Tuesday, 29 June 2021

വാടകയ്ക്ക് താമസിക്കുന്നവരും കെട്ടിട ഉടമകളും പ്രതിസന്ധിയിലായി


കൊല്ലം: വാടകയ്ക്ക് 
താമസിക്കുന്നവരും കെട്ടിട ഉടമകളും പ്രതിസന്ധിയിലായി  പലരും ഇറക്കിവിടൽ ഭീഷണിയിൽ. 
വാടക വീടുകളിൽ 
താമസിക്കുന്ന സാധാരണക്കാർ കോവിഡ് കാലത്ത് നെട്ടോട്ടമോടുകയാണ്.
ഇവരിലേറെയും സാധാരണ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ്. കോവിഡും ലോക്ഡൗണുമൊക്കെയായി സാധാരണ തൊഴിലാളികളുടെ വരുമാനം
നിലച്ച സാഹചര്യമാണ്. ഓരോ കുടുംബവും ജീവിച്ചു പോകാൻ തന്നെ വിഷമിക്കുമ്പോൾ വീട്ടുവാടക വലിയ ബാധ്യതയായി മാറുകയാണിവർക്ക്.
പലരുടെയും വീട്ടു ബജറ്റിന്റെ താളം തെറ്റുന്നു. വാടകയ്ക്ക് താമസിക്കുന്നവർ ഏറെയും വരുമാനത്തിന്റെ വലിയൊരു ഭാഗം വീട്ടുവാടകയ്ക്ക് മാറ്റിവയ്ക്കുന്നവർ ധാരാളമുള്ളത് കൊല്ലം നഗരത്തിലാണ്.
ഭക്ഷണത്തിനും വീട്ടുവാടകയ്ക്കുമുള്ള പണം കണ്ടെത്താനാണ് കൂടുതൽ പേരും ജോലിക്ക് പോകുന്നത്. ചെറിയ വരുമാനമുള്ളവർക്കും വലിയ വാടക നൽകേണ്ടി വരുന്നതിനാൽ കഷ്ടിച്ചാണ് സാധാരണക്കാർ ജീവിതം മുന്നോട്ടു പോകുന്നത്. വീടുകളിൽ നിന്നും 
ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നതുതന്നെ വീട്ടുവാടക ചെലവു കൂടി മുന്നിൽ കണ്ടാണ്. ആർക്കെങ്കിലും ഒരാൾക്ക് വരുമാനം കുറഞ്ഞാൽ വാടക കൊടുക്കാനാവില്ല വീട്ടുവാടക കൂടുന്നത് അല്ലാതെ കുറയുകയുമില്ല. വാടക കൃത്യമായി കൊടുത്തില്ലെങ്കിൽ വീട്ടുടമ താമസിക്കാൻ സമ്മതിക്കില്ല.
അതുകൊണ്ട് ഭക്ഷണം ഉൾപ്പെടെയുള്ള ചെലവുകൾ വെട്ടിക്കുറച്ചാണെങ്കിലും വാടക കൊടുക്കാൻ താമസക്കാർ നിർബന്ധിതരാകുന്നു ഒപ്പം തന്നെ ഭീമമായ കറന്റ് ചാർജും താങ്ങാനാകില്ല.
കുടുംബങ്ങൾക്ക് 
വരുമാനം കുറഞ്ഞതോടെ ഇവരുടെ ജീവിതത്തിന്റെ ബജറ്റ് തകിടം മറിയുകയാണ്. വീട്ട് വാടക, കറന്റ് ചാർജ്, ഭക്ഷണം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ ഓൺലൈൻ പഠനം എന്നിങ്ങനെ നീളുന്ന പട്ടികയാണ്.

@കെട്ടിട ഉടമകളും പ്രതിസന്ധിയിൽ

 വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകി, അതിൽ നിന്നുള്ള വരുമാനം കൊണ്ട് ജീവിക്കുന്ന ധാരാളം പേരുണ്ട്. അവർക്ക് മറ്റ് വരുമാന മാർഗമില്ല  അതുപോലെ ഒരു വീട് വാടകയ്ക്ക് നൽകി, അതിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന ഇടത്തരക്കാരും ധാരാളമുണ്ട്. കടകളുടെ കാര്യത്തിലും അതാണ് സ്ഥിതി. അതൊക്കെ പല കുടുംബങ്ങളുടെയും വരുമാന മാർഗമാണ്. ഒരുപാട് കെട്ടിടങ്ങളും വീടുകളുമൊക്കെയുള്ള വൻകിടക്കാർ  കുറവാണ്. കെട്ടിട ഉടമകളിൽ കൂടുതലും ചെറുകിടക്കാരാണ്. ഒരു വീട് മാത്രം വാടകയ്ക്ക് നൽകി ജീവിക്കുന്നവരും ഉണ്ട്. താമസക്കാരൻ വാടക നൽകാതെ വരുമ്പോൾ ഇവരും പ്രതിസന്ധിയിലാകും. വീട്ടു വാടകയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് അത് കിട്ടാതെ വരുന്നതും വലിയ പ്രശ്‌നമാണ്.

@ കുടിശ്ശികയായി വീട്ടുവാടക കോവിഡിന്റെ ആദ്യഘട്ടത്തിൽ വീട്ടുവാടകയിൽ ഇളവ് നൽകാൻ പല വീട്ടുടമകളും തയ്യാറായി. ചിലർ വീട്ടുവാടകയിൽ ചെറിയ ഇളവ് നൽകി. മറ്റ് ചിലർ വാടക പകുതിയാക്കി കുറച്ചു. ആദ്യഘട്ട ലോക്ഡൗൺ പിൻവലിച്ചതോടെ, വീണ്ടും പഴയ രീതിയിൽ വാടക ഈടാക്കി. എന്നാൽ ആദ്യ ലോക്ഡൗണിനു ശേഷം കൃത്യമായി വീട്ടുവാടക നൽകാൻ കഴിയാതെ പോയ നിരവധി കുടുംബങ്ങളുണ്ട്. ജോലിയില്ലാതായതോടെ, വാടക നൽകാൻ കഴിയാത്ത സ്ഥിതിയായി ഇവർക്കെല്ലാം. ചിലർ കൊടുത്ത അഡ്വാൻസ് തുകയിൽനിന്ന് വാടക ഇളവ് ചെയ്യാൻ അനുമതി നൽകി. എന്നാൽ ഈ രീതിയിൽ അഡ്വാൻസ് ഇളവ് ചെയ്യാൻ ചില കെട്ടിട ഉടമകൾ സമ്മതിച്ചതുമില്ല. തുടർച്ചയായി വാടക ലഭിക്കാതെ വന്നപ്പോൾ, ഉടമകൾ വീട് ഒഴിയാൻ ആവശ്യപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്ലോക്ഡൗൺ കാലത്ത് വാടകക്കാരെ ഒഴിപ്പിക്കുന്നതിനെതിരായ നിലപാട് സർക്കാർ സ്വീകരിച്ചതിനാൽ ഇവർക്കൊന്നും വീട് ഒഴിയേണ്ടി വന്നില്ല. എന്നാൽ വീട്ടുവാടക തർക്കങ്ങൾ പരിഹാരമില്ലാതെ തുടരുകയാണ്.

@ കടകൾക്കും വാടക പ്രശ്‌നമാകുന്നു

കടയുടമകൾക്കും വാടക താങ്ങാനാവാത്ത സ്ഥിതിയാണ്. കുറച്ചുകാലമായി വലിയ കച്ചവടമൊന്നുമില്ല. ആളുകളുടെ വാങ്ങൽ ശേഷി തന്നെ ഇല്ലാതായിരിക്കുകയാണ്. പലചരക്കും പച്ചക്കറിയുമല്ലാതെ മറ്റൊന്നും വാങ്ങാനുള്ള പണം സാധാരണക്കാരുടെ കൈയിലില്ല. ആവശ്യമുള്ള പലതും അതിനാൽ ഒഴിവാക്കുകയാണ്. സ്‌കൂളുകളിൽ ഓൺലൈൻ പഠനം തുടങ്ങിയിട്ടും അത്യാവശ്യ സാധനങ്ങളല്ലാതെ മറ്റൊന്നും ആളുകൾ വാങ്ങുന്നില്ല. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നില്ല. മഴ വന്നിട്ടും കുടകൾ പോലും വിറ്റ് പോകുന്നില്ല. വിവാഹം പോലുള്ള ആവശ്യങ്ങളൊന്നുമില്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട കച്ചവടങ്ങളുമില്ല. ലോക്ഡൗൺ പിൻവലിച്ചാലും കടകൾ തുറക്കാമെന്നല്ലാതെ കച്ചവടം നടക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ട് കടക്കാർക്ക് വാടക നൽകാനാകുന്നില്ല. ചില ഉടമകൾ ചെറിയ രീതിയിൽ വാടക കുറച്ച് നൽകുന്നുണ്ട്. കൊല്ലം നഗരത്തിൽ കടകൾക്ക് വലിയ വാടകയാണ് ഈടാക്കുന്നത്. തീരെ കച്ചവടമില്ലാതായപ്പോൾ, കടക്കാർക്ക് വാടക കൊടുക്കാനാകുന്നില്ല. പക്ഷേ, കടക്കാരോട് കടകൾ ഒഴിയാൻ അധികംപേരും ആവശ്യപ്പെടുന്നില്ല. കെട്ടിടം വാടകയ്ക്കെടുക്കാൻ മറ്റാരെങ്കിലും വരുമെന്ന് ഉടമകൾക്ക് ഉറപ്പില്ലാത്തതാണ് കാരണം. തത്കാലം ചില ഇളവുകൾ നൽകി അവർ കടക്കാരുമായി സഹകരിക്കുകയാണ്.


No comments:

Post a Comment