Sunday, 14 February 2021

മൃഗ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളില്ല; ക്ഷീര കർഷകർ

മൃഗ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളില്ല ക്ഷീര കർഷകർ പ്രതിസന്ധിയിൽ  

കൊല്ലം : കന്നുകാലികളെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് മരുന്നില്ലാതെ മൃഗാശുപത്രകൾ. അഞ്ചു വർഷത്തിനിടയിൽ മൃഗാശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ അളവ് സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതാണ് കാരണം.
നാൽപ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ആസ്പത്രികളുടെ പ്രാധാന്യം അനുസരിച്ചല്ല മരുന്നുവിതരണം ക്രമീകരിക്കുന്നതെന്നതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. ആശുപത്രികൾ, പോളി ക്ലിനിക്കുകൾ, ഡിസ്‌പെൻസറി എന്നിവയ്‌ക്കെല്ലാം ഒരേ അളവിൽ മരുന്നുകൾ നൽകുന്ന നയമാണ് വകുപ്പു സ്വീകരിച്ചിരിക്കുന്നത്. ഡിസ്‌പെൻസറികളിലേക്കാൾ പതിന്മടങ്ങ് കന്നുകാലികളെ ചികിത്സയ്ക്കായി ആശുപത്രികളിൽ കൊണ്ടുവരുന്നുണ്ട്.

അവിടെ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൻവില കൊടുത്ത് മെഡിക്കൽ സ്റ്റോറുകളിൽനിന്ന് സ്വന്തമാക്കേണ്ട ഗതികേടിലാണ് കർഷകർ. മുൻവർഷം മൂന്നുതവണ സർക്കാർ ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്തിരുന്നെങ്കിലും നിലവിൽ ഇത് ഒന്നായി ചുരുക്കിയിട്ടുണ്ട്. മരുന്നുകൾ കരാർ അടിസ്ഥാനത്തിൽ ഏജൻസികളുടെ പക്കൽനിന്നാണ് മൃഗസംരക്ഷണ വകുപ്പ് വാങ്ങുന്നതെന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കൂടുതൽ ലാഭത്തിനായി കരാറുകാരൻ ഗുണമേന്മ കുറഞ്ഞ മരുന്നുകൾ വിതരണം ചെയ്യാനും സാധ്യതയുണ്ട്.
കന്നുകാലികളെ പ്രധാനമായും ബാധിക്കുന്ന അകിടുവീക്കം, വന്ധ്യത, സാംക്രമികരോഗങ്ങൾ, പെട്ടെന്നു കന്നുകാലികൾ കിടപ്പാകുന്ന അവസ്ഥ തുടങ്ങിയ രോഗങ്ങൾക്കാണ് കർഷകർ പ്രധാനമായും ചികിത്സ തേടുന്നത്. അകിടുവീക്കം മാറാൻ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും സമയമെടുക്കും. ആസ്പത്രികളിൽ മരുന്നുകളുടെ ലഭ്യതക്കുറവുമൂലം ആന്റിബയോട്ടിക്ക് കുത്തിവയ്പ് അടക്കമുള്ളവയ്ക്ക് ക്ഷീരകർഷകർ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കണം. ഇതിന് ശരാശരി ദിവസേന 500 മുതൽ 750 രൂപവരെ ചെലവാകും. വന്ധ്യത, തളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് കൂടുതൽ ചികിത്സ വേണ്ടിവരും.

No comments:

Post a Comment