Monday, 19 February 2024

കരയിൽ ചെണ്ടപ്പെരുക്കം തുടങ്ങിക്കഴിഞ്ഞു.........

കരയിൽ ചെണ്ടപ്പെരുക്കം തുടങ്ങിക്കഴിഞ്ഞു.........ആർപ്പും ആരവവും കൊട്ടും കുരവയും അഷ്ടമുടിക്കായലിനെ അവേശത്തിലാഴ്ത്താൻ ഇനി മണിക്കൂറുകൾ മാത്രം.
             നാളെയുടെ സായം സന്ധ്യയിൽ അറബികടലിനെ അശ്ളേശിക്കാൻ അങ്ങനെ തെന്നിയൊഴുകുന്ന അഷ്ടമുടിക്കായൽ കുംഭമാസ സൂര്യനെ അറബിക്കടലിൽ ഒളിപ്പിച്ച് ആകാഴ്ച്ചയ്ക്ക് വഴിയൊരുക്കും.കഴിഞ്ഞ ഒരു വർഷം വൃതമേറ്റ് കാത്തിരുന്ന നിമിഷം.എട്ടുകരകൾക്കും നാഥനായ തൃക്കടവൂരപ്പനെ കാണാൻ തേവള്ളിക്കുതിരയുടെ യാത്ര. 
                 ഹരിപ്പാടും ആലപ്പുഴയിലും ആറുമുളയിലും ഉത്സവങ്ങൾക്ക് വള്ളംകളികൾ വർണ്ണപ്പൊലിമ തീർക്കുമ്പോൾ ഇങ്ങ് തെക്ക് തേവരെ വണങ്ങാൻ കായൽപരപ്പിലുടെ നല്ല ലക്ഷണമൊത്ത മുപ്പത്തി ഏഴരയടിപ്പൊക്കമുള്ള കുതിര ആടിയുലയുന്ന പടിഞ്ഞാറൻ കാറ്റിനെ വകഞ്ഞ് മാറ്റി ഓളപ്പരപ്പിൽ ചാഞ്ചാടിയാടി പോകുന്ന നിറമുള്ള കുളിർക്കാഴ്ച്ച. നീലമേഘങൾ ഓടിക്കളിക്കുന്ന ആകാശത്തിന് താഴെ ഗ്രാമ സൗന്ദര്യത്തിൻ്റെ ഹരിതവർണ്ണമണിഞ്ഞ് നിൽക്കുന്ന ഇരുകരകളിലും തടിച്ച് കുടുന്ന പുരുഷാരത്തെ സാക്ഷിയാക്കി അഷ്ടമുടിക്കായലിൻ്റെ കരയിലെ ചാരുതയാർന്ന ചരിത്രം എഴുതി ചേർത്ത തേവള്ളി കൊട്ടാരത്തിന് സമീപത്ത് നിന്ന് ആ യാത്ര ആരംഭിക്കും.
           1500 വർഷത്തിനപ്പുറം പഴക്കമുള്ള തൃക്കടവൂർ മഹാദേവൻ്റെ കുംഭതിരുവാതിരയുടെ സമാപനത്തിൽ പാടിപ്പതിഞ്ഞ കടവൂർ പത്തെന്ന തിരു: ഉത്സവത്തിൻ്റെ സമാപനം. പരമശിവൻ സ്വയംഭൂവായി പടിഞ്ഞാറോട്ട്  ദർശനമരുളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്ന്. 
                 രണ്ട് കെട്ടുവള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തിൽ തച്ചുശാസ്ത്രത്തിൻ്റെ കണക്ക് തെറ്റാതെ നിർമ്മിച്ച എടുപ്പ്ക്കുതിര. മനുഷ്യ സംഘശക്തിയുടെ മഹാപ്രകടനമാണ് ഈ കാഴ്ച്ച. തേവള്ളിക്കരയിലെ കുതിരക്കടവിൽ കെട്ടി നിർത്തുന്ന കുതിര ജലരഥത്തിൽ കയറ്റി മറുകരയിൽ എത്തിച്ച് തോളിലേറ്റി ക്ഷേത്രത്തിൽ എത്തിക്കും. എല്ലാ കുതിരകൾക്കും മുകളിൽ സർവ്വസാധാരണമായി കാണുന്ന അടയാളം ഗരുഡനാണെങ്കിൽ തേവള്ളിക്കുതിരയ്ക്ക് മുകളിൽ കാറ്റാടിതിരിക്കുന്ന തണ്ടുപിടിയനെ കാണാം. അപ്പുപ്പനെന്നും കാരണവരെന്നും പഴമക്കാർ പറഞ്ഞ് തന്ന കഥയിൽ നിന്ന് അനുമാനങ്ങൾ കണ്ടെത്തുമ്പോഴും പെരുന്തച്ചൻ്റെ പെരുമപോലെ ചരിത്രത്തിൽ ഇടം നേടേണ്ടതാണ് ഇത് എന്നതിൽ സംശയമില്ല. തേവള്ളിക്കരയുടെ അടയാളമായി മാറിയ കാറ്റാടി കൃത്യമായി തിരിച്ച് വഞ്ചിയുടെ ആഗമനത്തിന് വഴികാട്ടിയായി തണ്ടുപിടിയൻ കുതിരയുടെ മേലാപ്പിൽ വഴികാട്ടും.
             തൃക്കടവൂരപ്പൻ്റെ തിരു: ഉത്സവത്തിൻ്റെ വിളക്കിറയിപ്പ് ഏട്ട്കരകളിലേക്കും തിരിക്കുമ്പോൾ അതിനൊപ്പം യാത്രയാകുന്ന മഹാദേവൻ തോണിയിൽ താളമേളങ്ങൾക്കൊപ്പം തേവള്ളിക്കരയിൽ എത്തി മഹാലക്ഷ്മിക്കാവിലെ വനദുർഗ്ഗാക്ഷേത്രത്തിൽ പാർവ്വതിദേവിയുടെ ആദിത്യം സ്വീകരിച്ച് അവിടെ കുടുന്നു എന്നും , തിരിച്ച് പത്താം ഉത്സവദിവസം തേവള്ളിക്കുതിരയെക്കെട്ടിയ വള്ളത്തിൽ മടങ്ങുന്നു എന്നുമാണ് പഴമയിൽ പതിരില്ലാത്ത സങ്കല്പം. തേവള്ളിക്കുതിര ചെന്നതിന് ശേഷം മാത്രമേ മറ്റ് ഏഴു കരകളുടെയും കുതിരകൾ തോളേറ്റുകയുള്ളു,അവിടെ കരിവീരൻ തൃക്കടവൂർ ശിവരാജു ഭഗവാൻ്റെ തിടമ്പ് ഏറ്റി ദർശനം പൂണ്യംനുകർന്ന് ആറാട്ട് കടവിലേക്ക് യാത്രയാകും.
             ഏട്ട് മുടികളുടെ സംഗമമായ അഷ്ടമുടിക്കായലിൽ മാത്രം കാണാവുന്ന മറ്റെവിടെയും ദർശിക്കാനാവാത്ത അപൂർവ്വ ദൃശ്യം. അവേശം ഉയർത്തുന്ന ആർപ്പുവിളികളോടെ ചുഴറ്റിയ കൈകളുടെ കരുത്തിൻ്റെ താളം ആവേശം കൊടുമുടി കയറ്റും
 
#kadavoortemple 
#kadavoor 
#kadavooran 
#festival2024 
#FestivalSeason 
#kollam 
#thevalley

No comments:

Post a Comment