Thursday, 24 June 2021

പരവൂർ കമ്പോളത്തിന്റെ പ്രതാപം അസ്തമിക്കുന്നു

പരവൂർ: വ്യാപാരരംഗത്ത് പേരും പെരുമയുമുണ്ടായിരുന്ന പരവൂർ കമ്പോളത്തിന്റെ  പ്രതാപം അസ്തമിക്കുന്നു. പഞ്ചായത്തായിരുന്ന പ്പോൾ  കോട്ടവിള കുടുംബം സൗജന്യ
മായി നൽകിയ സ്ഥലത്താണ് കമ്പോളം പ്രവർത്തിച്ചിരുന്നത്. ചുറ്റും കടകളും മധ്യഭാഗത്ത് മീൻചന്തയും സ്ത്രീകൾക്ക് കാർഷികവിഭവങ്ങൾ തറയിൽവെച്ചു വിൽക്കാനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു.
പൂതക്കുളം, ഊന്നിൻമൂട്, ചിറക്കര, പാരിപ്പള്ളി, നെടുങ്ങോലം, മയ്യനാട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്രയമായിരുന്നു പരവൂർ കമ്പോളം.
കാപ്പിൽ പാലം കൂടി വന്നതോടെ കാപ്പിൽ, ഇടവ ഭാഗങ്ങളിലുള്ളവരും ഇവിടേക്ക്‌ ധാരാളമായി എത്തിത്തുടങ്ങി.

പഴയ കബോളത്തിലെ 
കുറെ കടകൾക്ക്‌ 2002-ൽ രാത്രിയിൽ തീപിടിച്ചതോടെയാണ് മാർക്കറ്റിന്റെ പതനം തുടങ്ങിയത്. പിന്നീട് കച്ചവടക്കാരെ ഒഴിപ്പിക്കാനും പുതിയ കടകൾ നിർമിക്കാനുമുള്ള ശ്രമം വർഷങ്ങളോളം കേസിൽ കുരുങ്ങി.
തുടർന്ന്‌ പുതിയ മാർക്കറ്റ് സമുച്ചയം നിർമിക്കാനായി നഗരസഭ മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്‌ വളപ്പിലേക്ക്‌ കച്ചവടക്കാരെ ഷെഡ് കെട്ടി മാറ്റിയിരുത്തി. അതോടെ കമ്പോളം ഇല്ലാതായി മാർക്കറ്റ് എന്ന പേരിലേക്ക് മാറി. പുതിയ മാർക്കറ്റ് സമുച്ചയ നിർമാണം അശാസ്ത്രീയമായതോടെ മാർക്കറ്റിലെ വ്യാപാരം താളംതെറ്റി. പ്രധാന കെട്ടിടത്തോടുചേർന്ന് ഷെഡ് നിർമിച്ച് മീൻകച്ചവടക്കാരെയും ചെറുകച്ചവടക്കാരെയും അതിലേക്കു മാറ്റി. ഇരിക്കാൻ ഇടമില്ലാതായ കച്ചവടക്കാർ പ്ലാസ്റ്റിക് ഷീറ്റും ടാർപ്പോളിനും ചാക്കുകളുംവെച്ച് സ്വന്തമായി വിപണനകേന്ദ്രം സജ്ജമാക്കി. ഇരിപ്പിടത്തിന്റെ പേരിൽ കച്ചവടക്കാർ തമ്മിൽ തർക്കങ്ങളും പതിവായി. ഗുണമേന്മയില്ലാത്ത മത്സ്യങ്ങളുടെ വിൽപ്പനയും സമീപ പഞ്ചായത്തുകളിൽ വഴിയോരച്ചന്തകൾ വ്യാപകമായതും മാർക്കറ്റിന്റെ നിലനിൽപ്പ്‌ പരുങ്ങലിലാക്കി.

ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച മാർക്കറ്റ് സമുച്ചയത്തിൽ ഒട്ടേറെ കടമുറികൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മുമ്പ് എത്തിയിരുന്നതിന്റെ നാലിലൊന്ന് ആളുകൾപോലും ഇവിടേക്കു വരുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. പലകുറി ലേലംവെച്ചാലും സ്റ്റാളുകളും ഇറച്ചിക്കടകളും ഏറ്റെടുക്കാൻ ആരുമില്ല. മാർക്കറ്റിന്റെ ദുഃസ്ഥിതി എന്നു മാറുമെന്നോ എങ്ങനെ മാറ്റാമെന്നോ നഗരഭരണക്കാർ ആലോചിക്കുന്നില്ലെന്നാണ് ആക്ഷേപം.

@ പരവൂർ മാർക്കറ്റിനെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ട് വരാൻ അടിയന്തിരമായി നഗര ഭരണക്കാർ ഇടപ്പെടണം. മാറി മാറി ഭരിക്കുന്ന ഇടത് വലത്  
നഗരസഭ ഭരണക്കാർ കമ്പോളത്തിന്റെ വികസനത്തെ അവഗണിക്കുകയാണ് (ഫ്രഞ്ചു ബിജെപി പരവൂർ സൗത്ത് ഏരിയ പ്രസിഡന്റ്‌)


No comments:

Post a Comment