Wednesday, 26 April 2023

സെർവർ തകരാറിലായതിനെ തുടർന്ന് ജില്ലയിലെ റേഷൻ വിതരണം ഇന്നലെയും താറുമാറായി

കൊല്ലം : സെർവർ തകരാറിലായതിനെ തുടർന്ന് ജില്ലയിലെ റേഷൻ വിതരണം ഇന്നലെയും താറുമാറായി. തുടർച്ചയായ 3-ാം ദിവസമാണ് സെർവർ തകരാറിലായി റേഷൻ വിതരണം മുടങ്ങുന്നത്. സെർവർ തകരാർ മൂലം ഇ പോസ് മെഷിനുകളുടെ പ്രവർത്തനം നിലച്ചതാണ് റേഷൻ വിതരണം താറുമാറാക്കിയത്. കാർഡിലെ അംഗങ്ങൾക്ക് ഇപോസ് മെഷിനിൽ വിരൽ പതിപ്പിച്ചു റേഷൻ വിതരണം നടത്താനുള്ള സംവിധാനമാണു തകരാറിലായത്. കാർഡ് ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് എത്തുന്ന ഒ ടി പി ഉപയോഗിച്ചു ചിലയിടത്ത് വിതരണം നടത്തി.

പലരുടെയും കൈവശം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുള്ള ഫോൺ ഇല്ലാതിരുന്നതും ഒ ടി പി എത്താൻ വൈകിയതും വിതരണത്തെ ബാധിച്ചു. ഇന്നലെ രാവിലെ അൽപസമയം മാത്രമാണ് ഇ പോസ് മെഷിനുകൾ പ്രവർത്തിച്ചത്. മാസാവസാനമായതിനാൽ ജില്ലയിലെ റേഷൻ കടകളിൽ നല്ല തിരക്കാണ്. വിതരണം നിലച്ചതോടെ പലയിടങ്ങളിലും റേഷൻ വ്യാപാരികളും കാർഡ് ഉടമകളും തമ്മിൽ വാക് തർക്കമുണ്ടായി. ഇ-പോസ് സംവിധാനം തുടങ്ങിയശേഷം സെർവർ തകരാറുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അതു പരിഹരിച്ചിരുന്നു. എന്നാൽ, പലപ്പോഴായി വീണ്ടും സെർവർ തകരാറിലാകുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ വലയ്ക്കുന്നു.

ഹൈദരാബാദിലെ സ്വകാര്യ കമ്പനിക്കാണ് സെർവർ കൈകാര്യം ചെയ്യുന്നതിന്റെ ചുമതലയെങ്കിലും പല ഏജൻസികൾ മുഖേനയാണ് ഇത് നടപ്പാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. നടത്തിപ്പിലെ പാളിച്ചകളാണു സെർവർ തകരാറിന് കാരണമെന്നും ആക്ഷേപമുണ്ട്. ഈ മാസത്തെ റേഷൻ വിതരണം 29ന് അവസാനിക്കും. ഈ സാഹചര്യത്തിൽ റേഷൻ വിതരണം മുടങ്ങുന്നതു വ്യാപാരികളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നേരത്തേ, 7 ജില്ലകളായി തിരിച്ച് രാവിലെയും ഉച്ചയ്ക്കു ശേഷവും റേഷൻ വിതരണം നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അതും നിർത്തിവച്ചെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഇതും നിലവിലെ പ്രതിസന്ധി രൂക്ഷമാക്കി.
സെർവർ പതിവായി തകരാറിലാവുന്നത് കാരണം വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഒട്ടേറെത്തവണ
ഒട്ടേറെത്തവണ വകുപ്പ് അധികൃതരെ സമീപിച്ചിട്ടും സെർവർ പ്രശ്നം പരിഹരിക്കാൻ നടപടികളുണ്ടാകുന്നില്ല.

ഇതിനിടെ, സെർവർ തകരാറിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിച്ചു.

No comments:

Post a Comment