ചാത്തന്നൂർ :ലോകമാതൃഭാഷാദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതി അവർ തന്നെ ചിത്രീകരണം നടത്തിയ ചിത്ര പുസ്തകങ്ങൾ പ്രകാശനം ചെയ്തത് ശ്രദ്ധേയമായി. വിദ്യാഭ്യാസ വകുപ്പ് ഈ വർഷം ഒന്നാം ക്ലാസിൽ നടപ്പിലാക്കിയ രചനോത്സവത്തിൻ്റെ ഭാഗമായാണ് കോയിപ്പാട് ഗവ.എൽ പി. സ്കൂളിലെ ഒന്നാം ക്ലാസുകാർ പുത്തനെഴുത്തുകാരായത്. സ്വതന്ത്രമായും പിന്തുണാ രചനയിലൂടെയും കുട്ടികൾ എഴുതി സ്വന്തമായി ചിത്രീകരിച്ച കഥകൾക്ക് പുസ്തകരൂപം നൽകുകയായിരുന്നു.
ഒന്നാം ക്ലാസിൽ നടപ്പിലാക്കിയ സംയുക്ത ഡയറി എന്ന പ്രവർത്തനത്തിലൂടെ വിദ്യാലയത്തിലെ വി കെ മഹേശ്വർ എന്ന കുട്ടിയുടെ ഡയറി പ്രസാധകർ അച്ചടിച്ച് പുസ്തകമാക്കിയത് സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തവണ ഇതേ സ്ക്കൂളിലെ സഖിലേഷ് , രാഹുൽ, ആദിദേവ്, മഹേശ്വർ എന്നീ കുഞ്ഞെഴുത്തുകാരാണ് മാതൃഭാഷാ ദിനത്തിൽ സ്വന്തം പുസ്തകം പ്രകാശനം ചെയ്ത് വിദ്യാലയത്തിന് കൈമാറിയിരിക്കുന്നത്. ഒന്നാം ക്ലാസിലെ കുട്ടികളോടൊപ്പം അധ്യാപികയും എഴുത്തുകാരിയുമായ എസ് സൈജയും തൻ്റെ പുതിയ നാല് ബാലസാഹിത്യ പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറി. മാതൃഭാഷാ ദിനാഘോഷം എല്ലാം കൊണ്ടും വ്യത്യസ്തവും അർത്ഥവത്തുമായി. കുട്ടികൾ പൊതുവേദിയിൽ പുസ്തകം വായിച്ചവതരിപ്പിക്കുക കൂടി ചെയ്തു. രണ്ടാം ക്ലാസിലെ ആദിദേവ് കുഞ്ഞനിയൻമാരുടെ പുസ്തക പരിചയം നടത്തിയതും രണ്ടാം ക്ലാസുകാരൻ സൂരജ് ചെണ്ടമേളത്തിൻ്റെ അകമ്പടി നൽകിയതും നവ്യാനുഭവമായി. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ജോയ് പുസ്തക പ്രകാശനം നടത്തി. പ്രഥമാധ്യാപിക കനകലത, അധ്യാപകരായ നിധി,പ്രശാന്ത്, സൈജ.എസ് , പ്രേമലത, ലേജു, അഞ്ജു, വിദ്യാലയ പിന്തുണാ സമിതി അംഗം സോഫി, പി ടി എ പ്രസിഡണ്ട് കാർത്തിക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
No comments:
Post a Comment