#കലിയുഗത്തിൽ മഹാവിഷ്ണു ഭൂമിയിൽ വസിക്കുന്ന വൈകുണ്ഠമായിട്ടാണ് ഹിന്ദു തിരുവെഴുത്തുകളിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത് ..തിരുപ്പതി ബാലാജി അഥവാ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഹിന്ദു പുരാണങ്ങളുടെ അടയാളങ്ങൾ കാത്തുസൂക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് . തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആണ് .
ദിനവും ലക്ഷകണക്കിന് ഭക്തർ എത്തിച്ചേരുന്ന ലോകത്തിലെ പ്രശസ്തമായ ക്ഷേത്രം കൂടിയാണ് തിരുപ്പതി ബാലാജി ക്ഷേത്രം .ഉദ്ധിഷ്ഠ കാര്യസിദ്ധിക്കായി ഭക്തർ ധാരാളം വഴിപാടുകൾ കൂടി സമർപ്പിക്കുന്ന ക്ഷേത്രവുമാണ് തിരുപ്പതി ബാലാജി ക്ഷേത്രം .
തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് . കലിയുഗത്തിൽ ഭഗവാന്റെ ശരണം പ്രാപിച്ചെത്തുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊള്ളുന്നത് എന്ന് വിശ്വാസം . ഒരിക്കൽ സന്യാസി ശ്രേഷ്ഠനായ ഭൃഗുവിന് ത്രിമൂർത്തികളിൽ ആരാണ് കൂടുതൽ ശ്രേഷ്ഠൻ എന്ന് വിലയിരുത്തുവാനുള്ള മോഹം ഉദിക്കുകയുണ്ടായി . ബ്രഹ്മാവിനെയും പരമശിവനേയും പരീക്ഷിച്ച അദ്ദേഹം തൃപ്തി വരാതെ വൈകുണ്ഠത്തിൽ ചെന്ന് മഹാവിഷ്ണുവിന്റെ നെഞ്ചിൽ കാല് കൊണ്ട് ചവിട്ടുകയുണ്ടായി . ഈ സമയം മഹാവിഷ്ണുവിന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുകയായിരുന്ന മഹാലക്ഷ്മിക്ക് ഈ സംഭവത്തിൽ നാണക്കേട് തോന്നുകയും വൈകുണ്ഠം ഉപേക്ഷിച്ചു ഭൂമിയിലേക്ക് പോരുകയും ചെയ്തു .
സങ്കടത്താലും നിരാശയാലും മഹാലക്ഷ്മിയെ തിരഞ്ഞു ഭൂമിയിൽ എത്തിയ മഹാവിഷ്ണു ദർശിച്ചത് ഒരു രാജകുടുംബത്തിൽ പദ്മാവതി എന്ന നാമത്തിൽ ദേവി ജന്മമെടുത്തിരിക്കുന്നതാണ് . ഭഗവൻ ഉടൻ തന്നെ ഒരു ഉറുമ്പിൻ പുറ്റിനുള്ളിൽ പ്രവേശിച്ചു കൊണ്ട് ധ്യാനനിരതനായി . പശുവിനെയും പശുകുട്ടിയുടെയും രൂപത്തിൽ മഹാവിഷ്ണുവിനെ തേടി ബ്രഹ്മാവും പരമശിവനും ഭൂമിയിൽ എത്തുകയും ഉറുമ്പിൻ പുറ്റിനുള്ളിൽ മഹാവിഷ്ണുവിനെ കണ്ടെത്തുകയും ചെയ്തു .
ഭഗവാന് നിത്യവും ഭക്ഷണം നൽകുവാനായി പശുവിന്റെ രൂപത്തിലായിരുന്നു പരമശിവൻ എന്നും ഉറുമ്പിൻ പുറ്റിലേക്കു പാൽചുരത്തുവാൻ തുടങ്ങി . ദിവ്യ പദ്ധതിയുടെ ഭാഗമായി മഹാവിഷ്ണുവും പദ്മാവതിയും പരസ്പരം കണ്ടുമുട്ടുകയും , മഹാവിഷ്ണു പദ്മാവതിയെ തനിക്കു വിവാഹം ചെയ്തു തരുവാനായി രാജാവിനോട് ആവശ്യപ്പെടുകയും ചെയ്തു .
സമ്പത്തിന്റെ ഉറവിടമായ കുബേരനിൽ നിന്ന് മഹാവിഷ്ണുവിന്റേയും പദ്മാവതിയുടെയും വിവാഹം ആർഭാടപൂർവം നടത്തുവാനായി രാജാവിന് ധാരാളം സമ്പത്ത് ലഭിക്കുകയുണ്ടായി . വിവാഹ ശേഷം ഭഗവാൻ തിരുമലയിൽ ഉള്ള കുന്നിൻ മുകളിൽ വാസം ആരംഭിക്കുകയും പിന്നീട് അവിടെ ക്ഷേത്രം ഉണ്ടാവുകയും ചെയ്തു .അന്ന് മുതൽ തന്റെ വിവാഹത്തിനായി കുബേരനിൽ നിന്ന് ലഭിച്ച സമ്പത്ത് കുറേശ്ശയായി ഭഗവാൻ കൊടുത്തു പോരുകയാണ് എന്നാണ് സങ്കല്പം . ഭഗവാനെ സഹായിക്കുവാൻ വേണ്ടിയാണ് ഭക്തർ വഴിപാടുകൾ സമർപ്പിക്കുന്നത് എന്നും കരുതി പോരുന്നു .
ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഭഗവാൻ അതി പ്രതാപശാലിയും അദ്വീതീയവുമാണ് .ക്ഷേത്രത്തിൽ കുടികൊള്ളുന്ന ആകർഷകമായ വിഗ്രഹത്തിന് നിരവധി അത്ഭുതകരമായ സിദ്ധികളുണ്ട് .ദിനവും ഭഗവാനെ മനോഹരമായ വസ്ത്രങ്ങൾ , പുഷ്പങ്ങൾ , ആഭരണങ്ങൾ എന്നിവ കൊണ്ട് അലങ്കരിക്കുന്നു . സ്വയംഭൂവായ ഭഗവാൻ കുടികൊള്ളുന്ന ക്ഷേത്രഭാഗത്തെ ആനന്ദ നിലയം എന്നാണ് പറയുന്നത് .
ഭഗവാൻ മഹാവിഷ്ണു വെങ്കിടേശ്വര ഭാവത്തിൽ കുടികൊള്ളുന്ന തിരുപ്പതി ക്ഷേത്രം കുടികൊള്ളുന്ന തിരുമല കുന്നുകൾ പ്രകൃതി ഭംഗിയാൽ സമ്പുഷ്ടമാണ് . സന്തോഷം പകരുന്നതും മനോഹരവുമായ ഭൂമിയിലെ തീർത്ഥാടന കേന്ദ്രമാണ് ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട തിരുപ്പതി ബാലാജി ക്ഷേത്രം .
ഓം വെങ്കിടേശ്വരായ നമഃ 🙏
No comments:
Post a Comment