തൃശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മകള്‍ക്ക് മേയര്‍ സ്ഥാനം വിട്ടുനല്‍കാന്‍ കത്തോലിക്ക സഭ ആവശ്യപ്പെട്ടത് 28 സീറ്റ്. ആകെയുള്ള 55 സീറ്റില്‍ 28 സീറ്റും തങ്ങള്‍ക്ക് നല്‍കിയാല്‍ മാത്രമെ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ളവര്‍ കൈവശം വെയ്ക്കുന്ന മേയര്‍ സ്ഥാനം വീട്ടു നല്‍കാന്‍ കഴിയൂവെന്ന് ആര്‍ച്ച് ബിഷപ്പ് നിലപാടെടുത്തതായി അറിയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച ചര്‍ച്ചയിലാണ് സഭയുടെ ആവശ്യം മുന്നോട്ട് വെച്ചത്. മേയര്‍ രാജന്‍ പല്ലന്‍, മുന്‍മേയര്‍ ഐ.പി. പോള്‍ എന്നിവരും തൃശൂരിലെ പ്രമുഖ എണ്ണ വ്യാപാരിയും തമ്മിലാണ് ബിഷപ്പ് ഹൗസില്‍ ചര്‍ച്ച നടന്നത്. നിലവില്‍ ഇരുപതോളം കൗണ്‍സിലര്‍മാരാണ് ക്രൈസ്തവ സഭയില്‍ നിന്നുള്ളത്. മേയര്‍ സ്ഥാനം വിട്ടു നല്‍കിയാല്‍ തന്നെ ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെതായിരിക്കണമെന്ന നിലപാടാണ് സഭ ഉന്നയിച്ചത്. സഭയുടെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചതായാണ് സൂചന. തങ്ങള്‍ക്ക് നല്‍കുന്ന സീറ്റില്‍ റോമന്‍ കത്തോലിക്ക വിഭാഗക്കാരെ മാത്രമെ മത്സരിപ്പിക്കാവൂയെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. തന്റെ മകള്‍ക്ക് മേയര്‍ സ്ഥാനം നല്‍കിയാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ മാറി നില്‍ക്കാമെന്നും മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞതായി അറിയുന്നു. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുഖ്യമന്ത്രി ഉമ്മണ്‍ചാണ്ടി എന്നിവരുടെ നിര്‍ദ്ദേശ പ്രകാരമാണ് കത്തോലിക്ക നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്ന് അറിയുന്നു. കോര്‍പ്പറേഷന്റെ ചില മേഖലകളില്‍ മറ്റ് ചില ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സ്വാധീനമുണ്ട്. ഇവര്‍ക്കും മുസ്ലിം ലീഗിനും സീറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസിലെ ഭൂരിപക്ഷ സമുദായത്തിന് സീറ്റ് ലഭിക്കുന്നത് വിരലിലെണ്ണാവുന്നത് മാത്രമായിരിക്കും. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ ക്കണ്ടാണ് സഭാ നേതൃത്വം മേയര്‍ സ്ഥാനം വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് പറയുന്നു. അടുത്ത തവണ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് തേറമ്പില്‍ രാമകൃഷ്ണനെ മാറ്റി പകരം ക്രൈസ്തവ സഭയിലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തന്ത്രം കൂടി ഇതിന്റെ പിന്നിലുണ്ട്. അഞ്ച് സീറ്റ് എഴുത്തച്ഛന്‍ സമുദായത്തിന് നല്‍കാനാണ് തീരുമാനമെന്നറിയുന്നു. ക്രൈസ്തവ സഭയുടെ സമ്മര്‍ദ്ദം കോണ്‍ഗ്രസിനുള്ളില്‍ കലാപത്തിന് വഴിവെച്ചിട്ടുണ്ട്. പലരും വിമതരായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്.
No comments:
Post a Comment