Tuesday, 9 October 2018

മുഖം തിരിഞ്ഞു‌ നിൽക്കരുത്

പാവങ്ങളെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തെക്കാൾ ഭയാനകമായ ദുരന്തമാണ് രോഗങ്ങൾ. അത്യാവശ്യം വേണ്ട ചികിത്സപോലും ലഭിക്കാതെ ആയിരങ്ങളാണ് ആയുസെത്താതെ ഇൗ ഭൂമുഖത്തുനിന്നു നിഷ്‌ക്രമിക്കുന്നത്. സമൂഹത്തിലെ മുഖ്യധാരകളിൽപ്പെടാതെ ജീവിതം തള്ളിനീക്കുന്ന ജനവിഭാഗങ്ങളെ ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള 'ആയുഷ്‌മാൻ ഭാരത് ' കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഝാർഖണ്ഡിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ലോകത്ത് ഇതേവരെ നടപ്പായിട്ടുള്ളതിൽ വച്ചേറ്റവും ബൃഹത്തായ ചികിത്സാ പദ്ധതിയായി വിശേഷിപ്പിക്കപ്പെടുന്ന ഇൗ ഇൻഷ്വറൻസ് പദ്ധതി നഗര -ഗ്രാമ വ്യത്യാസമില്ലാതെ 10.36 കോടി കുടുംബങ്ങളിൽപ്പെട്ട അൻപതുകോടിയിൽപ്പരം പേർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ ചേരുന്ന ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സ സൗജന്യമായി നൽകാനുദ്ദേശിച്ചുള്ളതാണ് പദ്ധതി. കുടുംബത്തിൽ എത്രപേരുണ്ടെങ്കിലും സഹായം ലഭ്യമാകും. സഹായ പരിധി അഞ്ചുലക്ഷം രൂപയാണെന്നുമാത്രം. സർക്കാർ ആശുപത്രികൾക്കൊപ്പം പദ്ധതിയിൽ ഉൾപ്പെടുന്ന സ്വകാര്യ ആശുപത്രികളിലും സൗജന്യചികിത്സ ലഭിക്കും. രാജ്യത്തൊട്ടാകെ പതിമൂവായിരത്തിൽപ്പരം ആശുപത്രികൾ പദ്ധതിക്ക് കീഴിലുണ്ടാകും. ഗുരുതര സ്വഭാവത്തിലുള്ള രോഗങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ 1300 രോഗങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗമായിചേരാൻ റേഷൻകാർഡോ വോട്ടർ കാർഡോ മതിയാകും. ആധാർ കാർഡ് നിർബന്ധമില്ല. പ്രായപരിധിയുമില്ല. കുറഞ്ഞ നിരക്കിലുള്ള ചികിത്സയ്ക്ക് പുറമേ രോഗ പ്രതിരോധ പ്രവർത്തനങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയ ഇൗ ഇൻഷ്വറൻസ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.

ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുനിൽക്കുന്ന ഇന്ത്യയുടെ ആരോഗ്യമേഖല ഇന്നും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ദാരിദ്ര്യവും അജ്ഞതയും കാരണം മതിയായ ചികിത്സാസഹായം തേടാനോ വിദഗ്ദ്ധ ചികിത്സ തരപ്പെടുത്താനോ കഴിയാതെ നരകയാതന അനുഭവിക്കുന്ന കോടിക്കണക്കിന് ഹതഭാഗ്യരുണ്ട്. ഇൻഷ്വറൻസ് പദ്ധതി രാജ്യവ്യാപകമായി നടപ്പാകുമ്പോഴും അജ്ഞതമൂലം അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നവർ ധാരാളമുണ്ടാകും. വലിയ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സ തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ഒരു ബോധം അവരിൽ ജനിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ വിജയത്തിന് ആദ്യംവേണ്ടത്. അധഃസ്ഥിത വിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ മടിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല ആശുപത്രികളിലും പാവങ്ങൾക്ക് ഇപ്പോഴും വരാന്തകളിലാണ് സ്ഥാനം. ഇൻഷ്വറൻസ് കാർഡ് കൈയിൽവച്ച് ദയാവായ്പിനായി കെഞ്ചേണ്ടിവരുന്ന ദുരവസ്ഥ ഉണ്ടാകരുത്. പദ്ധതി ബാധകമായ ആശുപത്രികളിൽ ഹെൽപ്പ് ഡസ്‌ക് ഉണ്ടാകുമെന്നും കാർഡുള്ളവർ ഇവിടെ സമീപിച്ചാൽ എല്ലാ സഹായവും ലഭിക്കുമെന്നുമാണ് വാഗ്‌‌ദാനം. കൊട്ടുംകുരവയുമായി പദ്ധതി കൊണ്ടുവന്നതുകൊണ്ടുമാത്രമായില്ല. അർഹരായ ഗുണഭോക്താക്കളിൽ പ്രയോജനപ്രദമായി അത് എത്തുന്നുണ്ടോ എന്ന് കൂടക്കൂടെ പരിശോധിച്ച് ഉറപ്പാക്കുകയും വേണം. ചികിത്സാ ഇൻഷ്വറൻസ് പദ്ധതി ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതകളും തള്ളിക്കളയാവതല്ല. പദ്ധതിയിലൂടെ രോഗികളെ കബളിപ്പിച്ച് പണം തട്ടുന്ന സ്വകാര്യ ആശുപത്രികളുടെ ശ്രമങ്ങളും തുടക്കത്തിലേ തടയേണ്ടതുണ്ട്. പൊതുജനാരോഗ്യം ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങു ശക്തിപ്പെട്ടാലേ ആരോഗ്യമുള്ള രാഷ്ട്രമെന്ന സങ്കല്പം സാധിതമാകൂ. അതിന് ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. ദേശീയ ബഡ്‌ജറ്റിന്റെ കേവലം 1.2 ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുന്നത്. 130 കോടി ജനങ്ങളുള്ള രാജ്യത്ത് ഇത് എത്രമാത്രം അപര്യാപ്തമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അടങ്കൽ വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് കൂടുതൽ ആശുപത്രികളും മെഡിക്കൽ കോളേജുകളും ഡോക്ടർമാരും വരേണ്ടതുണ്ട്. ഒപ്പംതന്നെ പ്രധാനപ്പെട്ടതാണ് ഒൗഷധ രംഗത്തെ ചൂഷണവും കൊള്ളയും തടയുകയെന്നത്.
ആരോഗ്യ മേഖലയിൽ ഏറെ നേട്ടങ്ങളുമായി പ്രഥമ സ്ഥാനത്ത് നിൽക്കുന്ന കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ആയുഷ്‌മാൻ ഭാരതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സ്വന്തം ഇൻഷ്വറൻസ് പദ്ധതി ഉള്ളതാണ് കേരളം ഇൗ നിലപാടെടുക്കാൻ കാരണമെന്ന് പറയുന്നുണ്ട്. എന്നാൽ കേന്ദ്ര പദ്ധതിയാണ് ആനുകൂല്യങ്ങൾ നൽകുന്നതിൽ കൂടുതൽ മെച്ചമെന്ന് ഒറ്റനോട്ടത്തിൽത്തന്നെ അറിയാം. ആയുഷ്‌മാൻ ഭാരതിന്റെ നിയന്ത്രണം പൂർണമായും കേന്ദ്രത്തിനായതുകൊണ്ടാണോ അതിൽനിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് തീർച്ചയില്ല. ഏതായാലും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ ഇത്തരം കേന്ദ്ര പദ്ധതികൾ കൈയൊഴുകയല്ല, പരമാവധി പ്രയോജനപ്പെടുത്താനാകണം ഏതൊരു സർക്കാരും ശ്രമിക്കേണ്ടത്. പദ്ധതി നടത്തലിന്റെ ചെലവിൽ 40 ശതമാനം അതാത് സംസ്ഥാനം വഹിക്കണമെന്ന നിബന്ധന വലിയ ഭാരമായി കാണേണ്ടതില്ല. സംസ്ഥാനത്തിന്റെ സ്വന്തം പദ്ധതിക്കായി വലിയതോതിൽ പണം ചെലവഴിക്കുന്നുണ്ടല്ലോ. ഇൗ ഇൻഷ്വറൻസ് പദ്ധതിയുടെ കാര്യത്തിൽ മാത്രമല്ല, ഗുണകരമായ പല കേന്ദ്രപദ്ധതികളുടെയും കാര്യത്തിൽ കേരളം നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കണം. നമ്മൾ വരയ്ക്കുന്ന വരയിൽ കേന്ദ്രം വരണമെന്ന് വാശിപിടിച്ചതിലൂടെ ദേശീയപാത വികസനമടക്കം പല പദ്ധതികളിലും നമുക്ക് നഷ്ടമേ സംഭവിക്കാറുള്ളൂ. കേന്ദ്ര ഇൻഷ്വറൻസ് പദ്ധതിയുടെ കാര്യത്തിലെങ്കിലും അതുണ്ടാകരുത്. ഒരുപാടുപേർക്ക് ഗുണം കിട്ടുന്ന പദ്ധതിയാണിത്.

No comments:

Post a Comment