Saturday, 31 July 2021

പൊതുമരാമത്ത് റോഡ് പണികളിൽ ഗുരുതര അഴിമതി അന്വേഷണം വേണമെന്ന് ആവശ്യം.

പൊതുമരാമത്ത് റോഡ് പണികളിൽ ഗുരുതര അഴിമതി അന്വേഷണം വേണമെന്ന് ആവശ്യം.

ചാത്തന്നൂർ : ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളിൽ പലതിന്റെയും പണി കരാറുകാർ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിയോജക മണ്ഡലത്തിൽ നടന്ന 
നിർമ്മാണ പ്രവർത്തങ്ങളിൽ 
ഗുരുതരമായ അഴിമതിയെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. നിർമ്മാണം പൂർത്തിയായതായി കാണിച്ചു ബില്ലുകൾ മാറിയതായി രേഖകളിൽ വ്യക്തമാകുന്നു. ചാത്തന്നൂർ തിരുമുക്ക്-പരവൂർ റോഡ്, നെടുങ്ങോലം എം എൽ എ ജങ്ഷൻ - പൂതക്കുളം പഞ്ചായത്ത് ജങ്ഷൻ റോഡ്, പുന്നമുക്ക്-അമ്മാരത്തുമുക്ക് റോഡ്, ചാത്തന്നൂർ പാലമുക്ക് - ശീമാട്ടി കാപ്പെക്സ് ജങ്ഷൻ റോഡ് തുടങ്ങിയ നിരവധി റോഡുകളാണ് പണി പൂർത്തിയാക്കാത്തതിനാൽ നശിക്കുന്നത്. ഈ റോഡുകളുടെ കരാർ പ്രകാരമുള്ള പണികൾ പൂർണമായും ചെയ്തുതീർക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. അധികൃതരുടെ അനാസ്ഥയാൽ പണി പൂർത്തിയാക്കാതെ ഇവ പൊട്ടിപ്പൊളിഞ്ഞു നശിക്കുന്നു.

അഞ്ചു വർഷം മുൻപ് പണി തുടങ്ങിയതാണ് തിരുമുക്ക്-പരവൂർ റോഡ്. തുടക്കംമുതൽ ഇട്ടിഴച്ചു നടത്തിയ പണി അവിടെയും ഇവിടെയും ഒട്ടിച്ച് പൂർത്തീകരിച്ചതായി വരുത്തിത്തീർക്കുകമാത്രമാണ് ചെയ്തത്. ഈ ആക്ഷേപം നിലനിൽക്കെ വീണ്ടും അറ്റകുറ്റപ്പണികൾക്കായി പുതിയ പ്രോജക്ട് വെച്ച് ടെൻഡർ നടപടിക്ക് ഒരുങ്ങുകയാണ്. പലഭാഗത്തും കരാർ പ്രകാരമുള്ള ജോലിപോലും ചെയ്തുതീർത്തിട്ടില്ലെന്നാണ് ആക്ഷേപം. ഏറ്റവും മുകളിലായി ഇടേണ്ട ബിറ്റുമിൻസ് കോൺക്രീറ്റ് നടത്താൻപോലും തയ്യാറായിട്ടില്ല. നിറയെ കുണ്ടും കുഴികളുമായി കിടക്കുന്ന റോഡിൽ മഴക്കാലമായതോടെ യാത്ര ഏറെ ദുരിതമായി മാറി കഴിഞ്ഞു.
മഴപെയ്താൽ വെള്ളക്കെട്ടായി മാറുന്ന മീനാട് ധർമശാസ്താക്ഷേത്രത്തിനു സമീപത്തെ റോഡിൽ ചപ്പാത്ത് നിർമിച്ചെങ്കിലും വെള്ളം ഒഴുകിപ്പോകാൻ ഒരു മാർഗവുമില്ല. റോഡിൽ മണ്ണുമൂടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.
എം എൽ എ ജങ്ഷൻ - പൂതക്കുളം പഞ്ചായത്ത് ജങ്ഷൻ റോഡ് പണി പാതിവഴിയിൽ നിർത്തിയിട്ട് മാസങ്ങളായി. എം എൽ എ.ജങ്ഷൻ തുടങ്ങുന്നിടത്ത് ഒരുവശത്തുമാത്രമെ ടാറിങ് പോലും നടത്തിയുള്ളൂ.
പുന്നമുക്ക് - അമ്മാരത്തുമുക്ക് റോഡിൽ ബിറ്റുമിൻസ് കോൺക്രീറ്റ് (ബി സി ) നടത്തിയിട്ടില്ല. വശങ്ങളിലെ പണിയും പൂർത്തീകരിച്ചില്ല. വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡിന്റെ പണി നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് ഓടിച്ചിട്ട് നടത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
പാലമുക്ക്-ശീമാട്ടി കാപ്പെക്സ് ജങ്ഷൻ റോഡിന്റെ പണിയും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. റോഡിന്റെ പഴയ ടാറിങ് ഇളക്കിമാറ്റി പുതുക്കിനിർമിക്കാനായിരുന്നു കരാർ.
ഇരുവശങ്ങളിലും ഓട നിർമിച്ച് കലുങ്കുകൾ പണിത് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനംപോലും ഒരുക്കിയിട്ടില്ല. ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്ത് പണി പൂർത്തിയാക്കാനും കരാറുകാരൻ തയ്യാറായിട്ടില്ല. റോഡ് പലഭാഗത്തും തകർന്നുതുടങ്ങിയിട്ടും പണി പൂർത്തിയാക്കാൻ നടപടിയില്ല.
പൊതുമാരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പണിക്കായി സർക്കാരിൽനിന്ന്‌ കോടികളാണ് അനുവദിച്ചത്. പണി പാതിവഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്ന കരാറുകാർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരും ഉൾപ്പെട്ട കോക്കസ് ആണ് അഴിമതിയ്ക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.



No comments:

Post a Comment