കൊട്ടിയം : ഉമയനല്ലൂർ ഏലായും ഏലായുടെ മധ്യേ കൂടി കടന്നു പോകുന്ന ആലുംമൂട് _ കടമ്പാട്ട് മുക്ക് ഏലാ റോഡും സാമൂഹിക വിരുദ്ധർക്ക് മാലിന്യം തള്ളുന്ന ഇടവുമായി മാറി. അറവുമാടുകളുടെ മാംസാവശിഷ്ടങ്ങളും കോഴി ഫാം വേസ്റ്റുകളുമടക്കമുള്ള സർവ്വ മാലിന്യങ്ങളും ഇവിടെ തള്ളാൻ തുടങ്ങിയതോടെ നാട്ടുകാരുടെയും യാത്രക്കാരുടെയും ജീവിതം ദുരിതപൂർണ്ണമായി. നിരവധി പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലന്ന് നാട്ടുകാരും കർഷകരും പരാതിപ്പെടുന്നു.
മയ്യനാട് പഞ്ചായത്തിലെ വിശാലമായ കൃഷിയിടം ഇത്തരത്തിൽ നശിച്ചിട്ടും കാഴ്ചക്കാരായി പഞ്ചായത്തും ആരോഗ്യ വിഭാഗവും. വയലേലകളെല്ലാം കൃഷി കൈയൊഴിഞ്ഞിട്ടും ഇത്തരം പല പ്രതിസന്ധികളെയും കടന്ന് പൂർണ്ണമായും നെൽകൃഷി നടക്കുന്ന ഏലായാണ് ഉമയനല്ലൂർ. 105 കർഷകർ ഒത്തുകൂടി 144 ഏക്കറിലും കൃഷി ഇറക്കുന്നുണ്ട്. 69 ടൺ നെല്ല് സപ്ലൈകോയ്ക്കും, സർക്കാരിനും നൽകുകയും ചെയ്യുന്നു. കർഷകർ നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് ഏലായിൽ തള്ളുന്ന മാലിന്യം എന്ന് പാsശേഖരസമിതി പ്രസിഡൻ്റ് ആർ.എസ്.മനോജ് കുമാർ പറയുന്നു. കൃഷിക്കായി പാടത്തിറങ്ങിയാൽ ത്വക്ക് രോഗങ്ങളടക്കം പടരുകയാണ്. മാലിന്യം കൂടിയതോടെ തെരുവുനായകളും ഇവിടം താവളമാക്കി. മയ്യനാട് ആലുംമൂട് ജംങ്ഷഷനിൽ നിന്നും തുടങ്ങി ദേശീയപാത 66 ഉമയനല്ലൂർ കടമ്പാട്ടു മുക്കിലെത്തുന്ന ഏലാ റോഡും പ്രദേശവാസികളായ നൂറ് കണക്കിനാൾക്കാർ പ്രഭാതസവാരിക്കായി എത്താറുണ്ട്. ഇന്ന് കാൽനടയാത്ര പോലും അസാധ്യമായ നിലയിൽ മാലിന്യ കൂമ്പാരമാണ് റോഡിനിരുവശവും. പച്ചപട്ട് പുതച്ച ഉമയനല്ലൂർ ഏലായുടെ ദൃശ്യഭംഗി കാരണം ജില്ലാ പഞ്ചായത്ത് ലക്ഷങ്ങളുടെ പദ്ധതികൾ തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല.ഏലാ റോഡിനിരുവശവും പാറകെട്ടി ഇരിപ്പിടം സജ്ജമാക്കുന്ന പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
എ.അസീസ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ച് തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും അറ്റകുറ്റപണികൾ ഇല്ലാത്തത് കാരണം പലതും പ്രവർത്തിക്കുന്നില്ല. രാത്രിയിലെ കൂരിരുട്ടാണ് ഇത്തരം സാമൂഹിക വിരുദ്ധർക്ക് അനുകൂലമാകുന്നത്. വെളളിയാഴ്ച പുലർച്ചെ ഏലാ റോഡിൽ മൂന്ന് വീപ്പകളിൽ നിറച്ച് കോഴി വേസ്റ്റുകൾ കൊണ്ടു തള്ളിയിരിക്കുന്നതാണ് നാട്ടുകാർ കണ്ടത്. പാടശേഖര സമിതി ഭാരവാഹികൾ അടക്കം സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചു. കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.
No comments:
Post a Comment