റേഷൻവിതരണം മുടങ്ങിയതിനെത്തുടർന്ന് ബോവിക്കാനത്തെ റേഷൻ കടയിൽ അനുഭവപ്പെട്ട തിരക്ക്
കൊല്ലം : റേഷൻ വിതരണം സുതാര്യമാക്കാനായി നടപ്പാക്കിയ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ-പോസ്) സംവിധാനം റേഷൻ വ്യാപാരികൾക്കും ഉപയോക്താക്കൾക്കും തലവേദനയാകുന്നതായി പരാതി. ഈ സംവിധാനം സ്തംഭിക്കുന്നതിനാലാണ് റേഷൻ വിതരണം താളം തെറ്റുന്നത്. മാസത്തിൽ ഒന്നിലേറെത്തവണ പല കാരണങ്ങളാൽ പ്രവർത്തനം തടസ്സപ്പെടുന്ന സ്ഥിതിയാണ്.
ഇന്നലെ ജില്ലയിലെ റേഷൻകടകളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ അര മുക്കാൽ മണിക്കൂർ പൂർണമായും സ്തംഭിച്ച ഇ - പോസ് സംവിധാനം റേഷൻ വിതരണം തടസ്സപ്പെടുത്തി. പലയിടത്തും റേഷൻ വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടാക്കുന്നതിന് ഇത് കാരണമായി. ഉച്ചയ്ക്ക് രണ്ടിന്
ശേഷം ശരിയായെങ്കിലും പൂർണമായും പ്രവർത്തനസജ്ജമായില്ലെന്നാണ് കടക്കാരുടെ പരാതി. ഇ -പോസ് യന്ത്രത്തിൽനിന്ന് ഒറ്റത്തവണ പാസ്വേർഡ് ലഭിക്കാത്തതായിരുന്നു പ്രധാനമായും റേഷൻ നൽകാൻ തടസ്സമായത്. കിഴക്കൻ
മേഖലയിലും ഗ്രാമ പ്രാദേശങ്ങളിലെ
റേഷൻകടകളിലാണ് ഈ പ്രശ്നം ബാധിച്ചത്. തുടക്കത്തിൽ നെറ്റ്വർക്ക് തകരാറാണെന്ന് കരുതിയെങ്കിലും പിന്നീട് മറ്റു ഭാഗങ്ങളിലെ കടക്കാരുമായി സംസാരിച്ചതോടെയാണ് ഈ പ്രശ്നം എല്ലാ കടകളിലും പൊതുവായുള്ളതാണെന്ന് റേഷൻ വ്യാപാരികൾക്ക് മനസിലായത്.
രാവിലെ 8.30 മുതൽ 2.30 വരെയാണ് നിലവിലെ റേഷൻ കടകളുടെ പ്രവർത്തനസമയം. അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങണമെന്ന് സർക്കാർ പറയുമ്പോൾ ഇ-പോസ് സംവിധാനത്തിലെ തകരാർ കാരണം വ്യാഴാഴ്ച റേഷൻ കിട്ടാതെ മടങ്ങിയവർ വീണ്ടും കടകളിലേക്ക് വരേണ്ടിവരും.
@ മാറ്റമില്ലാത്തമൂന്നുവർഷം
ഏപ്രിലിലാണ് സംസ്ഥാനത്ത് റേഷൻ ഇ-പോസ് സംവിധാനം വഴി വിതരണം ചെയ്യാൻ തുടങ്ങിയത്. മൂന്ന് വർഷമായിട്ടും ഈ മേഖലയിലെ സാങ്കേതിക പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിയാത്തത് റേഷൻവിതരണം മുടങ്ങുന്നതിന് കാരണമാവുന്നുണ്ട്. ചില ദിവസങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഇത്തരം പ്രശ്നങ്ങൾ ഈ വിഷയത്തിൽ സാങ്കേതികമായി അറിവില്ലാത്ത വ്യാപാരികൾ റേഞ്ചില്ലാത്തത് പോലുള്ള നെറ്റ്വർക്ക് പ്രശ്നമാണെന്ന് കരുതി കാത്തിരിക്കും. ഇത്രയും സമയം കടയിലേക്കെത്തുന്നവരും കാത്തിരിക്കേണ്ടിവരുന്നു. തുടക്കത്തിൽ ഏതൊരു സംവിധാനവും പോലെ പരിചയക്കുറവ് ഈ മേഖലയിലുമുണ്ടായിരുന്നു. അതിന്റെ പ്രതിഫലനം റേഷൻ വിതരണത്തിലുമുണ്ടായിരുന്നു.
വൈദ്യുതിയില്ലാത്തതും നെറ്റ്വർക്ക് പ്രശ്നവും ഇ - പോസ് യന്ത്രത്തെ ബാധിക്കില്ലെന്നാണ് അധികൃതർ അവകാശപ്പെട്ടതെങ്കിലും പലയിടത്തും ഇത് കാര്യമായി ബാധിച്ചു. മഴ കനത്താൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതാവുന്ന കിഴക്കൻ മേഖലയിലെ മലയോര മേഖലയിലും ഗ്രാമപ്രദേശങ്ങളിലുമാണ്
ജനങ്ങൾ ബുദ്ധിമുട്ടിലായത്.
സാങ്കേതിക പ്രശ്നംഅരമണിക്കൂറിനകം
പരിഹരിച്ചു - അധികൃതർ
ആധാറിന്റെ വെബ്സൈറ്റ് ജാമായതിനാൽ ഇ-പോസ് യന്ത്രവുമായി ബന്ധിപ്പിച്ച ആധാറിൽനിന്ന് വിവരങ്ങൾ ലഭ്യമാവാത്തതാണ് റേഷൻ വിതരണം നിലയ്ക്കാൻ കാരണമായത്. റേഷൻ വ്യാപാരികളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിരുന്നു.
അരമണിക്കൂറിനകംതന്നെ ഇത് പരിഹരിക്കാനും സാധിച്ചിരുന്നു. അതിനുശേഷം ഇ-പോസ് സംവിധാനം സാധാരണരീതിയിൽ പ്രവർത്തിക്കുന്നതായി പലയിടത്തുനിന്നും വിവരവും ലഭിച്ചിരുന്നതായും അധികൃതർ അറിയിച്ചു
No comments:
Post a Comment