Sunday, 12 September 2021

ഈ തുകയ്ക്ക് വീട് തീരില്ല പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് ഇനിയും കിടപ്പാടമായില്ല

ഈ തുകയ്ക്ക് വീട് തീരില്ല പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് ഇനിയും കിടപ്പാടമായില്ല


12Sep2021നിർമാണം പൂർത്തീകരിക്കാത്ത വീട് കാടുകയറിയ നിലയിൽ

ചെറുതോണി: മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങൾക്ക് സർക്കാർ മണിയാറൻകുടിയിൽ സ്ഥലം നൽകി. വീട് വെക്കാൻ ഒരുകുടുംബത്തിന് നാലുലക്ഷം രൂപയും. എന്നാൽ, വീട് പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞില്ല. നല്ലൊരുവഴിയില്ലാത്ത പ്രദേശത്തേക്ക് നിർമാണ സാമഗ്രികൾ എത്തിക്കാൻ പോലും വൻ തുക ചെലവാകുമ്പോൾ ഈ തുകയ്ക്ക് ഇവർ എങ്ങനെ വീട് പൂർത്തിയാക്കും. പകുതിയിൽ നിർമാണം നിലച്ച വീടുകളിൽ കാടുകയറി തുടങ്ങി.

മഹാപ്രളയമുണ്ടായി മൂന്നുവർഷം കഴിഞ്ഞിട്ടും ഈ പാവങ്ങൾ പെരുവഴിയിലാണ്. കൂടുതൽ തുക അനുവദിച്ച് വീട് പൂർത്തിയാക്കാൻ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ജീവിതം ദുരിതത്തിലാണ്

-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട വിവിധ മേഖലയിൽ നിന്നുള്ള 20 കുടുംബങ്ങളാണ് ഇപ്പോഴും ദുരിതജീവിതം നയിക്കുന്നത്. ഇവർ വാഴത്തോപ്പിൽ വൈദ്യുതിവകുപ്പിന്റെ ഒഴിഞ്ഞ് കിടക്കുന്ന ക്വാർട്ടേഴ്സുകളിലായിരുന്നു താമസിച്ചിരുന്നത്. ക്വാർട്ടേഴ്സുകൾ ഒഴിയണമെന്ന് വൈദ്യുതി വകുപ്പു നോട്ടീസ് നൽകിയതോടെ ഇവർ പ്രതിസന്ധിയിലായി.

അപ്പോഴാണ് ഇവർക്ക് വീട് െവയ്ക്കുന്നതിനായി സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലം സർക്കാരിന് കൈമാറിയത്. സ്ഥലം സർക്കാരിന് കിട്ടിയതോടെ നാല് ലക്ഷം രൂപ വീതം എല്ലാ കുടുംബങ്ങൾക്കും വീട് െവയ്ക്കുന്നതിനായി അനുവദിച്ചു. എന്നാൽ വീട് നിർമാണത്തിന് സാധനങ്ങൾ എത്തിക്കുന്നതിന് നല്ലൊരു റോഡുപോലുമില്ലാതെ വന്നതോടെ അനുവദിച്ച് കിട്ടിയ തുകയ്ക്ക് വീടിന്റെ പകുതി പൂർത്തിയാക്കാനേ കഴിഞ്ഞുള്ളു. സിമന്റ്, കമ്പി തുടങ്ങിയവയുടെ വിലവർധനവും, മെറ്റൽ, മണൽ തുടങ്ങിയവയുടെ ദൗർലഭ്യതയും തിരിച്ചടിയായതോടെ വീടുകളുടെയും നിർമാണം പാതിവഴിയിൽ നിലയ്ക്കാൻ മറ്റൊരു കാരണമായി.

സർക്കാർ അനുവദിക്കുന്ന തുകയ്ക്കുള്ള സ്ഥലമല്ല കിട്ടിയതെന്നാക്ഷേപം

പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാരിൽനിന്നും ആറുലക്ഷംരൂപ സ്ഥലം വാങ്ങുന്നതിനും നാലുലക്ഷംരൂപ വീട് െവയ്ക്കുന്നതിനുമായിട്ടാണ് അനുവദിക്കുന്നത്. ഇതിൽ മണിയാറൻകുടിയിൽ ഇവർക്ക് നൽകിയ ഭൂമിക്ക്‌ ആറുലക്ഷംരൂപയുടെ മതിപ്പില്ലെന്ന് കുടുംബങ്ങൾ പറയുന്നു. മൂല്യം കുറഞ്ഞ സ്ഥലം നൽകിയതിനാൽ വീട് നിർമിക്കുന്നതിന് കുറച്ച് തുകകൂടി അനുവദിച്ചാൽ നനയാതെ കയറിക്കിടക്കാൻ ഒരുവീട് ഒരുക്കാനാകുമെന്ന് ഇവർ പറയുന്നു.

നിർമാണം പാതിവഴിയിലായ വീടുകൾ കാടുകയറിയ നിലയിലാണ്. കൂടാതെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണ്.

നല്ലൊരു റോഡുണ്ടെങ്കിൽ കടംമേടിച്ചും വീട് പണിയും

വീടുകൾ പണിയുന്നതിന് അനുവദിച്ചിരുന്ന സ്ഥലത്തേയ്ക്ക് വണ്ടികൾ കയറിവരുന്ന റോഡ് നിർമിച്ചാൽ കടം മേടിച്ചും വീട് പണിയാൻ ഒരുക്കമാണ് ഇവിടെയുള്ളവർ. അധികൃതരിൽനിന്നും കടുത്ത അവഗണന നേടിരുന്നതായും ഇവർ പറയുന്നു. തങ്ങളുടെ പ്രശ്നങ്ങളിൽ അടിയന്തരമായി അധികാരികൾ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം

No comments:

Post a Comment