കൊല്ലം : വിഷുവിന് നാല് ദിവസം ബാക്കി നിൽക്കെ നല്ലൊരു വിഷുക്കാലം സ്വപ്നം കണ്ട് വിപണിയും. വിഷുവിനുള്ള ഒരുക്കങ്ങൾ വിപണിയിൽ സജീവമായി. പ്രധാന ആകർഷണമായ കണി വെള്ളരി മാർക്കറ്റിൽ എത്തി തുടങ്ങി. കിലോഗ്രാമിന് 40 രൂപയ്ക്കാണ് ചില്ലറ വിൽപന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറി വില അൽപം ഉയർന്നു നിൽക്കുന്നതും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്യുന്ന വേനൽ മഴയും കച്ചവടത്തെ ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്.
കിലോഗ്രാമിന് 40–60 രൂപയാണ് പ്രധാനപ്പെട്ട പച്ചക്കറികളുടെ ശരാശരി വിലയെങ്കിൽ ചെറുനാരങ്ങയ്ക്ക് റെക്കോർഡ് വിലയാണ്. ചില്ലറ വിപണിയിൽ കിലോഗ്രാമിന് 180 രൂപ. ആന്ധ്രയിൽ നിന്ന് ആവശ്യത്തിനു നാരങ്ങ എത്താത്തതാണ് വില ഇത്രയുമധികം കൂടാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. വിഷുവും റംസാനും അടുത്തടുത്തു വരുന്നതിനാൽ വ്യാഴാഴ്ച വിപണി സജീവമാകുന്ന പ്രതീക്ഷയാണെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു.
@ കത്തിപ്പിടിക്കാതെ പടക്ക വിപണി
വിഷു പടക്ക വിപണി ഇനിയും വേണ്ടത്ര സജീവമായിട്ടില്ല. മഴ കച്ചവടത്തെ അൽപം നനച്ച മട്ടാണ് വ്യാഴാഴ്ചയോടെ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കമ്പിത്തിരി, മത്താപ്പൂ, പടക്കം തുടങ്ങി എല്ലാ വസ്തുക്കൾക്കും 20% വില കൂടി. ദീപാവലിക്കു ശേഷമുണ്ടായ വിലക്കയറ്റമാണ് ഇതെന്നു വ്യാപാരികൾ പറയുന്നു. കമ്പിത്തിരിയുടെ 10 എണ്ണത്തിന്റെ സാധാരണ പാക്കറ്റിന് കഴിഞ്ഞ തവണത്തെക്കാളും 5 രൂപ കൂടി.അഞ്ചു പാക്കറ്റിന്റെ ഒരു സെറ്റിന് കഴിഞ്ഞ തവണ 150 രൂപയായിരുന്നത് ഇപ്പോൾ 175 രൂപയായി. കഴിഞ്ഞ വർഷം 50 രൂപ കൊടുത്തു വാങ്ങിയ ജെയിന്റ് പാളി പടക്കത്തിന് ഇത്തവണ 60 രൂപ കൊടുക്കണം. കഴിഞ്ഞ തവണ കച്ചവടം കുറവായതിനാൽ ഭൂരിഭാഗം വ്യാപാരികളും ഇത്തവണ സ്റ്റോക്ക് കുറച്ചു. പടക്ക നിർമാണം വൻതോതിൽ നടക്കുന്ന ശിവകാശിയിൽ നിന്നും
പുതിയ വിസ്മയങ്ങൾ
വിപണിയിൽ എത്തികൊണ്ടിരിക്കുകയാണ് എന്ന് കച്ചവടക്കാർ പറഞ്ഞു
@ ആശങ്ക ഒഴിയാതെ കേറ്ററിങ്
വിഷു സദ്യയ്ക്കുള്ള കൂപ്പൺ വിതരണം പലയിടത്തും ആരംഭിച്ചെങ്കിലും കേറ്ററിങ് മേഖലയിൽ ആശങ്ക ഒഴിയുന്നില്ല.
സൺഫ്ലവർ ഓയിൽ വില ഇരട്ടിയിലധികമായി. പച്ചക്കറി വിലയിലും വർധനയുണ്ട്.ഓണക്കാലത്തെ അത്ര ബുക്കിങ് വിഷുവിന് ഉണ്ടാകാറില്ലെങ്കിലും വിഷുത്തലേന്നു കൂടുതൽ ഓർഡറുകൾ വരുമെന്ന പ്രതീക്ഷയിലാണെന്നു കേറ്ററിങ് സെന്റർ ഉടമകൾ പറഞ്ഞു.
@ കൊഴിയുമോ കൊന്നപ്പൂ
പ്രതീക്ഷിക്കാതെ എത്തിയ മഴ വില്ലനായപ്പോൾ വിഷുവിന് കൊന്നപ്പൂ കണികാണാൻ കിട്ടുമോയെന്ന സംശയവും ബാക്കിയാണ്. മിക്കയിടത്തും കൊന്ന നേരത്തേതന്നെ പൂത്തുലഞ്ഞു തുടങ്ങിയെങ്കിലും മഴ പൂക്കളെ വീഴ്ത്തിക്കളഞ്ഞു . വ്യാഴാഴ്ചയാണ് മാർക്കറ്റിൽ പൂവ് എത്തുക എന്ന് കച്ചവടക്കാർ പറഞ്ഞു.
@ വരുന്നു വിഷു - റംസാൻ ചന്തകൾ
വിപണിയിൽ വില കുറയ്ക്കുന്നതിന് സർക്കാർ സംവിധാനത്തിലുള്ള വിഷു- റംസാന് ചന്തകള്‍ ഈ മാസം 12ന് ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് കോര്പറേഷൻ അധികൃതർ അറിയിച്ചു.10 ദിവസം നീണ്ടു നില്ക്കുന്ന വിഷു- റംസാന് ചന്തകള്‍ ഏപ്രില്‍ 21 വരെ പ്രവര്‍ത്തിക്കുമെന്ന് സർക്കാർ അറിയിപ്പ് ഉണ്ട്. സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നില്‍ പ്രത്യേക പന്തല്‍ കെട്ടിയാകും മേള നടത്തുക. ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകള്‍ ആരംഭിക്കും. സപ്ലൈകോ വിപണന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സ്ഥലം ഇല്ലെങ്കില്‍ ചന്തക്കായി മറ്റു സ്ഥലങ്ങള്‍ പരിഗണിക്കാനും സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
No comments:
Post a Comment