Sunday, 12 September 2021

ആരാണ് ഭൂപേന്ദ്ര പട്ടേല്‍, എന്തുകൊണ്ട് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലേക്ക്?

പ്രതീക്ഷിതമായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിപദത്തിൽനിന്നുള്ള വിജയ് രൂപാണിയുടെ രാജിപ്രഖ്യാപനം. അതും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഒരുകൊല്ലം മാത്രം ബാക്കിനിൽക്കേയുള്ള രാജി. ആരാകും അടുത്ത ഗുജറാത്ത് മുഖ്യമന്ത്രിയെന്ന ചോദ്യമായിരുന്നു പിന്നീട് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നുകേട്ടത്.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പേരുവരെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാർത്തകൾ വന്നു. എന്നാൽ ഞായറാഴ്ച വൈകിട്ട് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു-ഭൂപേന്ദ്ര പട്ടേൽ. ആരാണ് ഭൂപേന്ദ്ര പട്ടേൽ? എം.എൽ.എയായ ആദ്യ ടേമിൽത്തന്നെ ഗുജറാത്ത് മുഖ്യമന്ത്രിപദം അദ്ദേഹത്തെ തേടിയെത്തിയത് എന്തുകൊണ്ട്?

59-കാരനായ ഭൂപേന്ദ്ര പട്ടേൽ, കട്വ പട്ടീദാർ സമുദായാംഗമാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർദാർ ധാം, വിശ്വ ഉമിയ ഫൗണ്ടേഷൻ എന്നീ പട്ടീദാർ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. സ്വാധീനശക്തിയും നിർണായക രാഷ്ട്രീയശക്തിയുമുള്ളതാണ് പാട്ടീദാർ സമുദായം. ഗുജറാത്തിൽ ബി.ജെ.പിക്ക് തുടർച്ചയായ വിജയം സമ്മാനിക്കുന്നതിൽ ഈ സമുദായത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഘട്ലോദിയ മണ്ഡലത്തെയാണ് ഭൂപേന്ദ്ര പട്ടേൽ പ്രതിനിധീകരിക്കുന്നത്. ഗുജറാത്ത് മുൻമുഖ്യമന്ത്രിയും ഘട്ലോദിയ മണ്ഡലത്തിലെ എം.എൽ.എയുമായിരുന്ന ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തനായിരുന്നു ഭൂപേന്ദ്ര പട്ടേൽ. 2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്.

1999-2000 കാലത്ത് മേംനഗഗർ മുൻസിപ്പാലിറ്റി അധ്യക്ഷനായിരുന്നു. 2008-10 വർഷങ്ങളിൽ എ.എം.സി. സ്കൂൾ ബോർഡ് വൈസ് ചെയർമാനുമായിരുന്നു. 2010-15-ൽ തൽതേജ് വാർഡിൽനിന്നുള്ള കൗൺസിലറായിരുന്നു അദ്ദേഹം. സിവിൽ എൻജിനീയറിങ്ങിൽ ഭൂപേന്ദ്ര പട്ടേൽ ഡിപ്ലോമ നേടിയിട്ടുണ്ട്.

രൂപാണിയുടെ സ്ഥാനമൊഴിയലിനു പിന്നാലെ പുതിയ മുഖ്യമന്ത്രിയായി പട്ടീദാർ സമുദായാംഗത്തെ ബി.ജെ.പി. തിരഞ്ഞെടുക്കുമെന്ന് ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, പ്രഫുൽ പട്ടേൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം

No comments:

Post a Comment