കേസുകളുടെ അന്വേഷണം മന്ദഗതിയിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിന്റെ പ്രവർത്തനം നിർജീവമെന്ന ആക്ഷേപമുയരുന്നു. വിവിധ ക്രൈം
സ്ക്വാഡുകളുടെ പ്രവർത്തനം നിർജീവമായതോടെ മോഷണം ഉൾപ്പെടെയുള്ള പല സുപ്രധാന കേസുകളിലും പ്രതികളെ പിടികൂടുന്നതിനു കാലതാമസം നേരിടുന്നു.ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുണ്ടായിരുന്ന സ്പെഷൽ ക്രൈം സ്ക്വാഡിലെ അംഗങ്ങളിൽ പലരും സ്ഥലം മാറി പോവുകയും വിരമിക്കുകയും ചെയ്തതോടെയാണ് സ്ക്വാഡുകൾ നിർജീവമായത്. സ്ക്വാഡിലേക്കായി മറ്റു സ്റ്റേഷനുകളിൽ
നിന്നുള്ള പൊലീസുകാരെ നിയമിച്ചാൽ അവിടത്തെ പ്രവർത്തനങ്ങളെ കൂടി ബാധിക്കുകയും ചെയ്യുന്നു.
നിലവിൽ റജിസ്റ്റർ ചെയ്ത മോഷണകേസ്
ഉൾപ്പെടെയുള്ള ക്രൈം കേസുകൾ അതത് സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എന്നാൽ ഒരേ കേസിന്റെ പിന്നാലെ പോയി പ്രതികളെ പിടികൂടുന്നതിനു സ്റ്റേഷനിലെ ജോലി ഭാരം അന്വേഷണ സംഘത്തിനു തടസ്സമാകുന്നു.
വിവിധ കേസുകളുടെ അന്വേഷണങ്ങളിൽ മികവു പുലർത്തുന്ന എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ ഓഫിസർ, സിവിൽ ഓഫിസർ എന്നിവർ ഉൾപ്പെടുത്തിയായിരുന്നു ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി എന്നിവരുടെ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നത്. സ്ക്വാഡിൽ അംഗങ്ങളാകുന്നവരിൽ ഏറെയും ഇത്തരം കേസുകളിൽ മികവ് തെളിയിച്ചവരാണ്. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കേസുകളും വാഹനമോഷണ കേസുകളും ജില്ലയിൽ വർധിക്കുകയാണ്. എന്നാൽ അടുത്തിടെയായി ഉണ്ടായ നിരവധി സംഭവങ്ങളിൽ ഒരു പ്രതിയെ പോലും പൊലീസിനു പിടികൂടാനായില്ല. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറുകളിൽ എത്തി
കവർച്ച നടത്തുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾ നാടെങ്ങും വിലസുകയാണ്. ഇത്തരം കേസുകളിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ പ്രതികളെ പിടികൂടാനാകും. എന്നാൽ നിരീക്ഷണ ക്യാമറകൾ ദിവസങ്ങളോളം പരിശോധിക്കുകയും സംശയമുള്ളവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമെ പ്രതികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. എന്നാൽ സ്റ്റേഷനുകളിലെ ജോലിത്തിരിക്കിനിടെ ഇതിന്റെ പിന്നാലെ പോകാൻ പൊലീസുകാർക്കു സാധിക്കുന്നില്ല. അതിനാൽ ഇത്തരം കേസുകളുടെ അന്വേഷണം പ്രതേക
ക്രൈം സ്ക്വാഡുകൾ രൂപീകരിച്ചു അന്വേഷണം നടത്തണമെന്ന
ആവശ്യം ഉയരുകയാണ്.
No comments:
Post a Comment