സ്കൂൾകുട്ടികൾക്ക്
അന്നമൂട്ടിയവർ പട്ടിണിയിലാണ്
അത്കൊണ്ട് തന്നെ
വളർന്നുവരുന്ന തലമുറയ്ക്കും വളർന്നു
വലുതായ തലമുറയ്ക്കും
ലോകമറിയുന്ന ഒട്ടേറെപ്പേർക്കും അന്നമൂട്ടിയവർ ഇന്ന് പട്ടിണിയിലാണ്.
തൊഴിലും വരുമാനവുമില്ലാത്തതിനാൽ ജില്ലയിലെ അഞ്ഞൂറോളം വരുന്ന സർക്കാർ സ്കൂൾ പാചകത്തൊഴിലാളികളുടെ ജീവിതമാണ് പട്ടിണിയിലേക്കും പ്രതിസന്ധിയിലേക്കും നീങ്ങുന്നത്. അപ്രതീക്ഷിതമായെത്തിയ കോവിഡ് കാലമാണ് ഇവരുടെ ജീവിതവും കരിപുരണ്ടതാക്കിയത്. മറ്റ് മേഖലകളിൽ ഇടക്കാലത്തെങ്കിലും ജോലി ലഭിച്ചപ്പോൾ ഇവർ കഴിഞ്ഞ 15 മാസമായി സ്കൂൾ തുറക്കുമെന്ന പ്രതീക്ഷയുമായി വീട്ടിൽ ഒരേയിരിപ്പാണ്. സ്കൂളിലെ പാചകപ്പുരകളിൽ കരിയും പുകയുമേറ്റ് കഴിഞ്ഞ ഈ ജീവിതങ്ങളെ ആരും തിരിഞ്ഞുനോക്കുന്നുപോലുമില്ല എന്നതാണ് ഇവരുടെ പരാതി.ഇവരിൽ പലർക്കും 50 വയസ്സ് കഴിഞ്ഞവരാണ്. ഈ ജോലിയെ മാത്രം ആശ്രയിച്ചാണ് ഇവരുടെ കുടുംബങ്ങൾ മുന്നോട്ടുപോയിരുന്നത്. എന്നാൽ തൊഴിലില്ലാതായതോടെ മറ്റ് മേഖലകളെപ്പോലും ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കോ
വിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കൂലിപ്പണി പോലും സാധ്യമല്ലെന്ന് ഇവർ പറയുന്നു. ഇവരിൽ ചിലർ ഹോട്ടലുകളിലും മറ്റും ജോലിക്കുപോയെങ്കിലും അതും ഇപ്പോൾ നിലച്ചതോടെയാണ് ഇവർ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
@ കഞ്ഞിവയ്പ് കാലംമുതൽ...
സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന കാലം മുതൽ അടുക്കളപ്പുരകളിൽ ജോലി ചെയ്തിരുന്നവരാണ് ഈ പാചകത്തൊഴിലാളികളിലേറെയും. കാലം മാറിയപ്പോൾ പ്രാതലും ഉച്ചഭക്ഷണവുമെല്ലാം സ്കൂളിലെ മെനുവിൽ സ്ഥാനം പിടിച്ചു. ജോലി കൂടുതലായെങ്കിലും ആരോടും പരാതിയില്ലാതെ പുതിയ തലമുറയ്ക്ക് ഇവർ സമയാസമയങ്ങളിൽ അന്നമൂട്ടി. 30 മുതൽ 40 വർഷമായി ഈ മേഖലയിൽ തുടരുന്നവർ ജില്ലയിലുണ്ട്. ദിവസകൂലി 50 രൂപയിൽ തുടങ്ങിയ കൂലി ഇന്ന് 500 ലെത്തിയെങ്കിലും ഇത് ഇവരുടെ നിത്യചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചതോടെ ഇവർ തൊഴിൽരഹിതരാവുകയും ചെയ്തു.
@ അവധിക്കാല അലവൻസുമില്ല
വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ആളുകൾക്ക് കോവിഡ് കാലത്തും ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ട്. എന്നാൽ അന്നം നൽകിയ ഇവരെ പിന്നീട് വിദ്യാഭ്യാസവകുപ്പ് തിരിഞ്ഞുനോക്കിയില്ല. സാധാരണ അവധിക്കാലത്തെ രണ്ടു മാസം 2000 രൂപ വീതം അലവൻസ് നൽകിയിരുന്നതാണ്. ഇക്കൊല്ലമാകട്ടെ അതും ഇവർക്ക് കിട്ടിയില്ല.
@ ഇനിയെന്ന് സ്കൂൾ തുറക്കും.
ഇനി പഴയ തൊഴിലിലേക്ക് എന്ന് മടങ്ങിയെത്താനാകുമെന്നത് അനിശ്ചിതത്വത്തിലാണ്. കോവിഡ് പ്രതിസന്ധി നീളുന്നതുതന്നെയാണ് അതിന് കാരണം. മൂന്നാം തരംഗം കൂടി മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ അടുത്തെങ്ങും തുറക്കാൻ സാധ്യതയുമില്ല. അതുകൊണ്ട് ഈ രംഗത്തോട് എന്നെന്നേക്കുമായി വിടപറയേണ്ടിവരുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.ഒപ്പം തന്നെ ആവശ്യങ്ങളും
വേനലവധിക്കാല വേതനം 7500 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം ഒപ്പം സ്കൂൾ
തുറക്കുംവരെ ഓരോ തൊഴിലാളിക്കും 10000 രൂപ പ്രതിമാസ വേതനം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. പിടിച്ചുവെച്ചിരിക്കുന്ന വേനലവധിക്കാല അലവൻസും നൽകണമെന്നാണ് ഇവരുടെ ആവശ്യം.
No comments:
Post a Comment