ശബരിമല ശാസ്താവിന്റെ ഉള്ളത്തിൽ ഒരു നീറ്റലുണ്ടായത് ആ ഉത്തരാർദ്ധ നിമിഷത്തിലായിരുന്നു. പൂഞ്ഞാർ റിപ്പബ്ലിക്കിലെ ഒരേയൊരു സിംഹത്തിന്റെ ശപഥം കേട്ട മാത്രയിൽ. അമ്പത്തിയാറിഞ്ച് വ്യാസമുള്ള കുംഭയ്ക്ക് ഇനിയൊരു പഷ്ണിക്കുള്ള ബാല്യമുണ്ടോ എന്നോർത്തിട്ടായിരുന്നു ശാസ്താവിന്റെ ഉള്ളു പിടഞ്ഞത്. പക്ഷേ, സിംഹം വിടാൻ ഭാവമില്ല. പഷ്ണി കിടക്കാൻ തന്നെയാണ് സിംഹം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത്. എരുമേലിയിൽ സിംഹം വിചാരിച്ചാലല്ലാതെ ശാസ്താവല്ല, ശാസ്താവിന്റെ അപ്പൻ പരമശിവന് പോലും ശ്വാസം നേരേ ചൊവ്വേ വിടാൻ പറ്റില്ല. അതുകൊണ്ടാണ് ശാസ്താവിന്റെ അടുക്കലേക്ക് എരുമേലി വഴി ഒരു പെണ്ണും കടന്ന് പോകില്ലെന്ന് സിംഹം പ്രഖ്യാപിച്ചുകളഞ്ഞത്.
ഇനി അഥവാ ഏതെങ്കിലും പെണ്ണുങ്ങൾ വല്ല ആൺവേഷവും കെട്ടി എരുമേലി വഴി നുഴഞ്ഞുകയറിയാലോ? സിംഹം അതൊക്കെ മുൻകൂട്ടി കാണുന്നവനാണ്. ന.മോ.ജിയുടെ56 ഇഞ്ച് നെഞ്ചളവ് കഴിഞ്ഞാൽ പിന്നെ56 ഇഞ്ച് അളവിലുള്ള ഒരേയൊരു സാധനം പൂഞ്ഞാർ സിംഹത്തിന്റെ കുംഭയാണ്. അങ്ങനെയുള്ള കുംഭയോടാണോ കളി! അതിനാലാണ് ഏത് നുഴഞ്ഞു കയറ്റക്കാരനെയും പിടിക്കാവുന്ന തരത്തിൽ കുംഭ നിവർത്തി പഷ്ണി കിടക്കാമെന്ന് നിശ്ചയിച്ചത്. ചൊവ്വാഴ്ചയാണ് ആ ചരിത്രദിവസം. വിശ്വാസ സംരക്ഷണ സത്യഗ്രഹം എന്ന പേരിലുള്ള ഉപവാസയജ്ഞത്തിനായി പ്രത്യേകം തയാറാക്കിയ പഷ്ണിക്കട്ടിൽ സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
പൂഞ്ഞാർ കാട്ടിൽ ഇരട്ടക്കുഴലുള്ള തോക്കിന്റെ പാത്തിയിലും സ്വന്തം കുംഭയിലുമായി തടവിക്കൊണ്ട് വെയിൽ കായാൻ കിടന്ന നേരത്തായിരുന്നു പഷ്ണിക്കായുള്ള ഉൾവിളി സിംഹത്തിനുണ്ടായത്. പന്തളത്ത് ചെന്ന് പഷ്ണി കിടക്കുന്ന കാര്യം പ്രഖ്യാപിച്ച മാത്രയിലാണ് സന്നിധാനം കിടുങ്ങിയതും ശാസ്താവിൽ നിന്ന് ചുടുനിശ്വാസം ഉയർന്നതുമെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച സിംഹത്തിന്റെ കുംഭയുടെ തൂക്കം സമയാസമയം അളന്ന് തിട്ടപ്പെടുത്താൻ വിറക് തൂക്കുന്ന തുലാസ് പ്രത്യേകം ശാസ്താവ് തന്നെ മുൻകൈയെടുത്ത് എരുമേലിയിലേക്ക് ഏർപ്പാട് ചെയ്തതായാണ് വിവരം. 56 ഇഞ്ചിൽ നിന്ന് കാലിഞ്ച് അളവ് കുറയാതെ കാക്കേണ്ടത് ശാസ്താവിന്റെ ഉത്തരവാദിത്വമാണ്. പഷ്ണിസമരത്തിലൂടെ അളവിൽ വല്ല വ്യതിയാനവും സംഭവിച്ചാൽ തടയാനുള്ള മുൻകരുതലുകളും എരുമേലിയിലേക്ക് പ്രത്യേകം റെഡിയാക്കിയിട്ടുണ്ട്. എരുമേലിയിൽ പെണ്ണിന്റെ നിഴലെത്താതെ കാക്കാൻ ആദ്യം പരിചയാകേണ്ട കുംഭയായത് കൊണ്ട് പൊന്നുംവില കൊടുത്ത് സംരക്ഷിക്കേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്ത്രീ എന്ന പദം കേൾക്കുന്നതേ സിംഹത്തിന് ചതുർത്ഥിയാണ്. കുംഭയന്നേരം കിടുകിടാ വിറയ്ക്കും. കന്യാസ്ത്രീയിലും സ്ത്രീയുള്ളതിനാലാണ് നാല് ഭള്ള് പറഞ്ഞ് കുംഭയുടെ വിറയൽ ശമിപ്പിച്ചത്.
അല്ലെങ്കിലും നാട്ടിൽ എന്തിനുമേതിനും പൂഞ്ഞാർ സിംഹം തന്നെ വേണമെന്നതാണ് സ്ഥിതി. ഫ്രാങ്കോ പിതാവിന്റെ കൈ മുത്താനും എം.എൽ.എ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരന്റെ കരണക്കുറ്റി തടവിക്കൊടുക്കാനും ടോൾപ്ലാസയിൽ ഗേറ്റിന്റെ ഒടിവ് നിവർത്താനും കന്യാസ്ത്രീകളുടെ ക്ഷേമം അന്വേഷിക്കാനുമെല്ലാം സിംഹമല്ലാതെ മറ്റാരുണ്ടീ റിപ്പബ്ലിക്കിൽ! അതിനിടയിലാണ് ശാസ്താവിന്റെ പ്രതിസന്ധി വന്നുപെട്ടത്. ശബരിമല ശാസ്താവായാലും പെണ്ണുങ്ങളെ കണ്ടാൽ വേണ്ടാതീനം തോന്നിയാലോ എന്നോർത്തപ്പോൾ സിംഹത്തിനെങ്ങനെ ഇരിക്കപ്പൊറുതിയുണ്ടാവും. അതുകൊണ്ടാണ് പഷ്ണി കിടന്നായാലും പെണ്ണുങ്ങളെ തടയാൻ നിശ്ചയിച്ചത്. അതിനാൽ കുംഭയുടെ തൂക്കം കുറയാതെ കാക്കേണ്ടത് ശാസ്താവിന്റെ ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. ഇനി അഥവാ പെണ്ണുങ്ങൾ കണ്ണുവെട്ടിച്ച് കടന്ന് പോയാൽ സിംഹം എരുമേലി പരിസരത്ത് ജെല്ലിക്കെട്ട് മോഡൽ സമരം നടത്തും. മനസിലാക്കിയാൽ നന്ന്.
ചെന്നിത്തല ഗാന്ധിക്ക് എന്തിനുമേതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ഒളിച്ചും പാത്തും എന്തെങ്കിലും ചെയ്യുന്ന ശീലം ജന്മനാ ഇല്ല. മുഖ്യമന്ത്രിക്കായാലും റിസർവ്വ് ബാങ്ക് ഗവർണർക്കായാലും കത്തയക്കുന്നത് ഇൻലൻഡിൽ മേൽവിലാസം വെണ്ടയ്ക്കാവലിപ്പത്തിൽ രേഖപ്പെടുത്തി തുപ്പല് വച്ചൊട്ടിച്ച് മാത്രമാണ്. ചെന്നിത്തല ഗാന്ധിയുടെ കത്തയക്കൽ ശീലത്തെപ്പറ്റി തപാൽജീവനക്കാർക്ക് അത്ര അറിവില്ലായിരുന്നു. അതുകൊണ്ടെന്തുണ്ടായി, ചെന്നിത്തല ഗാന്ധിയുടെ കത്തുകളുടെ വരവ് കണ്ട് അവരെല്ലാം കുന്തം വിഴുങ്ങിയ പെരുച്ചാഴിയെ പോലെ അന്തിച്ച് നിൽക്കുന്ന സ്ഥിതിയായി.
ദിവസം മൂന്ന് നേരം മൂന്ന് കത്തുകൾ വീതമയച്ചാണ് ഗാന്ധിക്ക് ശീലം. റിസർവ്വ് ബാങ്ക് ഗവർണർക്ക് അയച്ചതും ഇതേ ക്രമത്തിലായിരുന്നു. അതിലൊന്നാണ് വഴി മാറി പിണറായിസഖാവിന്റടുക്കലെത്തിയത്. മേൽവിലാസം മാറിയതാണെന്നും അതല്ല റിസർവ്വ് ബാങ്ക് ഗവർണർ പിണറായി സഖാവിന് റഫർ ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്. ഏതായാലും പിണറായി സഖാവ് അതെന്തോ വലിയ അപരാധമെന്ന മട്ടിൽ സിൻഡിക്കേറ്റുകാരോട് വെളിപ്പെടുത്തിയത് ഒട്ടും ശരിയായില്ല. കേരള ബാങ്ക് വേണ്ടേ വേണ്ട എന്ന് ചെന്നിത്തല ഗാന്ധി പണ്ടേക്ക് പണ്ടേ പറയുന്നതാണെന്ന് പിണറായി സഖാവിന് അറിയാത്തതല്ല.
ശബരിമല ശാസ്താവിന്റടുക്കലേക്ക് പെണ്ണുങ്ങളെ പി. സഖാവ് കയറ്റിവിടാൻ പോകുന്നുവെന്ന് ചെന്നിത്തല ഗാന്ധിക്ക് തോന്നിയ നിമിഷത്തിലാണ് പത്തനംതിട്ടയിൽ ചെന്നുപവസിച്ചത്. ഗുരുവായൂരിൽ പണ്ട് കേളപ്പൻ ഉപവസിച്ചത് എല്ലാ തരക്കാരെയും അങ്ങോട്ടേക്ക് കടത്തിവിടാനാണ്. ചെന്നിത്തലഗാന്ധിക്ക് കേളപ്പനാവാൻ കഴിയില്ലല്ലോ.
No comments:
Post a Comment