Thursday, 4 February 2021

നാടാകെ ചോദിക്കുന്നു, മകളെ... നീ എവിടെ ?


എന്റെ മകൾ എവിടെയോ ഉണ്ട്. എന്നെങ്കിലും വരും.' പ്രതീക്ഷയിലാണ് ആ അച്ഛൻ. ജെസ്ന എവിടെ... കാണാതായിട്ട് മൂന്നുവർഷം ആകുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. നിജസ്ഥിതിയറിയാതെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും.

2018 മാർച്ച് 22-നാണ് പത്തനംതിട്ട ജില്ലയിലെ കൊല്ലമുള സന്തോഷ്കവലയിൽ കുന്നത്ത് വീട്ടിൽ െജയിംസിന്റെ മകൾ ജെസ്ന മരിയ െജയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിനി ആയിരുന്നു.

അന്ന് പ്രായം 20. അന്വേഷണത്തിലെ വീഴ്ചയാരോപിച്ച് നാട്ടുകാരനായ രഘുനാഥൻ നായർ എറണാകുളത്ത് ഹൈക്കോടതി ന്യായാധിപന്റെ വാഹനത്തിൽ ബുധനാഴ്ച രാവിലെ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതോടെ ജെസ്നയുടെ തിരോധാനം വീണ്ടും ചർച്ചയാവുകയാണ്.

നാൾവഴി

മാർച്ച് 22. കൊല്ലമുളയിലെ വീട്ടിൽനിന്ന് മുണ്ടക്കയം പുഞ്ചവയലിൽ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് ജെസ്ന ഇറങ്ങിയത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചായിരുന്നു യാത്ര. ബസ് മാർഗം എരുമേലിയിലെത്തി. പിന്നീട് എങ്ങോട്ട് പോയി... ബന്ധുവീട്ടിലും തിരികെ സ്വന്തം വീട്ടിലുമെത്തിയില്ല. മകളെ കാണാനില്ലെന്ന് കാട്ടി അച്ഛൻ എരുമേലി, വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വഴിമുട്ടി.

പ്രതിഷേധം കനത്തതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സൈബർ വിദഗ്ധരുൾപ്പെടെ പ്രത്യക സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്.

അന്വേഷണം വിപുലം... ഉത്തരമില്ല

സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലുമായി ജെസ്നയെ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് നടത്തിയത്. കാണാതാകുന്നതിനുമുമ്പ് ജെസ്നയുടെ ഫോണിൽ വിളിച്ച സുഹൃത്തിനെയും ചോദ്യം ചെയ്തു. വനമേഖലകൾ ഉൾപ്പെടെ സംശയകരമായ പ്രദേശങ്ങളിൽ പരിശോധന നടത്തി. ഇതിനിടെ തമിഴ്നാട്ടിലും കർണാടകയിലും ജെസ്നയെ കണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.

പ്രതീക്ഷയിൽ

മകൾ മടങ്ങി വരും... പ്രതീക്ഷയിലാണ്... മകളെ കാണാതായിട്ട് മൂന്നുവർഷം അടുത്തിട്ടും പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. മകളെ കണ്ടെത്താൻ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം കൊടുത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ അറയ്ക്കലിനെ കണ്ട് ബി.ജെ.പി. നേതൃത്വത്തിന്റെ സഹായത്തോടെയാണ് നിവേദനം നൽകിയത്.- ജെയിംസ് കുന്നത്ത് കൊല്ലമുള (ജെസ്നയുടെ അച്ഛൻ)

ഒളിച്ചുകളിക്കുന്നു

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യാഥാർഥ്യം പറയാതെ പോലീസ് ഒളിച്ചുകളിക്കുകയാണ്. കുറ്റമറ്റ അന്വേഷണ സംവിധാനമുള്ള കേരളത്തിൽ ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് തുടരുന്ന ദുരൂഹത പെൺമക്കളുള്ള ആയിരക്കണക്കിന് രക്ഷിതാക്കളെ ആശങ്കയിലാക്കുകയാണ്.- എൻ.ഹരി, ബി.ജെ.പി.സംസ്ഥാന സമിതിയംഗം

No comments:

Post a Comment