Thursday, 20 April 2023

ഗുണനിലവാര പരിശോധനയില്ല കിട്ടുന്നത് ശുദ്ധജലമോ


കൊല്ലം : ഒരിറ്റു വെള്ളമിറക്കി മരിക്കണമെന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. എന്നാൽ ആ വെള്ളം മരണകാരണമാവുമോ എന്നാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക.
കൊടും ചൂടിൽ 
നാട് പകർച്ചവ്യാധികളുടെ പിടിയിൽ അമരുമ്പോഴും കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കുന്നതിനു നടപടിയില്ലാത്തതാണ് കാര്യങ്ങൾ ഈ നിലയ്ക്കു കൊണ്ടുചെന്നെത്തിക്കുന്നത്. ഹോട്ടലുകളിലും തട്ടുകടകളിലും ശീതളപാനീയ കടകളിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് ആരോഗ്യവകുപ്പു തന്നെ സമ്മതിക്കുമ്പോൾ ഈ ആശങ്കകൾ അസ്ഥാനത്തല്ല.
ജലസ്രോതസുകളിലെയും കുപ്പിവെള്ള, സോഡാ നിർമ്മാണശാലകളിലെയും പരിശോധനകൾ പ്രഹസനമാണ്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ത്രിതലപഞ്ചായത്തുകളും ഇക്കാര്യത്തിൽ വേണ്ട ജാഗ്രത കാട്ടുന്നില്ല. ഈ അവസരം മുതലെടുത്ത് കുടിവെള്ള ലോബി മലിനജലം വിറ്റ് കൊള്ളലാഭമുണ്ടാക്കുന്നു. നദികളിൽ നിന്നും കനാലുകളിൽ നിന്നും ശേഖരിക്കുന്ന വെള്ളം വേണ്ടത്ര പരിശോധന കൂടാതെയും ശുദ്ധീകരിക്കാതെയുമാണ് കുപ്പിവെള്ളമായും സോഡയായും വിപണിയിൽ എത്തുന്നത്.ദിനംപ്രതി പുതിയ പുതിയ ബ്രാൻഡ് വെള്ളം ആണ് വിപണിയിൽ എത്തുന്നത്.

@ തിളക്കുന്നില്ല 'തിളപ്പിച്ച" വെള്ളം

പല ഹോട്ടലുകളിലും നൽകുന്ന 'തിളപ്പിച്ചാറ്റിയ" വെള്ളം വിശ്വസിച്ചു കു‌ടിക്കാനാവില്ല. തിളച്ച വെള്ളത്തിൽ അതിന്റെ ഇരട്ടി പച്ചവെള്ളം കലർത്തിയാണ് മിക്കയിടങ്ങളിലും നൽകുന്നത്. ഇത് മൂലം അണുക്കൾ നശിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പു നൽകുന്നു.
തട്ടുകടകളിലാകട്ടെ വഴിയോരത്തെയും മറ്റും കിണറുകളിൽ നിന്ന് നേരിട്ട് വെള്ളം ശേഖരിക്കുകയാണ്. വെള്ളം മാത്രമല്ല, ഇതു ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളും പലപ്പൊഴും വൃത്തിയുള്ളതല്ല.

@ കുപ്പിവെള്ളത്തിലും വ്യാജൻ

ശുദ്ധജലം എന്ന് വിശ്വസിച്ച് നാം വിലയ്ക്കുവാങ്ങുന്ന കുപ്പിവെള്ളവും കാനുകളിലെ വെള്ളവും പരിശോധനാവിധേയമാണെന്ന് യാതൊരു ഉറപ്പുമില്ല. വ്യാജ കമ്പനികളുടേതാണ് ഇത്തരം കുപ്പിവെള്ളങ്ങളിൽ പലതും. ഇതു പരിശോധിച്ച് ഉറപ്പുവരുത്താൻ നിലവിൽ ആരോഗ്യവകുപ്പിന് കാര്യമായ സംവിധാനങ്ങളില്ല.

@ സോഡയിൽ അണുക്കളുണ്ട്

സോഡായിൽ കാർബൺഡൈ ഓക്സൈഡ് കയറ്റുന്നതിനാൽ രോഗ വാഹകരായ അണുക്കൾ നശിക്കുമെന്നാണ് പലരുടേയും വിശ്വാസം. എന്നാൽ  മലിനജലത്തിൽ ഉണ്ടാക്കുന്ന സോഡയും മലിനമായിരിക്കും.  പകച്ചവ്യാധികൾക്ക് കാരണമാവുകയും ചെയ്യും. പകർച്ചവ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ സോഡാ ഫാക്ടറികൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.

No comments:

Post a Comment