Thursday, 18 February 2021

ദേശാടന പക്ഷികളുടെമടങ്ങിവരവും കാത്ത് പോളച്ചിറ ഏല

ദേശാടന പക്ഷികളുടെ
മടങ്ങിവരവും കാത്ത് പോളച്ചിറ ഏല

ചാത്തന്നൂര്‍ : പോളച്ചിറ ഏലായില്‍ ഇക്കുറി നെല്‍കൃഷി മുടങ്ങിയത് ദേശാടന പക്ഷികളുടെ വരവ് നിലയ്ക്കാന്‍ കാരണമായി. 1500 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പോളച്ചിറ ഏല ചിറക്കരയുടെ നെല്ലറയെന്നാണ് അറിയപ്പെടുന്നത്. നെല്‍കൃഷി പുനരാരംഭിച്ചതോടെ നഷടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചിറക്കര പഞ്ചായത്ത്. കാലവര്‍ഷത്തില്‍ ഒഴുകിയെത്തുന്ന എക്കല്‍ നിറഞ്ഞ മണ്ണ് അടിഞ്ഞുകൂടി തണ്ണീര്‍തടമായി രൂപപ്പെട്ടു കിടന്ന ഏലായില്‍ ഇരുപ്പൂ നെല്‍കൃഷി വരെ ചെയ്തിരുന്നു. നാടന്‍ വിത്ത് വിതച്ച് 90 ദിവസത്തിനകം പാകപ്പെടുത്തി കൊയ്തെടുക്കുകയായിരുന്നു ഇവിടുത്തെ കൃഷി രീതി. മഞ്ഞുറയുന്ന സൈബീരിയയില്‍ നിന്നു പോലും പക്ഷികള്‍ പോളച്ചിറയില്‍ എത്തിയിരുന്നു. പോളച്ചിറ ഏലായുടെ പാര്‍ശ്വഭാഗങ്ങളിലെ വലിയ വൃക്ഷങ്ങളില്‍ ചേക്കേറി കൂടുകൂട്ടിയായിരുന്നു ഇവയുടെ വാസം. കാലത്തിന്റെ കുത്തൊഴുക്കില്‍ കൃഷി മുടങ്ങി. ഏലായില്‍ മണ്ണെടുപ്പും ചെളിയെടുപ്പും തകൃതിയായി. ഇതോടെ ഏലായുടെ ശനിദശയും തുടങ്ങി. വന്‍മരങ്ങളുടെ ചുവട്ടില്‍ മഴു പതിച്ചു. പച്ചപ്പ് തന്നെ ഇല്ലാതായി. ഏലായിലെ പച്ചപ്പ് ഇല്ലാതായതോടെ പക്ഷികളുടെ വരവ് നിലച്ചു. കയ്യേറ്റം ഏലായെ തന്നെ ദുര്‍ബലപ്പെടുത്തി. നവംബര്‍, ഡിസംബര്‍ മാസത്തോടെ ഏലായിലെത്തി വന്‍മരങ്ങളില്‍ കൂടു കൂട്ടി പ്രജനനം നടത്തി ജനുവരി അവസാനത്തോടെ മടങ്ങി പോയിരുന്ന പക്ഷികളുടെ വരവ് നിലച്ചു. കൊത്തിപ്പെറുക്കുവാന്‍ നെല്‍മണികള്‍ ഇല്ലാത്തതും കൂട് കൂട്ടുവാന്‍ മരച്ചില്ലകള്‍ ഇല്ലാത്തതും പക്ഷികളുടെ വരവ് നിലയ്ക്കാന്‍ കാരണമായി. ജലസമൃദ്ധിയില്‍ മുങ്ങിക്കിടക്കുന്ന ഏലാ സസ്യജാലങ്ങളുടെയും വിവിധ ഇനത്തിലുള്ള മത്സ്യങ്ങളുടെയും കലവറയായിരുന്നു. കരിമീനും വരാലും ഉള്‍പ്പെടെ നിരവധി ശുദ്ധജല മത്സ്യങ്ങള്‍ പോളച്ചിറയില്‍ സുലഭമായി വളര്‍ന്നിരുന്നു. കൃഷി നിലച്ചതോടെ മത്സ്യസമ്പത്തിനും കുറവ് വന്നു. ഇതോടെ ദേശാടന പക്ഷികളുടെ വരവും നിന്നു ദേശാടനപക്ഷികൾ എത്തിയാൽ ഇവിടേക്ക് വിനോദസഞ്ചാരികളുടെ വരവ് ഉണ്ടാകും ഒപ്പം പക്ഷിപ്രേമികളും ഗവേഷകരും ഇവിടേക്ക് എത്തും. ദേശാടന പക്ഷികളുടെ വരവും കാത്തിരിക്കുകയാണ് പോളച്ചിറ ഏലായും പക്ഷി പ്രേമികളും.


No comments:

Post a Comment