*കുട്ടിക്കാലത്തു ബാലരമയിൽ വായിച്ച ഒരു ഫലിതം ആണ് .*
*പാൽ കച്ചവടക്കാരൻ പരമുപിള്ള വീടുകളിൽ പോയി പാൽ ശേഖരിച്ചു പട്ടണത്തിൽ കൊണ്ടു പോയി വിൽക്കും . അങ്ങിനെ പരമുപിള്ള പെട്ടന്നു ധനികനായി . കച്ചവടം വളർന്നതോടെ പരമുപിള്ള പട്ടണത്തിലേക്കു തന്റെ വീടും വിതരണ കേന്ദ്രവും മാറ്റി . എതാനം നാളുകൾ കഴിഞ്ഞപ്പോൾ കച്ചവടം പൂട്ടി .*
*പഴയ ചങ്ങാതിമാർ ആരോ പരമുപിള്ളയേ കണ്ടപ്പോൾ വിശേഷങ്ങൾ തിരക്കി .*
*" എന്താ പാലു കച്ചവടം നിർത്തിക്കളഞ്ഞതു ? നല്ല പാൽ കിട്ടാനില്ലേ ? "*
*പരമുപിള്ള തല ചൊറിഞ്ഞു കൊണ്ടു ആ രഹസ്യം ചങ്ങാതിയോടു പറഞ്ഞു .*
*" പാലൊക്കെ കിട്ടുമായിരുന്നു ..നല്ല വെള്ളം കിട്ടാനാനില്ല ..അതാ കച്ചവടം നിർത്തിയത് "*
*പഴയ ഒരു നർമ്മം ആണെങ്കിലും ഇതു വളരെ പ്രസക്തമാക്കുന്ന ധാരാളം സംഭാഷണങ്ങൾ നമ്മൾ നിത്യവും കേൾക്കുന്നു .*
*" ഓട്ടോ മീറ്റർ വെച്ചു ഓടിച്ചാൽ മുതലാവുകയില്ല "*
*" ഇൻകം ടാക്സ് കൊടുത്താൽ പിന്നെ മിച്ചം ഒന്നും ഇല്ല "*
*" ജീ . എസ് . ടീ വന്നതിനാൽ കച്ചവടം നഷ്ടത്തിൽ ആയി "*
*" നഴ്സുമാർക്കു ശമ്പളം കൂട്ടിയാൽ ആശുപത്രി നടത്താൻ പറ്റില്ല ".*
*" നികുതി കൊടുത്താൽ പിന്നെ സ്വർണ്ണം വാങ്ങാൻ പറ്റില്ല "*
*" വസ്തുവിന്റെ യഥാർഥ വില പേപ്പറിൽ കാണിച്ചാൽ പിന്നെ കൈയ്യിൽ ഒന്നും കിട്ടില്ല "*
*" സർക്കാരിന് നികുതി കൊടുത്തു ഈ വ്യവസായം നടത്തിക്കൊണ്ടു പോകാൻ പറ്റില്ല "*
*" അൽപ്പസ്വൽപ്പം മായം ചേർക്കാതെ ഈ കച്ചവടം ലാഭം ആക്കാൻ പറ്റില്ല "*
*ചുരുക്കത്തിൽ ഒരു നിയമം പാലിച്ചാൽ , നികുതി കൊടുത്താൽ , ന്യായമായ കൂലി കൊടുത്താൽ , ബാങ്കു വഴി ഇടപാടു നടത്തിയാൽ , സ്റ്റാമ്പു ഡ്യൂട്ടി അടച്ചാൽ , ക്യാപിറ്റൽ ഗയിൻ ടാക്സ് കൊടുത്താൽ , വരുമാന നികുതി അടച്ചാൽ , സ്പീഡ് ഗവർണർ വെച്ചാൽ , ട്രാഫിക് നിയമം പാലിച്ചാൽ , വഴിയിൽ പരിക്കു പറ്റിയവരെ സഹായിക്കാൻ പോയാൽ , സത്യസന്ധരായാൽ , കരുണ കാണിച്ചാൽ ..*
*ഒക്കെ പ്രശ്നം ആണെന്നും അങ്ങിനെ ജീവിക്കാൻ പറ്റില്ലെന്നും നമ്മൾ ചെറുപ്പം മുതൽ ശീലിക്കുകയോ പഠിക്കുകയോ ആണ് . നികുതി അടക്കാതിരിക്കൽ ആണ് മെച്ചപ്പെട്ട ജീവിതം എന്നു മനസ്സിലാക്കിവെച്ചിരിക്കുകയാണ് ഞാൻ ഉള്പ്പെടെയുള്ള ഭൂരിപക്ഷം പേരും. .*
*ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ടവർ മാത്രം ആണു രാജ്യ ദ്രോഹികൾ എന്നു നാം വിശ്വസിക്കുന്നു . 10 കൊല്ലം കൊണ്ടു അട്ടപ്പാടിയിൽ 20000 കോടി രൂപ എങ്ങിനെ എവിടെയൊക്കെ ചിലവഴിച്ചു എന്നു നാം എപ്പോഴെങ്കിലും വേവലാതിപ്പെട്ടിട്ടുണ്ടോ ?*
*കെ എസ് ആർ ടീ സീ യുടെ പ്രതിദിന നഷ്ടം എത്രയാണു എന്നു എപ്പോഴെങ്കിലും ഗൗരവം ആയി ആലോചിച്ചിട്ടുണ്ടോ ?*
*എയർ ഇന്ത്യയുടെ സഞ്ചിത നഷ്ടം 50000 കോടി ആണെന്നു എത്ര പേർക്ക് അറിയാം ?*
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം വിൽക്കുന്ന സംസ്ഥാനത്ത് അതിന്റെ ആനുപാതികമായി വരുന്ന നികുതി നഷ്ടം എത്രയാണു എന്നു ആലോചിച്ചിട്ടുണ്ടൊ ?*
*50 കൊല്ലം മുൻപു ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥ തന്നെയാണു ഇന്നും കേരളത്തിന്റെ .*
*എന്നാൽ വാഹനങ്ങളുടെ എണ്ണമോ ?*
*പ്രതിവർഷം 4000 റോഡപകട മരണങ്ങൾ ആണ് കേരളത്തിൽ ഉണ്ടാകുന്നത് എന്നത് എന്തു കൊണ്ടു നമ്മേ ഭയപ്പെടുത്തുന്നില്ല ?*
*ദിനം പ്രതി വർദ്ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ജനക്കൂട്ട കൊലപാതകങ്ങളും എന്തു കൊണ്ടു നമ്മെ ഭയചകിതർ ആക്കുന്നില്ല ?*
*മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാം പറഞ്ഞ പരമ പ്രധാനമായ കാര്യം ഓർമ്മിക്കാം .*
*ഒരു രാജ്യത്തിന്റെ പുരോഗതി നിശ്ചയിക്കുന്നതു സാമ്പത്തിക വളർച്ചയോ വ്യാവസായിക വളർച്ചയോ സർക്കാറോ അല്ല. മറിച്ചു ധാർമികത ഉള്ള വ്യക്തികൾ കൂടുതൽ ഉണ്ടാവുകയും വ്യക്തികൾ ചേർന്നു സമൂഹം ഉണ്ടാവുകയും സമൂഹം ചേർന്നു ധാർമികത ഉള്ള വ്യവസ്ഥിതി ഉണ്ടാവുകയും ചെയ്യുമ്പോൾ ആണ് .*
*നികുതി അടക്കുക , നിയമം പാലിക്കുക , അഴിമതി നടത്താതിരിക്കുക , മറ്റുള്ളവരെ സഹായിക്കുക , കരുണ, സഹതാപം , അഹിംസ , ഇതെല്ലാം ധാർമികതയുടെ ഉപോൽപ്പന്നങ്ങൾ ആണു . ധാർമികത വിദ്യാഭ്യാസം നേടി എന്നതു കൊണ്ടു മാത്രം ഉണ്ടാവുന്നു എന്നു കരുതേണ്ട . അതു ഒരു ഘടകം മാത്രമാണു .*
*ധാർമികത വ്യക്തികളിൽ നിന്നും സമൂഹത്തിലേക്കും സമൂഹത്തിൽ നിന്നും രാജ്യത്തേക്കും വ്യാപിക്കുമ്പോൾ മാത്രമേ രാജ്യം പുരോഗമിക്കുന്നു എന്നു പറയാൻ പറ്റുകയുള്ളൂ .*
*അതു നൽകാത്ത വിദ്യാഭ്യാസമോ സമ്പത്തോ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ മതബോധമോ വ്യവസ്ഥിതിയോ ധാർമിക ബോധമുള്ള വ്യക്തികളെ സൃഷ്ടിക്കുകയും ഇല്ല .*
*ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ട വ്യക്തികൾ ആകാൻ നമുക്കു ഒരുമിച്ചു പരിശ്രമിക്കാം*
No comments:
Post a Comment