ഭീതി വിതച്ച് ബൈക്കുകളുടെ കൊലവിളിയോട്ടം
പരവൂർ : രാത്രി യാത്രകൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി
പരവൂരിൽ
ബൈക്ക് റേസിങ്ങ് സംഘങ്ങളുടെ
കൊലവിളിയോട്ടം കർശനനടപടി എടുക്കാതെ അധികൃതർ. ഹെൽമറ്റ് ധരിക്കാതെയും വേഗപരിധി ലംഘിച്ചും
മൂന്നും നാലും പേർ ഒരുമിച്ചുമൊക്കെയുള്ള യാത്ര പരവൂരിൽ പതിവു കാഴ്ചയായി മാറുന്നു.
തിരക്കേറിയ റോഡുകളിലും തീരദേശ റോഡിലും വീതി തീരെയില്ലാത്ത നഗര റോഡിലും ഗതാഗത നിയമങ്ങൾ ബാധകമല്ലാത്തവിധം അമിതവേഗത്തിലാണ് യുവാക്കൾ ബൈക്കുകൾ ഇരമ്പിപ്പായിക്കുന്നത്.
ഒരു ബൈക്കിൽ മൂന്നും നാലും പേർ കയറി വൻ ആരവത്തോടെ ഓടിച്ചുപോകുന്നതാണ് പതിവ്. പലപ്പോഴും ഇത്തരം ബൈക്ക് യാത്രക്കാർ നഗരത്തിലുണ്ടാക്കുന്ന അപകടങ്ങൾ ഏറെയാണ്.
നേരത്തേ പോലീസ് ഇടപെട്ട് ഇത്തരക്കാരെയും അവരോടിച്ചിരുന്ന ബൈക്കുകളും കൈയോടെ പിടികൂടി കേസെടുക്കുകയും വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി പത്ത് മണി
മുതൽ പുലർച്ചെ വരെ
പരവൂർ -കാപ്പിൽ തീരദേശ റോഡ്, പാരിപ്പള്ളി -പരവൂർ റോഡ്, പൊഴിക്കര -പരവൂർ റോഡ്, ചാത്തന്നൂർ -പരവൂർ
തുടങ്ങിയ
റോഡുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ അപകടകരമായി ബൈക്കുകളിൽ പാഞ്ഞ് നടക്കുകയാണ് സംഘങ്ങൾ സജീവമായിരിക്കുന്നത്.
ഇതിനൊപ്പം റോഡിൽ അഭ്യാസ പ്രകടനങ്ങളും നടത്താറുണ്ട് തീരദേശ റോഡിൽ അഭ്യാസപ്രവർത്തനങ്ങൾ നടത്തിയ സംഘങ്ങളാണ് ഇപ്പോൾ
നഗര റോഡുകൾ കയ്യടക്കിയത്.
പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രാത്രി റേസിങ് സംഘങ്ങൾ കൂടുതലും. പൊലീസ് വാഹനങ്ങൾ എത്തിയാൽ താൽക്കാലികമായി പിൻവലിയും. മിനിറ്റുകൾക്കകം വീണ്ടും സജീവമാകും. ലക്ഷങ്ങൾ വില വരുന്ന ബൈക്കുകളിലാണ് അഭ്യാസം. പിഴയിട്ടാലും ഉടൻ അടച്ച് വാഹനവുമായി വീണ്ടും റോഡിൽ അഭ്യാസം നടത്തും.
സ്കൂൾ- കോളജ് പരിസരങ്ങളിൽ വില കൂടിയ ബൈക്കുകളിൽ അമിതവേഗത്തിലും അപകടകരവുമായ രീതിയിലും സഞ്ചരിക്കുന്ന സംഘങ്ങളും പരവൂരിൽ ഉണ്ട്.അടിയന്തിരമായി പരവൂർ പോലീസ് ഇടപെടൽ നടത്തി ബൈക്ക് അഭ്യാസികളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
No comments:
Post a Comment