Wednesday, 3 July 2024

വള്ളിയുടെ ശ്രീമുരുകനുമായുള്ള വിവാഹം

#വള്ളിയുടെ ശ്രീമുരുകനുമായുള്ള വിവാഹം :

 ദേവന്മാരുടെ സേനാനായകന്റെ ഗാന്ധർവ്വ വിധിപ്രകാരം വിവാഹം കഴിച്ച ഭാര്യ ദേവസേനയാണ്. ദേവ സേനയുടെ നായകൻ എന്നത് അദ്ദേഹത്തിന്റെ "പ്രെഫഷൻ" കൂടിയാകുമ്പോൾ നമ്മളിൽ പലരും ജീവിതത്തിൽ പലപ്രാവശ്യം കേട്ടിട്ടുള്ളതു തന്നെയാണ് സ്വന്തം ഉത്തരവാദിത്തത്തെ അഥവാ "പ്രെഫഷനെ" ഭാര്യയെപ്പോലെ സ്നേഹിയ്ക്കുന്നവരുടെ ഈ ഡയലോഗ്ഗ്. എന്തായാലും ആ രീതിയിൽ ചിന്തിച്ചാൽക്കൂടി ദേവസേന അദ്ദേഹത്തിന്റെ ഭാര്യയാണ്. ഇത് ഒരു സാധാരണക്കാരന്റെ ചിന്തമാത്രം... ദേവസേന ആരെന്ന് നാം ആദ്യമേ ആരെന്നും നാം പറഞ്ഞതാണ്. അതു പോലെ വള്ളിയും.... എന്തായാലും കുറച്ചുകൂടി വിശദമായി ഒന്നു പരിശോധിയ്ക്കാം.

എന്നാൽ പ്രാണന്റെ ഈശ്വരി അഥവാ പ്രാണേശ്വരിമാർ ഇഡയും പിംഗളയുമാനെന്ന സത്യം അത് പഠിച്ചിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണ്. ഒരു വശത്ത് ഇഡയെയും മറുവശത്ത് പിംഗളയേയും മാറി പ്രണയിക്കുന്ന പ്രാണൻ രണ്ടു പേരേയും ഒരു പോലെ കൊണ്ടുവരുവാൻ ശീലിച്ചാൽ ഭൗതികതയ്ക്കപുറമുള്ള ഒരു ആത്മസുഖത്തിലേയ്ക്ക് എത്തുവാനാകും എന്നതും നമ്മൾ അറിഞ്ഞിരിയ്ക്കേണ്ട സത്യം തന്നെയാണ്. അത് പ്രാണായാമത്തിന്റെ അടിസ്ഥാന ക്രിയയുമാണ്.

വള്ളി ഒരു കാട്ടുരാജാവിന്റെ പുത്രിയായിരുന്നു. നിബിഢവനത്തിനുള്ളിൽ ധ്യാന്യങ്ങൾ കൊത്തിത്തിന്നുവാൻ വരുന്ന പക്ഷി മൃഗാദികളെ തെറ്റാലിയാൽ കല്ലെറിഞ്ഞ് ഓടിച്ച് ക്രൂരന്മാരായ നായാട്ടുകാരായ ബന്ധു മിത്രാദികൾക്കൊപ്പം കഴിഞ്ഞിരുന്ന വള്ളി വളരെ ചെറിയ പ്രായം മുതലേ മുരുകന്റെ ആരാധികയും അദ്ദേഹത്തിനെ മാത്രമേ വരിക്കു എന്ന് തീരുമാനിച്ചിരുന്നവളും ആയിരുന്നു. ആരാലും മാറ്റുവാനാകാഞ്ഞ അതി കഠിന പ്രേമത്തിൽ നിന്നും പിന്തിരിപ്പാൻ ഒടുവിൽ സാക്ഷാൽ ശ്രീമുരുകൻ തന്നെ പല രൂപത്തിലെത്തി ഭയപ്പെടുത്തിയിട്ടും മാറാഞ്ഞിട്ട് സ്വസഹേദരനാശ ഗജരൂപി ഗണേശനേയും കൂട്ടു പിടിച്ച് വള്ളിയെ പരിണയിയ്ക്കുന്നു. എന്നാൽ നായാട്ട് വീരരായ വള്ളിയുടെ ആളുകൾ യുദ്ധത്തിനെത്തുകയും ശ്രീമുരുകനാൽ വധിയ്ക്കപ്പെടുകയും ചെയ്യുന്നു. ഒടുവിൽ വള്ളിയുടെ ആവശ്യ പ്രകാരം അവരെയെല്ലാം പുനരുജ്ജീവിപ്പിച്ച് അവരെ അനുഗ്രഹിയ്ക്കുന്നു..... ഇത് നമ്മൾ വായിച്ച നാടോടിപ്പാട്ടുകളിൽ പാടിനടന്ന കഥ എങ്കിൽ.... നമ്മുടെ ശരീര രാജ്യത്തിൽ ഇതിനെന്തു ബന്ധം എന്നല്ലെ? 

നിബിഢവനം തമോഗുണവും ക്രൂരന്മാരായ നായട്ടുകാർ രജോഗുണവുമാണ്. അവൾ ആട്ടി ഓടിച്ചിരുന്ന പക്ഷികൾ അവളുടെ സാധനയിൽ നിന്നും ശ്രദ്ധമാറ്റാൻ എത്തുന്ന പ്രലോഭനങ്ങളാണ്. കയ്യിലെ തെറ്റാലി വിവേകവും അതിലെ കല്ലുകൾ വൈരാഗ്യവും പക്ഷപാത രഹിതമായ നിശ്ചയധാർഷ്ട്യവുമാണ്. വേഷപ്രശ്ഛന്നനായെത്തി ദൗത്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിയ്ക്കുന്ന സാക്ഷാൽ ശ്രീ മുരുകൻ പ്രണവത്തെ ഗജരൂപത്തിൽ താൻ തന്നെയെന്ന തത്വം ബോധ്യപ്പെടുത്തിയാണ് തമോ രജോ ഗുണങ്ങളിൽ നിന്നും രക്ഷിച്ച് വധുവാക്കുന്നത്. ജീവാത്മാവിന്റെ ആഗ്രഹത്തെ മാനിച്ച് ജീവ ചക്രം തിരിയുവാനായി ത്രിഗുണങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിയ്ക്കുന്ന കാഴചയാണ് നാം കാണുന്നത്. അങ്ങനെ ജീവാത്മാവിനെ വരിയ്ക്കുന്ന പരമാത്മചൈതന്യം നിത്യ ശാന്തിയിലേയ്ക്കാണ് നയിക്കുന്നത്. ഇവിടെ വേലായുധൻ പരമാത്മാവെന്ന ബോധ ചൈതന്യമായി ഈ ശരീരത്തെ കാലത്തിന്റെ ഗതിയിൽ പ്രവർത്തിപ്പിക്കുന്നതിനൊപ്പം ജരാനരകളാകുന്ന യവനന്മാരുടെ ആക്രമണത്തിൽ നിന്നും വിദേശികളായ രോഗാണുക്കളുടെ ആക്രമണത്തിൽ നിന്നും സംരക്ഷിയ്ക്കുന്ന ത്രികാലാധിപനായി മാറുന്നു...

ഓം വചത്ഭുവേ നമഃ

No comments:

Post a Comment