Friday, 9 October 2015

നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി. ചിഹ്നത്തില്‍ രണ്ട് യോഗം ഭാരവാഹികള്‍


നെയ്യാറ്റിന്‍കര നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സീറ്റ് ധാരണയായി. സി.പി.എം. 36 സീറ്റിലും. ഏഴിടത്ത് സി.പി.െഎ.യും ഒരിടത്ത് ജനതാദളും (എസ്) മത്സരിക്കും. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ ഡബ്ല്യു.ആര്‍. ഹീബയാണ് എല്‍.ഡി.എഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി.
44 വാര്‍ഡാണ് നഗരസഭയിലുള്ളത്. സി.പി.എം. മത്സരിക്കുന്ന സീറ്റുകളില്‍ പ്രാദേശിക നേതാക്കളെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
സി.പി.എം. ഏര്യാ സെക്രട്ടറി കെ. ആന്‍സലന്‍ കൗണ്‍സിലറായിരിക്കുന്ന രാമേശ്വരം വാര്‍ഡിലാണ് ഹിബയെ സി.പി.എം. മത്സരിപ്പിക്കുന്നത്. ഹീബ നേരത്തെ നഗരസഭ കൗണ്‍സിലറും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നിട്ടുണ്ട്.
അതുകൊണ്ടാണ് സി.പി.എം. ഹീബയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. ഹീബ പാറശ്ശാല നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചിട്ടുണ്ട്. മാമ്പഴക്കര വാര്‍ഡില്‍ സി.പി.എം. അഡ്വ. ജയഡാളിയെയും മത്സരിപ്പിക്കുന്നുണ്ട്.
കെ.ആര്‍. പദ്മകുമാര്‍, വി. കേശവന്‍കുട്ടി, വിജയബോസ്, സി. രാജന്‍, ജസ്റ്റിന്‍ ജോസ് എന്നിവരെയും പാര്‍ട്ടി രംഗത്തിറക്കുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം കൈവിട്ടുപോയ നഗരസഭാ ഭരണം തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമം.

നെയ്യാറ്റിന്‍കര നഗരസഭാ ഭരണം പിടിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇക്കുറി രംഗത്തിറങ്ങുന്ന ബി.ജെ.പി. നാല്പത്തിരണ്ട് സീറ്റില്‍ മത്സരിക്കും. രണ്ടിടത്ത് എസ്.എന്‍.ഡി.പി.യോഗം ഭാരവാഹികളെ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിപ്പിക്കും.
ബി.ജെ.പി. മുന്‍ മണ്ഡലം പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എന്‍.കെ. ശശിയാണ് മത്സരരംഗത്തിറങ്ങുന്ന ബി.ജെ.പി.യുടെ പ്രമുഖ സ്ഥാനാര്‍ത്ഥി. ഊരൂട്ടുകാല വാര്‍ഡിലാണ് എന്‍.കെ. ശശി മത്സരിക്കുക. യുവനേതാക്കളില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയായ ചന്ദ്രകിരണ്‍ മത്സരിക്കും. പനങ്ങാട്ടുകരി വാര്‍ഡിലാണ് ചന്ദ്രകിരണ്‍ മത്സരിക്കുന്നത്.
42 സീറ്റില്‍ മത്സരിക്കുന്ന ബി.ജെ.പി.യുടെ 40 സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചുകഴിഞ്ഞു. വഴിമുക്ക്, ടൗണ്‍ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി കണ്ടെത്താനുള്ളത്.
ബി.ജെ.പി.യുടെ പിന്തുണയോടെ രണ്ട് എസ്.എന്‍.ഡി.പി ഭാരവാഹികളാണ് മത്സര രംഗത്തുള്ളത്. എസ്.എന്‍.ഡി.പി.യുടെ മൈക്രോഫിനാന്‍സ് യൂണിറ്റ് ഭാരവാഹിയായ ശശികല പുത്തനമ്പലം വാര്‍ഡിലും എസ്.എന്‍.ഡി.പി. ശാഖാ ഭാരവാഹിയായ രവീന്ദ്രന്‍ ഇളവനിക്കര വാര്‍ഡിലും ജനവിധി തേടും. പക്ഷേ ഇരുവരും താമര ചിഹ്നത്തിലാണ് മത്സരിക്കുകയെന്ന് ടൗണ്‍ മേഖലാകമ്മിറ്റി പ്രസിഡന്റ് കൂട്ടപ്പന മഹേഷ് പറഞ്ഞു.

No comments:

Post a Comment