പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം
പരവൂർ : പരവൂരിൽ സബ്ട്രഷറി കെട്ടിടം നിർമിക്കാൻ പണമനുവദിച്ച് വർഷങ്ങൾ
കഴിഞ്ഞിട്ടും കെട്ടിടംപണി തുടങ്ങിയില്ല. പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന വ്യാപാരസമുച്ചയത്തിൽ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നൽകേണ്ടത്. മൂന്നേകാൽക്കോടിയാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാൽ, വ്യാപാരസമുച്ചയ നിർമാണത്തിന് തറകല്ലിട്ട് പോയതല്ലാതെ പ്രാഥമികനടപടികൾപോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമീപപ്രദേശങ്ങളിൽ ട്രഷറി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
മാർക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സബ്ട്രഷറിയുള്ളത്. പരിമിതമായ സൗകര്യങ്ങളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെൻഷൻകാർ പടികയറി രണ്ടാംനിലയിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. കടത്തിണ്ണയിലും റോഡരികിലും കാത്തുനിൽക്കേണ്ടിവരും. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിർമിക്കണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷൻകാരുടെ വിവിധ സംഘടനകൾ പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നൽകിയിരുന്നു.
വ്യാപാരസമുച്ചയം നിർമിക്കാൻ ഒൻപതുകോടിയാണ് ചെലവുവരുന്നത്. ഇതിൽ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് നഗരസഭ
തീരുമാനിച്ചിരുന്നത്. തീരുമാനം കൈകൊണ്ട ഭരണസമിതി മാറിവന്ന ഭരണസമിതിയും ഫയൽ അനക്കിയില്ല ഇപ്പോൾ വന്ന പുതിയ ഭരണസമിതിയിലാണ് ജനങ്ങളുടെ പ്രതീഷ.
ഫോട്ടോ : പരവൂരിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫീസ്
No comments:
Post a Comment