Saturday, 3 October 2015

തെരഞ്ഞെടുപ്പ് ഗോദയില്‍ സിപിഎമ്മിനെ മലര്‍ത്തിയടിക്കാന്‍ എസ്എന്‍ഡിപി

ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എസ്എന്‍ഡിപി തീരുമാനം. ശ്രീനാരായണഗുരുവിനെയും എസ്എന്‍ഡിപിയോഗ നേതൃത്വത്തെയും അവഹേളിച്ച സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് തീരുമാനം. കാലങ്ങളായി സിപിഎം കുത്തകയാക്കി വച്ചിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം എസ്എന്‍ഡിപി യോഗം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. സിപിഎമ്മിന് വേണമെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാമെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്. തെരഞ്ഞെടുപ്പ് നിലപാടുകള്‍ വിശദീകരിക്കുന്നതിനായി എസ്എന്‍ഡിപി താലൂക്ക് യൂണിയനുകള്‍ കേന്ദ്രീകരിച്ച് സമ്മേളനങ്ങള്‍ തുടങ്ങി. ശാഖാതലങ്ങളില്‍ വരെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നയരൂപീകരണയോഗങ്ങളില്‍ പങ്കെടുക്കുന്നത്. എസ്എന്‍ഡിപി പ്രവര്‍ത്തകരായ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവരുടെ ലിസ്റ്റ് ശാഖാ തലങ്ങളില്‍ തയ്യാറാക്കും. ഇവരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മത്സരിപ്പിക്കുക. സിപിഎമ്മില്‍ മുമ്പ് പല തലങ്ങളില്‍ പ്രവര്‍ത്തിച്ച് വെട്ടി നിരത്തപ്പെട്ടവര്‍ക്കും പൊതുസമൂഹത്തില്‍ സ്വീകാര്യതയുള്ളവര്‍ക്കുമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ഗണന നല്‍കുക. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലായിടത്തും പഞ്ചായത്തുതല കോ- ഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ക്കും രൂപം നല്‍കി. ഉടന്‍തന്നെ ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും പരിധിയില്‍പ്പെടുന്ന ശാഖകളെ മാത്രം ഉള്‍പ്പെടുത്തി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കും. ഏതെങ്കിലും പാര്‍ട്ടികള്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കും. പക്ഷേ സ്വതന്ത്ര ചിഹ്നത്തില്‍ മാത്രമേ മത്സരിക്കൂ. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്ക് അതാത് പാര്‍ട്ടികളുടെ ചിഹ്നത്തില്‍ മത്സരിക്കാം. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ ഇത്തവണ എസ്എന്‍ഡിപി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകും. എസ്എന്‍ഡിപി നേതൃത്വം പറയുന്നവര്‍ക്കല്ല സമുദായം വോട്ടു ചെയ്യുകയെന്ന സിപിഎം നേതൃത്വത്തിന്റെ അവഹേളനത്തിന് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്. എസ്എന്‍ഡിപിക്ക് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശങ്ങളില്‍ തങ്ങളുടെ നിലപാടിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെയാകും പിന്തുണയ്ക്കുക. എസ്എന്‍ഡിപി താലൂക്ക് യൂണിയനുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നയരൂപീകരണ യോഗങ്ങളില്‍ സജീവ സിപിഎം പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ ഏകകണ്ഠമായാണ് സിപിഎമ്മിനെതിരായി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് പ്രത്യേകത. അതിനിടെ, എസ്എന്‍ഡിപി നേതൃത്വത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ ഘടനയും മറ്റു രൂപരേഖകളും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അഞ്ചിന് ചേര്‍ത്തലയില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. സമുദായാംഗങ്ങളിലും നേതൃത്വത്തിലും ഭിന്നിപ്പുണ്ടാക്കുന്നതിനും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രചാരണങ്ങള്‍ നേരിടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടുവരെ സജീവമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

No comments:

Post a Comment