Tuesday, 20 October 2015

സിപിഎം നേതാക്കള്‍ മുസ്ലിം പള്ളികളില്‍ കയറി വോട്ട് തേടുന്നു

സിപിഎം നേതാക്കള്‍ മുസ്ലിം പള്ളികളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം മുസ്ലിം പള്ളിയില്‍ കയറി വോട്ട് പിടിക്കുന്നതിനിടെ സിപിഎം നേതാവ് തോമസ് ഐസക്ക് എംഎല്‍എയ്ക്ക് വിശ്വാസികളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു.

ആലപ്പുഴ മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് വിരുദ്ധമായി തോമസ് ഐസക്ക് എംഎല്‍എ പ്രവര്‍ത്തിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ജുമുആ നമസ്‌കാരം കഴിഞ്ഞ് ഇറങ്ങിയ വിശ്വാസികളെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് എംഎല്‍എ മസ്ജിദ് പരിസരത്ത് എത്തിയത്. മസ്ജിദ് കോമ്പൗണ്ടില്‍ കയറി എംഎല്‍എ ആളുകളുമായി ആശയവിനിമയം നടത്തിയത് വിശ്വാസികള്‍ ചോദ്യം ചെയ്തില്ല.

എന്നാല്‍ മസ്ജിദ് നില്‍ക്കുന്ന വാര്‍ഡിലെ വനിതാ സ്ഥാനാര്‍ത്ഥിയും മറ്റൊരു വനിതയും എംഎല്‍എക്കൊപ്പം നിന്ന് വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ചതോടെ മസ്ജിദിലുണ്ടായിരുന്ന വിശ്വാസികള്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതോടെ എംഎല്‍എയ്ക്കും സംഘത്തിനും റോഡിലേക്ക് മാറി നിന്ന് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടി വന്നു. ജില്ലയില്‍ പല സ്ഥലങ്ങളിലും സിപിഎമ്മുകാര്‍ മുസ്ലിം വികാരമിളക്കി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഇതിന്റെ ഭാഗമായാണ് പള്ളിയിലെ വോട്ടു പിടുത്തം. നേരത്തെ ചില മുസ്ലിം തീവ്രവാദ സംഘടനകളെ നിയോഗിച്ചാണ് മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പയററിയിരുന്നത്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും യാതൊരു മറയുമില്ലാതെ വര്‍ഗീയ പ്രീണനം നടത്തുകയാണ്. ആരാധനാലയങ്ങളില്‍ കയറിയുള്ള വോട്ട് അഭ്യര്‍ത്ഥന ചട്ടവിരുദ്ധമെന്ന് വ്യക്തമായി അറിയാവുന്ന കേന്ദ്രകമ്മറ്റിയംഗം പോലും പള്ളികളില്‍ കയറി വോട്ടുപിടിച്ചതോടെ സിപിഎമ്മിന്റെ വര്‍ഗീയപ്രീണനം മറനീക്കിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളില്‍ക്കയറി വോട്ട് അഭ്യര്‍ഥിക്കുന്നത് പെരുമാറ്റ ചട്ടലംഘനമാണ് ജില്ല കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. ചില രാഷ്ട്രീയ നേതാക്കള്‍ ആരാധനാലയങ്ങളില്‍ കയറി വോട്ട് അഭ്യര്‍ഥിക്കുന്നത് പരാതിക്കിടയാക്കിയ സാഹചര്യത്തില്‍ ആരാധനാസ്ഥലങ്ങള്‍ പ്രചാരണവേദിയാക്കുന്ന നടപടി സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുന്നതിനിടയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

No comments:

Post a Comment