: ആറാട്ടുപുഴയിൽ തെരുവുനായ ശല്യം രൂക്ഷം. അലഞ്ഞുതിരിയുന്ന നായകളുടെ ആക്രമണം വർദ്ധിച്ചതോടെ തീരദേശവാസികൾ ഭയപ്പാടിൽ. പെരുമ്പളളി, രാമഞ്ചേരി, വട്ടച്ചാൽ ഭാഗങ്ങളിലാണ് ശല്യം രൂക്ഷം. വലിയഴീക്കൽ, തറയിൽക്കടവ്, നല്ലാണിക്കൽ ഭാഗങ്ങളിലും നായ ശല്യം രൂക്ഷമാണ്.തീരദേശപാതയിലെ രാത്രിയാത്രക്കാർക്ക് നായകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ഭീഷണി. ഒരു വർഷം മുൻപ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇവിടെ ഇരുചക്രവാഹന യാത്രികനായ യുവാവ് മരണമടഞ്ഞിരുന്നു. വാഹനം ഇടിച്ച് നായകൾക്ക് പരിക്കേൽക്കാറുണ്ട്.
റോഡരികിലും മറ്റും തമ്പടിക്കുന്ന നായകൾ കൂട്ടത്തോടെ പിന്നാലെ എത്തി ഇരുചക്രവാഹന യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവങ്ങളുമുണ്ട്. ഭയപ്പാട് കാരണം രാത്രി വൈകി ഇരുചക്ര വാഹനത്തിൽ പോകുന്നവർ പിന്നാലെ വരുന്ന മറ്റ് യാത്രക്കാർ എത്തിയശേഷം ഒരുമിച്ചാണ് പെരുമ്പളളിയിൽ നിന്ന് വടക്കോട്ട് പോകുന്നത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നായ ആക്രമിച്ച സംഭവങ്ങളും പ്രദേശത്തുണ്ടായിട്ടുണ്ട്. ഇതുകാരണം കുട്ടികളെ മുറ്റത്തേക്കിറക്കാൻ പോലും വീട്ടുകാർ ഭയപ്പെടുകയാണ്. സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും നായ്ക്കൾ ഭീഷണിയാണ്. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment