Wednesday, 14 October 2015

ആട് ആന്റണി....ഇവനെ നമ്മുക്ക് തീറ്റി പോറ്റണോ

പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയില്‍

ആന്റണിയെ പിടികൂടാന്‍ മൂന്നുവര്‍ഷമായി പോലീസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിലായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഗോപാലപുരത്തുനിന്നാണ് ആന്റണിയെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥന്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആന്റണിയെ പിടികൂടാന്‍ മൂന്നുവര്‍ഷമായി പോലീസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ പാലക്കാട്ടെ രണ്ട് സ്ത്രീകളുടെ വീടുകളില്‍ പതിവായി എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ച പോലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷം ഒരു സ്ത്രീയുടെ വീട്ടില്‍നിന്നാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
ആട് ആന്റണിയെന്ന് സംശയിക്കുന്നതായി വിവരം ലഭിച്ച മുപ്പത്തഞ്ചോളം പേരെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍പോയി പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ വിവരം ലഭിച്ചില്ല. ആട് ആന്റണിയെ പിടികൂടുന്നതിനുവേണ്ടി കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്ത് പ്രത്യേക സംഘം പ്രവര്‍ത്തിച്ചിരുന്നു.
പ്രത്യേക സംഘം ചെന്നൈ, കോയമ്പത്തൂര്‍, സേലം, ഈറോഡ്, കുടക്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോസ്റ്റര്‍ പതിച്ചിരുന്നു. ഓരോ സ്ഥലത്തെയും പോലീസിനും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ആസൂത്രിത നീക്കങ്ങളാണ് ഒടുവില്‍ ആന്റണിയെ കുടുക്കിയത്.
2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഒരു മണിക്ക് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട മാരുതി വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു പോലീസ് ഉദ്യോഗസ്ഥനുനേരെ ആട് ആന്റണിയുടെ ആക്രമണം. ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ. ജോയിയെ കുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ മണിയന്‍ പിള്ള തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മാരകമായി കുത്തിപ്പരിക്കേല്‍പിച്ചത്. മണിയന്‍ പിള്ളയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൊലയ്ക്കുശേഷം തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി ഭാര്യ സൂസനെയും കൂട്ടി മുങ്ങുകയായിരുന്നു ഇയാള്‍. പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയില്‍ സൂസനെ ഉപേക്ഷിച്ച് കടന്നു. മഹാരാഷ്ട്രയിലെ ഷിര്‍ദിസില്‍നിന്ന് സൂസനെ പിന്നീട് പിടികൂടി. ഭാര്യമാരില്‍ സൂസന്‍, ഗിരിജ എന്നിവരെയും സൂസന്റെ ഗര്‍ഭിണിയായ മകള്‍ ശ്രീലതയെയും പോലീസ് അറസ്റ്റുചെയ്തു. ജയിലില്‍ വച്ചാണ് ശ്രീലത പ്രസവിച്ചത്. ഇവരെല്ലാം പിന്നീട് ജയില്‍ മോചിതരായി.


ആട് ആന്റണി കരുമാണ്ടകൗണ്ടനൂരിലെ ഭാര്യവീട്ടിലെത്തിയത് വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14നായിരുന്നു കരുമാണ്ടകൗണ്ടനൂരിലെ യുവതിയുമായുള്ള വിവാഹം. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു.
ആന്റണിയുടെ ഭാര്യക്ക് ആദ്യവിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ഇവര്‍ ഒറ്റപ്പാലത്തെ അനാഥാലയത്തിലാണ്. ഇവരെ കാണാന്‍ ബുധനാഴ്ച പോകാമെന്ന് ആന്റണി ഭാര്യക്ക് ഉറപ്പുകൊടുത്തിരുന്നു. ഇതിനായി കാറും വീട്ടിലെത്തിച്ചിരുന്നു.
ഏഴുവര്‍ഷം മുന്പാണ് യുവതിയുടെ ആദ്യ ഭര്‍ത്താവ് മരിച്ചത്. ആദ്യ ഭര്‍ത്താവിന്റെ പേരിലുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കോയമ്പത്തൂര്‍ കൗണ്ടംപാളയത്ത് ആന്റണി താമസിക്കവെയാണ് കണ്ണൂര്‍ സ്വദേശി ശെല്‍വരാജ് എന്നപേരില്‍ വിവാഹം കഴിച്ചത്. തുണിമില്ലില്‍ ജോലിയാണെന്നാണ് പറഞ്ഞത്. ധാരാപുരത്തായിരുന്നു വിവാഹം.
തനിക്ക് ബന്ധുക്കളാരുമില്ലെന്നായിരുന്നു യുവതിയുടെ വീട്ടുകാരോട് ആന്റണി പറഞ്ഞത്. യുവതിയുടെ സഹോദരീഭര്‍ത്താവാണ് വിവാഹാലോചന കൊണ്ടുവന്നത്. വിവാഹശേഷം ധാരാപുരത്തായിരുന്നു താമസം. മൂന്നുമാസം മുമ്പാണ് കരുമാണ്ടകൗണ്ടനൂരിലെ വീട് ആന്റണി പുതുക്കിപ്പണിത് ഭാര്യയെ ഇവിടെയാക്കിയത്.
ചൊവ്വാഴ്ച രാവിലെ എട്ടിന് ഓട്ടോറിക്ഷയിലാണ് ആന്റണി ഭാര്യവീട്ടിലെത്തിയത്. കൈയില്‍ പഴങ്ങളും കരുതിയിരുന്നു.
വിവാഹത്തിന് യുവതിയുടെ അച്ഛന്‍ എതിരായിരുന്നു. വിവാഹശേഷം, ഇതിന്റെ പേരില്‍ അച്ഛനും ആന്റണിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവരും പിന്നീട് പിണക്കത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.
ആടിനെ കട്ട് തുടക്കം; കേസ് 200, കല്യാണം 21
aduപാലക്കാട്: കൊല്ലം കുണ്ടറ കുമ്പളം സ്വദേശി ആന്റണിയുടെ മോഷണത്തിന്റെ തുടക്കം അയല്‍പക്കത്തെ ആടിനെ കട്ടുകൊണ്ട്. കേസില്‍ പോലീസ് പൊക്കിയപ്പോള്‍ കിട്ടി ആട് എന്ന വിശേഷണം. അവിടെത്തുടങ്ങി ആട് ആന്റണി എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ പ്രയാണം. ഇതുവരെ രജിസ്റ്റര്‍ചെയ്ത മോഷണക്കേസുകള്‍ 200ല്പരം.
മോഷണത്തില്‍ മാത്രമല്ല വിവാഹത്തിലും വീരനാണ് ആന്റണി. ഇതുവരെ നടത്തിയത് 21 വിവാഹങ്ങള്‍. വിവിധ മോഷണക്കേസുകളുടെ അന്വേഷണത്തിനായി പോലീസ് എത്തുമ്പോഴാണ് ആന്റണിയുടെ പുതിയ ഭാര്യമാരെ കണ്ടെത്തുന്നത്.
ആട് മോഷണക്കേസില്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങിയശേഷം ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കായി ശ്രദ്ധ. വിലയേറിയ ടെലിവിഷനുകളും ലാപ്‌ടോപ്പുകളുമാണ് മോഷ്ടിച്ചിരുന്നത്. ഇതിന് പരിശീലനത്തിനായി ശാസ്ത്രസാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ വായിച്ചിരുന്നു. കൊല്ലത്തെ താമസസ്ഥലത്തുനിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഇത്തരം പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തിരുന്നു. 50 ലക്ഷത്തിലേറെ വിലയുള്ളവയാണ് പിടിച്ചെടുത്തത്.
ആന്റണിയെപ്പറ്റി വിവരം ശേഖരിക്കുന്നതിന് രൂപവത്കരിച്ച സ്‌ക്വാഡ് ഭാര്യമാരെ ഒന്നൊന്നായി കണ്ടെത്തി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇയാള്‍ താമസിച്ചിരുന്ന ഒളിത്താവളങ്ങള്‍ തിരിച്ചറിയാന്‍ ഭാര്യമാരുടെ മൊഴികള്‍ സഹായകമായി.
adu antony at kollam stationആട് ആന്റണിയെ പുലര്‍ച്ചെ 3.30ന് കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍. ഫോട്ടോ അജിത് പനച്ചിക്കല്‍
സോജ (തൃശ്ശൂര്‍), ഷൈല (വയനാട്), ബിന്ദു (മലമ്പുഴ), സ്മിത (ചേര്‍പ്പ്), എയ്ഞ്ചല്‍ മേരി (പ്രക്കാനം), സൂസന്‍, ശ്രീകല (കൊച്ചി), വിജി (കോഴിക്കോട്), സോജ (കോട്ടയം), കൊച്ചുമോള്‍ (മുംബൈ), ഗിരിജ (കൊല്ലം), കുമാരി (കുഴിത്തുറ) തുടങ്ങി ഇരുപതോളം ഭാര്യമാരെയാണ് അന്വേഷണസംഘം ഇതേവരെ കണ്ടെത്തിയത്.
സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍ ബിസിനസ്സുകാരനായും കംപ്യൂട്ടര്‍ പ്രൊഫഷണലായും വേഷമിടും.ജാതിയും മതവും മാറ്റും. പോലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തി കേരളം വിടുമ്പോഴും ഒരു ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു.
ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ബസ്സിനുള്ളില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രാപോലീസ് ആന്റണിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. കേരളത്തിലെത്തി വിരലടയാളമടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു. ദൃക്‌സാക്ഷികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം ആന്റണിയിലേക്ക് നീണ്ടത്. അന്വേഷണം നടത്തിയെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ ആന്ധ്രാപോലീസിന് കഴിഞ്ഞിട്ടില്ല.

മോഷണത്തിനിറങ്ങുന്നത് ഒറ്റയ്ക്ക്. പണം ആഡംബര ജീവിതത്തിന്. പോകുന്ന നാട്ടിലെല്ലാം ഭാര്യമാര്‍. ഇതാണ് ആട് ആന്റണിയുടെ ശൈലി. കമ്പ്യൂട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ മോഷ്ടിക്കുന്നതിലാണ് ആന്റണിക്ക് കമ്പം. പകല്‍ എക്‌സിക്യൂട്ടീവ് വേഷത്തില്‍ പല കമ്പനികളുടെയും പ്രതിനിധിയെന്നമട്ടില്‍ എത്തിയാണ് മോഷണം നടത്തേണ്ട സ്ഥാപനങ്ങള്‍ കണ്ടത്തുന്നത്. ഇതിനുവേണ്ടി പല വേഷങ്ങളിലും ആട് ആന്റണി ആള്‍മാറാട്ടം നടത്താറുണ്ട്. രാത്രി വാഹനത്തില്‍ ഒറ്റയ്‌ക്കെത്തിയാണ് മോഷണം. വാഹനത്തിന്റെ പിന്‍സീറ്റ് എപ്പോഴും ഇളക്കിമാറ്റിയിരിക്കും. കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കൊണ്ടുപോകുന്നതിനുള്ള സൗകര്യത്തിനാണിത്. മോഷണത്തിനുപയോഗിച്ച വാഹനം ഏതെങ്കിലും വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിടുകയാണ് പതിവ്. ഉടന്‍തന്നെ സംസ്ഥാനം വിട്ടുപോകുകയും ചെയ്യും.
തമിഴ്‌നാട്ടിലാണ് പ്രധാന ഒളിത്താവളം. പോലീസുകാരനെ കുത്തിക്കൊന്നശേഷം പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച വാന്‍ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതായിരുന്നു. 2009ല്‍ ആട് ആന്റണിയെ പിടിക്കാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. ഈ കാലയളവില്‍ ആലപ്പുഴ ജില്ലയില്‍ നടന്ന ചില മോഷണക്കേസുകളിലും ആട് ആന്റണിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനുശേഷം ഒരിക്കല്‍ അമ്പലപ്പുഴയില്‍വച്ച് ആന്റണി പോലീസിന്റെ വലയില്‍ അകപ്പെട്ടെങ്കിലും സമര്‍ഥമായി രക്ഷപ്പെട്ടു.
കോയമ്പത്തൂരിലും മധുരയിലുമൊക്കെ രഹസ്യസങ്കേതങ്ങളുണ്ടെങ്കിലും ആട് ആന്റണി ചെന്നൈയിലാണ് കൂടുതലായും താമസിച്ചിരുന്നത്. 20 വര്‍ഷമായി ചെന്നൈയിലെ പല സ്ഥലങ്ങളിലും ഇയാള്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അവിടെ ഓരോ മുക്കുംമൂലയും സുപരിചിതമാണ്. കൂടുതല്‍ സ്ഥലങ്ങളിലും കമ്പ്യൂട്ടര്‍ സെയില്‍സ്‌ െറപ്രസന്റേറ്റീവ് എന്നാണ് പറഞ്ഞിരുന്നത്. ചെന്നൈയിലും കോയമ്പത്തൂരിലും ആന്ധ്രയിലുമൊക്കെ മാറിമാറി താമസിച്ച് മോഷണം നടത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ അഞ്ചോളം ഫ്‌ലാറ്റുകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. പലയിടത്തും ഇയാള്‍ ഒളിപ്പിച്ചിരുന്ന മോഷണമുതലുകള്‍ പിന്നീട് പോലീസ് കണ്ടെത്തി. ചെന്നൈയിലുള്ള വീട്ടില്‍നിന്നാണ് കൂടുതല്‍ സാധനങ്ങള്‍ കണ്ടെടുത്തത്. അമ്പതിലേറെ കമ്പ്യൂട്ടറുകള്‍, എല്‍.സി.ഡി.മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍, ഹോം തിയേറ്റര്‍, ടേപ്പ് റെക്കോഡര്‍, സി.ഡി.പ്ലെയറുകള്‍, മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, നിലവിളക്കുകള്‍, ആഡംബര ഗൃഹോപകരണങ്ങള്‍ തുടങ്ങി ചവിട്ടുമെത്തകള്‍വരെ മോഷണവസ്തുക്കളില്‍ ഉണ്ടായിരുന്നു.
ഡി.ജി.പി.യുടെ ഫേസ് ബുക്കില്‍ ഒന്‍പത് വേഷങ്ങള്‍: ആന്റണി വേറെ രൂപത്തില്‍

പാരിപ്പള്ളി മടത്തറയില്‍ വാഹനപരിശോധനക്കിടെ പോലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പിടികിട്ടാപ്പുള്ളി ആട് ആന്റണിയെ തിരിച്ചറിയാന്‍ പോലീസ് ഡി.എന്‍.എ പരിശോധന നടത്തും. 
പോലീസ് ഇയാളുടെ നിരവധിതരത്തിലുള്ള ഫോട്ടോകള്‍ പരസ്യങ്ങളായി നല്‍കിയിട്ടും തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിലെ നക്‌സല്‍ മേഖലയില്‍ നിന്നും ആന്റണിയുമായി സാമ്യമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ആന്റണിയുമായി കാഴ്ചയിലും നടപ്പിലും 90 ശതമാനവും സാമ്യമുണ്ടായിരുന്നെങ്കിലും ഇയാള്‍ പിന്നീട് മഹാരാഷ്ട്രസ്വദേശിയായ അധ്യാപകനാണെന്ന് സ്ഥിരീകരിച്ചു.
പിടിയിലായ ആട് ആന്റണിയുടെ കൈയില്‍ നിന്നും ലഭിച്ചരേഖകളിലെല്ലാം ശെല്‍വരാജ് എന്നാണുള്ളത്. ഇത്തവണയും സമാന അബന്ധം പറ്റരുതെന്ന് ഉറപ്പുവരുത്താനാണ് പോലീസ് ഡി.എന്‍.എ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്.
ആന്റണിയെ കൊല്ലം സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. പോലീസ് ഡ്രൈവറുടെ കൊലയ്ക്ക് ശേഷം വര്‍ക്കലയില്‍ ഒരു ദിവസം തങ്ങിയശേഷം ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് പരവൂര്‍ കോടതിയില്‍ ഹാജരാക്കും.
പാരപ്പള്ളിയിലെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസിന് ഇതേവരെ കണ്ടെടുക്കാനായിട്ടില്ല. കോടയില്‍നിന്നും കസ്റ്റഡിയില്‍വാങ്ങിയശേഷം ഇയാളെ കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണര്‍ പി. പ്രകാശ് പറഞ്ഞു.

No comments:

Post a Comment