Friday, 21 April 2023

ഒരു ദശകം പിന്നിട്ട സ്വപ്നമാണ് പള്ളിക്കമണ്ണടി പാലം.


ചാത്തന്നൂർ: ഇത്തിക്കരയാറിന് അക്കരെയിക്കരെ മുഖത്തോടു മുഖം നോക്കി നിൽക്കുന്ന ഗ്രാമങ്ങളായ 
ചാത്തന്നൂർ - ആദിച്ചനല്ലൂർ  നിവാസികളുടെ
ഒരു ദശകം പിന്നിട്ട സ്വപ്നമാണ് പള്ളിക്കമണ്ണടി പാലം. വികസനരേഖകളിൽ ദാ ഇപ്പൊ നടക്കും എന്ന നിലയിൽ സ്വപ്നംകണ്ട പദ്ധതി ഇപ്പോഴും ഇത്തിക്കരയാറ്റിലെ 
വെള്ളത്തിൽ വരച്ച വരയായി അവശേഷിക്കുന്നു. കഷ്ടിച്ചു 30 മീറ്റർ അകലത്തിലായി. ആറൊന്നു മുറിച്ചു കടക്കാൻ നാട്ടുകാർക്ക് പാലം വേണം. അതിനായി മുട്ടാത്ത വാതിലുകളില്ല. സ്വപ്നം കാണാത്ത നാളുകളില്ല. ഉറപ്പു നൽകിയവരൊക്കെ എല്ലാം മറന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിന്റെ ഞവരുർ, കോയിപ്പാട് വാർഡുകൾ ചേരുന്നിടം
പള്ളിക്കമണ്ണടി ഗ്രാമം ഇപ്പുറം. അപ്പുറം ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ കൈതക്കുഴി ഗ്രാമം.പള്ളിക്കമണ്ണടിയിൽ പാലത്തിനു വേണ്ടി ഒരു ജനത കാത്തിരിക്കാൻ തുടങ്ങിയിട്ടു ഒരു ദശകം പിന്നിടുന്നു. സമരങ്ങളേറെ നടന്നു. പാലം ഉടൻ വരുമെന്നു പറഞ്ഞു ജനപ്രതിനിധികൾ പലകുറി വന്നു പോയി. പാലം പോയിട്ട് ഒരു തൂണു പോലും ഉയർന്നില്ല.ഉറപ്പ് നൽകിയവരൊക്കെ തിരിഞ്ഞു നോക്കാതായി. കടുംപച്ചയായി കുത്തിയൊഴുകുന്ന ഇത്തിക്കരയാറിനു മറുകര കടക്കാൻ ഈ ആധുനിക കാലത്തും അവർക്ക് ആശ്രയം കടത്തുവള്ളം മാത്രം. മണലൂറ്റി അഗാധഗർത്തമായി മാറിയ കടവിൽ നിന്നു മറുകടവിലേക്കുള്ള യാത്ര ജീവൻ മുറുകെ പിടിച്ചു വേണം. ആറു മുറിച്ചു കടക്കാൻ പാലമില്ലാത്തതിനാൽ ഏഴോ എട്ടോ കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം നാട്ടുകാർക്ക്. വർഷങ്ങൾ നീണ്ട സമരങ്ങൾ നടന്ന നാടാണ്. ആ സമരങ്ങളെയെല്ലാം വിദഗ്ധമായി അട്ടിമറിച്ച നാടുമാണ്. പാലത്തിനായുള്ള കാത്തിരിപ്പ് പിന്നെയും നീളുന്നു.

@ ജനങ്ങളുടെ ഗതിയും കഷ്ടം തന്നെ.

ഇ പാലം വന്നാൽ ദേശിയപാതയിൽ നിന്നും കൊല്ലം -  കുളത്തൂപ്പുഴ സംസ്ഥാന പാതയിലെത്താൻ എളുപ്പമാണ് 
ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
കൈതക്കുഴി നെടുഞ്ചിറ ഭാഗം. കൈതക്കുഴി, ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കുട്ടച്ചൽ, പള്ളിമൺ, വെളിച്ചിക്കാല
ശാസ്താംപൊയ്ക തുടങ്ങിയ പ്രദേശത്തുകാർക്കു ചാത്തന്നൂരിലെത്താൻ ഈ പാലമുണ്ടെങ്കിൽ നിഷ്പ്രയാസം സാധിക്കും. ചാത്തന്നൂരുകാർക്ക് ഇപ്പറഞ്ഞ സ്ഥലങ്ങളിലുമെത്താം.
കൈതക്കുഴി 
പ്രദേശത്തുള്ളവർ ഇപ്പോൾ 
ചാത്തന്നൂരിലെ സ്കൂളുകളിലും
ആശുപത്രികളിലും  പോകണമെങ്കിൽചുറ്റിക്കറങ്ങണം.
കൊട്ടിയം, ഇത്തിക്കര വഴി ചുറ്റിക്കറങ്ങുകയാണിപ്പോൾ.
അഗ്നിശമനസേനയുടെ കേന്ദ്രം അടുത്തുള്ളത് പരവൂരിലാണ്. ഈ പ്രദേശങ്ങളിൽ തീപിടിത്തമുണ്ടായാൽ പരവൂരിൽ നിന്ന് അഗ്നിശമന സേന 25 കിലോമീറ്റർ ചുറ്റിക്കറങ്ങി വരണം
ഇത് മൂലം കശുവണ്ടിത്തൊഴിലാളികൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഗതിയും കഷ്ടം തന്നെ.

@ പള്ളിക്കമണ്ണടി പാലത്തിന് വഴിത്തിരിവായത് ഡോ. പ്രതാപവർമ്മതമ്പാൻ എക്സ്. എം എൽ എയുടെ ജനസമ്പർക്കപരിപാടി 

ഡോ.ജി. പ്രതാപവർമ തമ്പാൻ എക്സ്. എം.എൽ.എ ആയിരിക്കുമ്പോൾ ഒരു ജനസമ്പർക്ക പരിപാടിയിൽ ഉയർന്ന ആവശ്യമാണ് ചാത്തന്നൂർ ആദിച്ചനല്ലൂർ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന പള്ളിക്കമണ്ണടി പാലം എന്ന സ്വപ്നം യഥാർഥ്യാമാക്കുക എന്നത് പ്രതാപവർമ്മതമ്പാൻ തന്നെ 
സർവേ ഉൾപ്പെടെയുള്ള 
പ്രാഥമിക പരിപാടികൾ തുടങ്ങിവച്ചു.
തുടർന്ന്  എൻ അനിരുദ്ധൻ എം.എൽ.എയുടെ കാലഘട്ടത്തിൽ
2009 ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തു സംസ്ഥാനത്താകെ 200 പാലങ്ങൾ നബാർഡ് ഏറ്റെടുത്തതായി പ്രഖ്യാപനം വന്നു ഇതിനെ തുടർന്ന് 
ഭരണാനുമതിയായി തൊട്ടടുത്ത വർഷം ഒരു രൂപ ടോക്കൺ ആയി, ധനകാര്യവകുപ്പിന്റെ അനുമതിയുമായി.
പള്ളിക്കമണ്ണടി പാലത്തിനായി അങ്ങനെ 3.4 കോടി രൂപ അനുവദിച്ചതായും നാട്ടുകാർ കേട്ടു. പിഡബ്ല്യുഡി അധികൃതരുടെ നേതൃത്വത്തിൽ മണ്ണുപരിശോധനയും നടന്നു. സ്ഥലം അളന്നു കല്ലും നാട്ടി. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അന്നത്തെ എംഎൽഎ എൻ.അനിരുദ്ധന്റെ നേതൃത്വത്തിൽ ആവതു ശ്രമിച്ചു. പിന്നീടൊന്നും കേട്ടില്ല. അതിനുശേഷം 
നിയമസഭയിലേയ്ക്ക് മൂന്ന് തിരഞ്ഞെടുപ്പുകൾ നടന്നു.മൂന്ന് തവണയും ജി. എസ്. ജയലാൽ എം എൽ എ തന്നെ  ആവുകയും ഇ കാലഘട്ടത്തിൽ കുമ്മല്ലൂർ പാലത്തിൽ കൂട്ടികെട്ടി ആറ് കോടിയും ഒക്കെ അനുവദിച്ചതായി ബജറ്റിൽ 
കേട്ടിട്ട് വർഷം മൂന്നാകുന്നു. പക്ഷേ, പാലം വെളത്തിൽ വരച്ച വര തന്നെ.

@ ജീവൻ മുറുകെപ്പിടിച്ച് വള്ളത്തിലെ യാത്ര

പണ്ട് പള്ളിക്കമണ്ണടി പ്രദേശത്ത് ഇത്തിക്കരയാറിൽ മുട്ടൊപ്പം വെള്ളമെ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാർ ആറു മുറിച്ചു നടന്നു. അപ്പുറത്തും ഇപ്പുറത്തുമെത്തുമായിരുന്നു. പിന്നീട് മണൽ കടത്ത് തുടങ്ങിയതോടെ ആറിന്റെ കീഴറ്റം വരെ കുളം തോണ്ടി, മണൽ മാഫിയ ഓരോ തരി മണലും ഊറ്റിയെടുത്തപ്പോൾ ഇത്തിക്കരയാർ അപകടകാരിയായി. ഇപ്പോൾ നാലോ അഞ്ചോ ആൾ താഴ്ചയുണ്ടിവിടെ. കടത്തുവള്ളക്കാരൻ ഉപയോഗിക്കുന്ന ഊന്നുമുളയ്ക്ക് 20 അടിയിലേറെ നീളമുണ്ട്. അതിന്റെ പലമടങ്ങ് ആഴമുണ്ടാകാമെന്നു കടത്തുകാരൻ പറഞ്ഞു.


No comments:

Post a Comment