Tuesday, 29 June 2021

വള്ളം നിറയ്യുന്നില്ല തീരദേശത്ത്‌ ആശങ്ക

വള്ളം നിറയ്യുന്നില്ല തീരദേശത്ത്‌ ആശങ്ക  

കൊല്ലം : കൺനിറയെ കൊഞ്ചും  അയല, ചാള, ഞണ്ട്...തുടങ്ങി
ഒന്ന് മുതൽ അഞ്ചു ലക്ഷം രൂപയുടെ മത്സ്യസമ്പത്തുമായി മടങ്ങിയെത്തിയിരുന്ന പരമ്പരാഗത
മത്സ്യ തൊഴിലാളികളുടെ 
മീൻപിടിത്ത വള്ളങ്ങൾ തീരദേശത്തിന് ഉത്സവമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു പകൽ മുഴുവൻ കടലിൽ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീൻ കിട്ടാതെ തിരിച്ചെത്തുന്ന വള്ളങ്ങളിലെ തൊഴിലാളികളുടെ നിലവിളിയാണ് 
തീരദേശത്ത് നിന്നും ഉയരുന്നത്.
മൺസൂൺകാലം തുടങ്ങുകയും  ആഴക്കടൽ മീൻപിടിത്ത നിരോധനം ആരംഭിക്കുകയും മീൻപിടിത്ത ബോട്ടുകൾ കരയ്ക്ക് കയറുകയും ചെയ്തതോടെ ഏറെ പ്രതീക്ഷകളോടെയാണ് പരമ്പരാഗത വള്ളങ്ങൾ ഉപരിതല മീൻപിടിത്തത്തിനായി കടലിലേക്കിറങ്ങിയത്. ഒരുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് കടലിൽ പോകാൻ കഴിയാതിരുന്ന തൊഴിലാളികൾക്ക് മീൻപിടിത്തത്തിന് അനുവാദം ലഭിച്ചപ്പോൾ വലിയ ഉത്സാഹമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ കടലിൽ പോയ വള്ളങ്ങൾക്ക് നാമമാത്രമായ മീനാണ് ലഭിച്ചത്. ഒരു മീനും ലഭിക്കാതെ മടങ്ങേണ്ടിവന്ന വള്ളങ്ങളും ഉണ്ട് 

കഴിഞ്ഞകാലങ്ങളിൽ ആഴക്കടൽ മീൻപിടിത്ത നിരോധനം ആരംഭിക്കുമ്പോൾ പരമ്പരാഗത വള്ളങ്ങൾക്ക് കൺനിറയെ മീൻ ലഭിക്കുമായിരുന്നു. എന്നാൽ ഇത്തവണ കടുത്ത മീൻക്ഷാമമാണ് കടലിൽ അനുഭവപ്പെടുന്നത്. അഞ്ഞൂറോളം ചെറുതും വലുതുമായ പരമ്പരാഗത വള്ളങ്ങളാണ് കൊല്ലം ജില്ലയിലെ 
തീരത്തുനിന്ന്‌ മീൻപിടിത്തത്തിനായി കടലിൽ പോകുന്നത്. മത്സ്യക്ഷാമത്തെ തുടർന്ന് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കാതെ കരയിൽ കയറ്റിയിരിക്കുകയാണ്. മീൻക്ഷാമം മാത്രമല്ല കടലിൽ ഉണ്ടാവുന്ന ശക്തമായ തിരയും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുകയാണ്.

വള്ളങ്ങൾക്ക് മീൻ ലഭിക്കാതെ വന്നതോടെ ജില്ലയിലെ പ്രധാന മീൻപിടിത്ത വിതരണ കേന്ദ്രങ്ങൾ നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം വള്ളങ്ങളിലെത്തുന്ന ചെമ്മീനടക്കമുള്ള വിലകൂടിയ മത്സ്യങ്ങൾ മൊത്തത്തിൽ വാങ്ങുന്നതിനായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മീൻ കയറ്റുമതി സ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റും ഫിഷ് ലാന്റിങ് സെന്ററുകളിലും
ഹാർബറുകളിലും 
എത്താറുണ്ട്. ഇത്തവണ കൊല്ലം ചവറ നീണ്ടകര, ശക്തികുളങ്ങര 
ഹാർബറും രാവിലെ മുതൽ ശൂന്യമാണ്. കാലവർഷം കനക്കുകയും കടൽ ഉപരിതലം തണുക്കുകയും ചെയ്താൽ മീൻകോള് ലഭ്യമാകുമെന്നാണ് പരമ്പരാഗത തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇക്കുറി അതുണ്ടായില്ല അത് കൊണ്ട് തന്നെ പരമ്പരാഗത മത്‍സ്യ തൊഴിലാളികൾ പട്ടിണിയിലാണ്.

ഫോട്ടോ: മത്സ്യക്ഷാമത്തെ തുടർന്ന് പരമ്പരാഗത വള്ളങ്ങൾ കരയിൽ കയറ്റിവെച്ചിരിക്കുന്നു


No comments:

Post a Comment