നു. അങ്ങനെ പോയപ്പോഴാണ് ഒരു ലക്ഷം രൂപ തന്നത്. ഇന്ന് കാലത്ത് അത് ട്രഷറിയിൽ കൊണ്ടുപോയി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ചന്ദ്രൻ ചേട്ടൻ എനിക്ക് എന്താണ് തന്നതെന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അതുകൊണ്ടാണ് ഈ തുക അദ്ദേഹം തന്ന കാര്യം ഇപ്പോൾ എല്ലാവരോടും പറയുന്നത്. പണമൊന്നും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ഇത് തരുകയായിരുന്നു', സ്മിജ പറഞ്ഞു.
പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് സ്മിജ ടിക്കറ്റ് എടുത്ത് വില്പന നടത്തുന്നത്.
No comments:
Post a Comment