ബോധവത്കരണമൊക്കെ മുറ പോലെ നടക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അപകടമരണങ്ങൾക്ക് ഒരു കുറവും വന്നിട്ടില്ല. ഇന്നലെയുമുണ്ടായി നാടിനെ നടുക്കിയ ഒരു അപകടം. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ച് രണ്ട് വയസുള്ള മകൾ ദാരുണമായി മരിച്ചു. അദ്ദേഹവും ഭാര്യയും ഡ്രൈവറും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഈ വർഷം ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ഒരു ദിവസം ശരാശരി 12 പേരാണ് അപകടങ്ങളിൽ മരിക്കുന്നത്. അപകടമരണങ്ങൾ പതിവായിരിക്കെ, ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു പ്രതിഭാസമുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളുടെ കാലൻവേഷം. കഴിഞ്ഞ തിങ്കളാഴ്ച ബസുകളിടിച്ച് നാല് പേർ മരണമടയുകയുണ്ടായി. നാലിൽ മൂന്ന് പേരും മരിച്ചത് ട്രാൻസ്പോർട്ട് ബസുകളിടിച്ചാണ് !
സംസ്ഥാനത്ത് 15,000 ത്തോളം സ്വകാര്യ ബസുകളുണ്ട്. മൊത്തം ബസുകളുടെ നാലിലൊന്നേ വരൂ ട്രാൻസ്പോർട്ട് ബസുകൾ. എന്നിട്ടും എന്തുകൊണ്ടാണ്, നിലനിൽക്കാൻ ജനങ്ങളുടെ നികുതിപ്പണത്തിൽ ഒരു പങ്ക് കൂടി വേണ്ടിവരുന്ന ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ അപകട മരണത്തിന്റെ പട്ടികയിൽ സ്വകാര്യ ബസുകളെ ബഹുദൂരം പിന്നിലാക്കിയത് ? തിങ്കളാഴ്ച നടന്ന മൂന്ന് അപകടമരണങ്ങളുടെയും കാരണങ്ങളിലുണ്ട് ഈ ചോദ്യത്തിന്റെ അസുഖകരമായ ഉത്തരം. തിരുവനന്തപുരത്ത് പൂന്തുറയിൽ ട്രാൻസ്പോർട്ട് ബസിടിച്ച് ദാരുണമായി മരണമടഞ്ഞത് ഒരു വിദ്യാർത്ഥിനിയാണ് ; ആൻസിയ. അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ, കാർ തട്ടി റോഡിലേക്ക് വീണ ഈ പതിനാറുകാരിയുടെ ശരീരത്തിലൂടെ തൊട്ടുപിന്നാലേ എത്തിയ ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങുകയായിരുന്നു. രണ്ട് പേർ സ്കൂട്ടറുമായി റോഡിലേക്ക് വീഴുന്നത് കണ്ടിട്ടും ഒന്നുകിൽ ഡ്രൈവർ ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ, ശ്രദ്ധിച്ചിട്ടും പെട്ടെന്ന് നിറുത്താൻ സാധിക്കാത്ത വിധം വേഗത്തിലായിരുന്നു ബസ്. തിരുവനന്തപുരത്ത് ഇളംകുളത്ത് നടന്ന അപകടത്തിൽ ജീവൻ നഷ്ടമായത് സ്കൂട്ടർ യാത്രക്കാരനായ മനോഹരൻനായർക്കാണ്. 51 കാരനായ അദ്ദേഹത്തെ പിന്നാലേ വരികയായിരുന്ന ട്രാൻസ്പോർട്ട് ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അശ്രദ്ധയോടെ സ്കൂട്ടറിൽ സഞ്ചരിച്ചപ്പോഴാണ് അപകടമുണ്ടായതെങ്കിൽ ബസ് തട്ടി വശത്തേക്കാണ് തെറിച്ച് വീഴേണ്ടത്. അങ്ങനെയല്ല സംഭവിച്ചത്. ഇടിയേറ്റ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഹോൺ മുഴക്കിയാൽ ഉടൻ വാഹനം വശത്തേക്ക് ഒഴിച്ചില്ലെങ്കിൽ ട്രാൻസ്പോർട്ട് ഡ്രൈവർമാരിൽ പലരും എന്താണ് ചെയ്യാറുള്ളതെന്ന് അറിയാവുന്നവർക്ക് അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ട്രാൻസ്പോർട്ട് യൂണിയനുകളുടെ ആസ്ഥാനം കൂടിയായ തലസ്ഥാന ജില്ലയിൽ തന്നെയാണ് മൂന്നാമത്തെയും അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ജീസൺ എന്ന യുവാവിനെ ഒരു വളവിൽ വച്ച് എതിരെ വന്ന ട്രാൻസ്പോർട്ട് ബസ് ഇടിച്ചുവീഴ്ത്തി. നേരം ഇരുട്ടിയ ശേഷമായിരുന്നു അപകടമെങ്കിൽ എതിരെ വന്ന വാഹനങ്ങളുടെ തീവ്രപ്രകാശം മൂലം ഡ്രൈവർക്ക് ബൈക്ക് കാണാൻ സാധിച്ചില്ലെന്ന് സംശയിക്കാമായിരുന്നു. അപകടം നടന്നത് പട്ടാപ്പകലാണ് ; ഉച്ചയ്ക്ക് 2.30ന്. എതിരെ ഒരു ബൈക്ക് വന്നാൽ കാണാതിരിക്കാൻ ഡ്രൈവർ എന്താ അന്ധനാണോ? പെട്ടെന്ന് നിറുത്താനോ നിയന്ത്രിക്കാനോ സാധിക്കാത്ത വിധം പാഞ്ഞുവന്നത് തന്നെയാവണം അപകടകാരണം. സ്വകാര്യ ബസ് ഡ്രൈവർമാരും അപകടങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ, താരതമ്യേന വളരെ കുറവാണ്. ബസിന് കേടുപാട് പറ്റിയാൽ ഉടമ ഇടയും. അപകടമരണം സംഭവിച്ചാലോ, നാട്ടുകാരെയും നിയമത്തെയും നേരിടേണ്ടി വരും. അശ്രദ്ധയോ അഹന്തയോ മൂലമാണ് ജീവഹാനി സംഭവിച്ചതെന്ന് തോന്നിയാൽ നാട്ടുകാർ ചിലപ്പോൾ നിഷ്കരുണമായിരിക്കും കൈകാര്യം ചെയ്യുക. അതുകഴിഞ്ഞ് കേസിൽ കുടുങ്ങിയാൽ രക്ഷപ്പെടുത്താൻ സംഘടിത രാഷ്ട്രീയ മുഷ്കിന്റെ തണലോ താങ്ങോ ലഭിക്കുകയില്ല. ഇങ്ങനെ ഒരു ഭയവുമില്ലാത്തത് മൂലമാണ് ട്രാൻസ്പോർട്ട് ഡ്രൈവർമാരിൽ ഒരു വിഭാഗം മനുഷ്യജീവന് പുല്ലുവില പോലും കല്പിക്കാത്തത്. ഒരു വിഭാഗമേയുള്ളൂ ഇങ്ങനെ. അവരെ തിരുത്താൻ ആരും മുതിരുന്നില്ല. ഒക്ടോബർ 2 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ സംഘടനകൾ. സമരത്തിന് ആധാരമായ ആവശ്യങ്ങൾ കൂട്ടിയും കിഴിച്ചും നോക്കിയാൽ കിട്ടുന്ന ഉത്തരങ്ങൾ രണ്ടാണ്. ഒന്ന് : പ്രവർത്തനശൈലി മാറ്റാനോ അച്ചടക്കം പാലിക്കാനോ നിർബന്ധിക്കരുത്.
രണ്ട് : നികുതിപ്പണത്തിൽ നിന്ന് കുറേ കോടികൾ കൂടി ശമ്പളത്തിനായി നൽകണം. പൊതുഗതാഗതം സുഗമമാക്കുന്നതിൽ ട്രാൻസ്പോർട്ട് കോർപറേഷന് ഒരു പങ്കുണ്ടെന്നത് ശരിയാണ്.
പക്ഷേ, മനുഷ്യജീവന്റെ വില മനസിലാക്കി വേണം യൂണിയനുകൾ പ്രവർത്തനശൈലി മാറ്റില്ലെന്ന് ശഠിക്കാൻ
No comments:
Post a Comment