മണ്ണാറശാലയിലെ ആചാരങ്ങളുടെ അവസാനവാക്കാണ് വലിയമ്മ. നാഗരാജാവിന്റെ മാതൃസ്ഥാനമാണ് മണ്ണാറശാല വലിയമ്മയ്ക്കുള്ളത്. മക്കളില്ലാതെ വിഷമിച്ച പൂർവിക മാതാവിന് നാഗരാജാവ് പുത്രനായി അവതരിച്ചെന്നാണ് വിശ്വാസം. അതിന്റെ തുടർച്ചയായാണ് മണ്ണാറശാലയിലെ വലിയമ്മയ്ക്ക് പൂജാവിധികളുടെ അവകാശം സിദ്ധിച്ചതെന്നാണ് വിശ്വസിക്കുന്നത്.
മണ്ണാറശാലയിലെ മുതിർന്ന അംഗത്തിന്റെ വേളിയാണ് വലിയമ്മയാകുന്നത്. ഒരു വർഷത്തോളം നീളുന്ന ഉപാസനയോടെയാണ് വലിയമ്മ പൂജാവിധികൾ സ്വായത്തമാക്കുന്നത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്തെ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി അന്തർജനത്തിന്റെയും മകൾ ഉമാദേവി അന്തർജന (88)മാണ് ഇപ്പോഴത്തെ വലിയമ്മ. മണ്ണാറശാല എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഇല്ലത്ത് എത്തുന്നത്.
24 വർഷമായി ഉമാദേവി അന്തർജനം വലിയമ്മ പദവി വഹിക്കുന്നു. ദീർഘകാലം വലിയമ്മയായിരുന്ന സാവിത്രി അന്തർജനം തൊണ്ണൂറ്റിയൊന്നാം വയസ്സിൽ 1993 ഓക്ടോബർ 24-ന് സമാധിയായി. തുടർന്നാണ് ഉമാദേവി അന്തർജനം മണ്ണാറശാല വലിയമ്മ പദവിയിലെത്തുന്നത്.
മണ്ണാറശാലയിൽ വലിയമ്മ പൂജ നടത്തുന്ന ദിവസങ്ങൾ നിശ്ചയിക്കപ്പെട്ടിണ്ടുണ്ട്. എല്ലാ മലയാളമാസവും ഒന്നാം തീയതി, മാസംതോറുമുള്ള പൂയ്യം നാൾ, മാഘമാസാരംഭം മുതൽ ശിവരാത്രിയുടെ തലേന്നാൾ വരെ, ചിങ്ങത്തിലെ തിരുവോണം, കർക്കടകം ഒന്ന് മുതൽ 12 വരെ, കന്നി, തുലാം മാസങ്ങളിലെ ആയില്യത്തിന് മുൻപുള്ള 12 ദിവസങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ വലിയമ്മ ശ്രീകോവിലിൽ പൂജ നടത്തണമെന്നാണ് കീഴ്പതിവ്.
വലിയമ്മയ്ക്ക് ഏതെങ്കിലും വിധത്തിൽ അസൗകര്യമുണ്ടായാൽ ഈ പൂജകൾ ആരും നടത്തേണ്ടതില്ലെന്നാണ് ആചാരം.
മണ്ണാറശാലയിലെ ആയില്യം എഴുന്നള്ളത്തും ഇതേ രീതിയിലാണ്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളിൽ ക്ഷേത്രത്തിൽനിന്ന് ഇല്ലത്തെ നിലവറയിലേക്കാണ് ആയില്യം എഴുന്നള്ളത്ത് നടക്കുന്നത്. വലിയമ്മ നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി എഴുന്നള്ളും. ചെറിയമ്മയും സർപ്പയക്ഷിയുടെയും ഇല്ലത്തെ കാരണവന്മാർ നാഗയക്ഷി, നാഗചാമുണ്ഡി തിടമ്പുകളുമായി അനുഗമിക്കും. വലിയമ്മയ്ക്ക് അസൗകര്യമുണ്ടായാൽ എഴുന്നള്ളത്ത് തന്നെ വേണ്ടതില്ലെന്നതാണ് ആചാരം.
ഭക്തർ നാഗരാജാവിന്റെ പ്രതിരൂപമായാണ് വലിയമ്മയെ കാണുന്നത്. സങ്കടങ്ങളുമായി അമ്മയുടെ മുന്നിലെത്തും. എല്ലാം ശരിയാകുമെന്ന ആശ്വാസവാക്ക് മതി ഭക്തരുടെ ആത്മവിശ്വാസം വാനോളം ഉയരാൻ. നൂറുകണക്കിനാളുകളാണ് എല്ലാ ദിവസവും വലിയമ്മയുടെ ദർശനത്തിനായി എത്തിച്ചേരുന്നത്.
തുലാം മാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം
നാഗരാജാവിന്റെ ജന്മദിനം കന്നി മാസത്തിലെ ആയില്യമാണ്. മണ്ണാറശാലയിൽ കന്നി, തുലാം മാസങ്ങളിലെ ആയില്യം തുല്യപ്രാധാന്യത്തോടെയാണ് കൊണ്ടാടുന്നത്. തിരുവിതാംകൂർ രാജാക്കന്മാരുമായി ബന്ധപ്പെട്ടാണ് ഈ പതിവുണ്ടായത്.
മണ്ണാറശാല ആയില്യത്തിന് തിരുവിതാംകൂർ രാജക്കാന്മാർ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കൽ കന്നിയിലെ ആയില്യത്തിന് എത്തിച്ചേരാൻ മഹാരാജാവിന് സാധിച്ചില്ല. അടുത്ത മാസം (തുലാം) ക്ഷേത്രത്തിൽ വരാനും ആരാധന നടത്താനും രാജാവ് തീരുമാനിച്ചു. അന്നത്തെ ചെലവുകളെല്ലാം കൊട്ടാരം വകയായിരുന്നു. ഉത്സവം പൂർവാധികം ആകർഷകമാക്കാൻ ക്ഷേത്രത്തിലേക്ക് ധാരാളം വസ്തുവകകൾ കരമൊഴിവായി കൊടുത്തു. അങ്ങനെയാണ് കന്നിയിലെ ആയില്യത്തിന്റെ അതേ പ്രൗഢി തുലാം മാസത്തിലെ ആയില്യത്തിനും ലഭിക്കുന്നത്. മണ്ണാറശാല ആയില്യം എന്ന പേരിലാണ് തുലാം മാസത്തിലെ ആയില്യം അറിയപ്പെടുന്നത്.
No comments:
Post a Comment