കൊല്ലം : കാലവർഷം തുടങ്ങുമ്പോഴും കടൽ കലിതുള്ളുമ്പോഴും മനസ്സിൽ ആധിയുമായി ജീവിക്കുന്ന കുറേ കുടുംബങ്ങളുണ്ടിവിടെ. അവരുടെ കണ്ണീരിനും വേദനകൾക്കുമൊന്നും അവഗണന തന്നെ. ഇരവിപുരം നിയോജക മണ്ഡലത്തിന്റെ കടൽതീരത്ത് ഓരോ വർഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം കൂടുമ്പോഴും ജനപ്രതിനിധികൾ അടക്കമുള്ള അധികൃതരുടെ ഭാഗത്ത് നിസ്സംഗതയാണ്.
ഇരവിപുരം നിയോജകമണ്ഡലത്തിലെ കാക്കാതോപ്പ് മുതൽ മയ്യനാട് മുക്കം വരെയുള്ള കടപ്പുറത്തെ വീടുകളും തീരദേശ റോഡും നിലവിൽ കടലേറ്റ ഭീഷണിയിലാണ് ഏത് നിമിഷവും കടൽ എടുക്കുന്ന നിലയിലാണ് കാക്കതോപ്പ് മേഖലയിലെ റോഡ് വർഷങ്ങൾക്ക് മുമ്പ് പണിത കടൽഭിത്തികളും അടുത്തിടെ പണിഞ്ഞ പുലിമുട്ടുകളും ഏറെയും തിര വിഴുങ്ങിക്കഴിഞ്ഞു. രൂക്ഷമായ കടലേറ്റമുണ്ടായപ്പോൾ മണൽചാക്കുകൾ നിറച്ച് നിരനിരയായി വെച്ച് താത്കാലികമായി കടലേറ്റത്തെ തടയുകയായിരുന്നു. ഇക്കുറി തീരദേശ റോഡ് പോലും കടൽ എടുത്തിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
കടലേറ്റ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് ശാശ്വത പരിഹാരമാണുണ്ടാവേണ്ടത്. ചെറിയ കല്ലുകളുപയോഗിച്ച് ഭിത്തികളും പുലിമുട്ടുകളും നിർമിച്ചതാണ് കടൽഭിത്തിയുടെ നാശത്തിന് കാരണമെന്ന് തീരദേശവാസികൾ പറയുന്നു. പാറ കൊണ്ട് നിർമ്മിക്കുന്ന കടൽഭിത്തികളും പുലിമുട്ടുകളും കടലേറ്റത്തെ തടയുന്നതിന് ശാശ്വത പരിഹാരമല്ലായെന്ന വാദം അധികൃതർക്കുമുണ്ട്.ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുണ്ടായ ശക്തമായ മഴയിലും കടലേറ്റത്തിലുംഇരവിപുരം മേഖലയിലെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടമാണുണ്ടായത്. വീടുകളിലേക്ക് കടൽ ഇരച്ചുകയറുന്ന അവസ്ഥവരെയുണ്ടായി. തുടർച്ചയായുണ്ടാകുന്ന കടലേറ്റം തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുലിമുട്ട് നിർമ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ തിര വീടുകളുടെ വാതിലില്‍ മുട്ടി മടങ്ങുകയാണ്. തീരദേശ റോഡിന്റെ പകുതിയോളം കടലെടുത്തു.കടലെടുത്ത പ്രദേശത്ത് താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്
@ തീരദേശ വാസികളുടെ സുരക്ഷ ഉറപ്പാക്കണം
തീരദേശ വാസികളുടെ സങ്കടങ്ങൾക്കും കണ്ണിരിനും പരിഹാരമുണ്ടാകണം. കടലേറ്റത്തെ തടയാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കണം കണ്ണിൽ പൊടിയിടാനുള്ള പദ്ധതികൾ ഇനി വേണ്ടയെന്ന് ജനങ്ങൾ പറയുന്നു. തീരത്ത് നിന്നും കടൽ താഴ്ന്ന് കിടക്കുന്നതിനാൽ ഇവിടെ തീരത്തിന് വേണ്ടത് ശാസ്ത്രീയമായ സംരക്ഷണ പദ്ധതിയാണ് എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. രൂക്ഷമായ കടൽഷോഭമുണ്ടാവുമ്പോൾ ഉടൻ നടക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും നടത്തുന്നില്ലായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
@പുലിമുട്ട് നിർമ്മാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു കടൽ കയറുന്നു
തീര സംരക്ഷണത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് പകൽ കൊള്ളയാണ് എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു ഇതിന്റെ പേരിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ആറ് വർഷം മുൻപ്കേന്ദ്രസർക്കാർ തീരസംരക്ഷണത്തിന് അനുവാദിച്ച ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ നിർമ്മാണം പ്രവർത്തനം നടക്കുന്നത്. പക്ഷെ നിർമ്മാണപ്രവർത്തനങ്ങൾ മെല്ലെപോക്കിലാണ് അത് കൊണ്ട് തന്നെ പുലിമുട്ട് നിര്‍മ്മാണത്തിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മദ്രാസ് ഐ ഐ ടി യുടെ വിശദമായ പഠനത്തിന് ശേഷമാണ് കോടി കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടത് ഐ ഐ ടി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 34 പുലിമുട്ടുകൾ വഴി ഇ പ്രദേശത്തെ തീരദേശത്തെ സംരഷിക്കുവാനാണ്നി ർമ്മാണം തുടങ്ങിയത്.2019-ൽ മന്ത്രി മേഴ്സികുട്ടിയമ്മയെത്തി ഉത്ഘാടനമാമാങ്കവും നടത്തി മുക്കം മേഖലയിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് നിർമ്മാണപ്രവർത്തനം നടത്തിയെങ്കിലും ബാക്കിയുള്ള സ്ഥലത്ത് പാറ ഉപയോഗിച്ച് ആണ് നിർമ്മാണപ്രവർത്തനം നടത്തിയത്. ചെറിയ കല്ലുകൾ പാകി പുലിമുട്ട് നിർമ്മാണം നടത്തി കടൽ ഷോഭത്തിൽ ഒലിച്ചു പോയി എന്ന് കാണിച്ചു കൊണ്ട് അറ്റകുറ്റ പണികൾക്കായി വീണ്ടും പൈസ അനുവധിക്കുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്.ഹാർബർ എന്ജനിയറിങ്ങ് വിഭാഗത്തിന്റെ വിദഗ്ദ നിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് നിർമ്മാണം നടത്തുന്നത്.
@ ശാസ്ത്രിയ രീതിയിൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായാൽ തിരയടിച്ചു ഉണ്ടാവുന്ന തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതല്‍ മണല്‍ അടിഞ്ഞ് തീരം വികസിക്കാനും സാധിച്ചേക്കും. കൂടാതെ മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും..കരിങ്കല്ലുകള്‍ക്ക് പകരം കോണ്‍ക്രീറ്റില്‍ തീര്‍ത്ത രണ്ട് ടണ്ണിന്റെയും അഞ്ച് ടണ്ണിന്റെയും ടെട്രാപോഡുകൾ ഉപയോഗിച്ച് നിർമ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. മുന്‍വര്‍ഷങ്ങളില്‍ വലിയ തരത്തില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശമാണിത്. തീരമേഖലയില്‍ 34 പുലിമുട്ടുകള്‍ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.ഹാർബർ എന്ജനിയറിങ്ങ് വിഭാഗത്തിന്റെ 100 മീറ്റര്‍ അകലത്തില്‍ പരവൂർ മുതൽ ഇരവിപുരം കാക്കാതോപ്പ് വരെ 34പുലിമുട്ടുകൾ ഇവ സ്ഥാപിക്കാനായിരുന്നു പദ്ധതി കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബ് ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട്.എന്നാൽ അഴിമതി നടത്താൻ ഇതെല്ലാം അട്ടിമറിയ്ക്കുകയാണ് എന്നാണ് ജനങ്ങളുടെ പരാതി.പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ നൂറ്കണക്കിന് കുടുംബങ്ങൾക്കും തീരദേശ റോഡിനും സംരക്ഷണം ഉണ്ടാകും എന്നാൽ ഇതൊന്നും ചെവികൊള്ളാൻ ജനപ്രതിനിധികൾ അടക്കമുള്ള അധികൃതർ തയ്യാറല്ലാ
No comments:
Post a Comment