ബിജെപിയെ സ്‌നേഹിച്ച് കൊല്ലുകയാണ് ചിലര്‍. എസ്എന്‍ഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപിയുടെ വളര്‍ച്ച തടയും പോലും. പാര്‍ട്ടിയിലേക്ക് സ്വാഭാവികമായി വരേണ്ടവര്‍ക്ക് വെള്ളാപ്പള്ളി തടയിടും. സുകുമാരന്‍ നായര്‍ പിണങ്ങുമെന്നതിനാല്‍ നായര്‍ വോട്ടും കിട്ടില്ല. ഇതിന്റെ പേരില്‍ ബിജെപിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിലരെ വിഷമിപ്പിക്കുന്നത്. വെള്ളാപ്പള്ളി ബന്ധത്തോട് സംസ്ഥാനനേതൃത്വത്തിന് താത്പര്യമില്ലപോലും. അതിനാല്‍തന്നെ കേന്ദ്രനേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത എതിര്‍പ്പുണ്ട്. ആര്‍എസ്എസിനെ പേടിച്ച് മിണ്ടാതിരിക്കുന്നു. എന്നൊക്കെ പറയുന്ന ഇക്കൂട്ടര്‍ ബിജെപിയില്‍ ഒരു പൊട്ടിത്തെറിതന്നെ സ്വപ്‌നം കാണുന്നു. വെള്ളാപ്പള്ളിയെ കളത്തിലിറക്കിയത് ഉമ്മന്‍ചാണ്ടിയെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. സിപിഎം തന്ത്രമാണെന്നാണ് മറ്റുചിലരുടെ വ്യാഖ്യാനം. ഇതിലൊന്നും വീഴരുതെന്നാണ് ഉപദേശം. സ്വന്തമായി തന്നെ മത്സരിക്കണം. വലിയ നേട്ടം കൊയ്യാനാകും. നരേന്ദ്രമോദിയുടെ ഭരണവും ഉമ്മന്‍ചാണ്ടി ഭരണത്തിലെ അഴിമതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിതാവസ്ഥയും ബിജെപിയിലേക്ക് വോട്ടിന്റെ കുത്തൊഴുക്ക് ഉണ്ടാക്കും പോലും. ഈ സ്‌നേഹവും ഉപദേശവുമൊന്നും തിരിച്ചറിയാത്തവരല്ല ബിജെപി നേതാക്കള്‍. ബിജെപിക്ക് സ്വാഭാവികമായി വലിയ മുന്നേറ്റമുണ്ട്. ആളുകള്‍ പാര്‍ട്ടിയിലേക്ക് ധാരാളമായി എത്തുന്നുമുണ്ട്. അതിനാല്‍ തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ ജയിച്ചുകയറും. ഈ ജയങ്ങള്‍ക്കപ്പുറമാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കേരളഭരണം തന്നെയാണ് അത്. അതിനുള്ള കളമൊരുക്കലാണ് എസ്എന്‍ഡിപിയോടുള്ള ബന്ധത്തിലും നിഴലിക്കുന്നത്. അതിന്റെ ടെസ്റ്റ് ഡോസു മാത്രമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അരുവിക്കര തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ആത്മവിശ്വാസം കുറച്ചൊന്നുമല്ല പാര്‍ട്ടിയെ പ്രവര്‍ത്തനസജ്ജമാക്കിയത്. ഒത്തുപിടിച്ചാല്‍ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം പിടിക്കാമെന്ന വിശ്വാസം പ്രബലമായി. അതിനുള്ള ശക്തമായ സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നീട്. മണ്ഡലങ്ങളെ സാധ്യതയുടെ അടിസ്ഥാനത്തില്‍ തിരിച്ചു. അനായാസം ജയിക്കാവുന്നവ, ജയിക്കാവുന്നവ, പ്രതീക്ഷിക്കാവുന്നവ, ബുദ്ധിമുട്ടുള്ളവ എന്നിങ്ങനെ തിരിച്ച മണ്ഡലങ്ങളുടെ ചുമതല ഓരോ മുതിര്‍ന്ന നേതാവിനു നല്‍കുകയും ചെയ്തു. സ്ഥാനാര്‍ഥികളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനം, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഇടവിട്ട വിലയിരുത്തലുകള്‍, രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ എന്നിവയൊക്കെ ക്രമബന്ധിതമായി നടന്നു. എത്ര ശ്രമിച്ചാലും കേരളത്തിന്റെ രാഷ്ടീയ സാഹചര്യത്തില്‍ പിടിക്കാവുന്ന സീറ്റുകള്‍ക്ക് ഒരുപരിധിയുണ്ടെന്ന് തിരിച്ചറിയാത്തവരല്ല ബിജെപി നേതാക്കള്‍. ആ പരിധി മറികടക്കാനാണ് പുതിയ കൂട്ടുകെട്ടുകള്‍. വരും വരായ്മകള്‍ അറിഞ്ഞുകൊണ്ടുതന്നെയാണിത്. ബിജെപിയെ രാഷ്ടീയം പഠിപ്പിക്കാനുള്ള അച്യുതാനന്ദന്റെയും ആന്റണിയുടെയുമെക്കെ താത്പര്യവും കുട്ടിനേതാക്കളുടെ അസ്വസ്ഥതയും തെളിയിക്കുന്നത് ബിജെപിയുടെ ഉദ്ദേശ്യം ഫലംകണ്ടു എന്നുതന്നെയാണ്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ആങ്കര്‍ റോളില്‍ ബിജെപി എത്തിയിരിക്കുന്നു.
No comments:
Post a Comment