Thursday, 8 October 2015

കോഴിക്കോട് മുന്നണികളില്‍ പാളയത്തില്‍ പട, ഗ്രൂപ്പ് പോരും സജീവം

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട്ജില്ലയില്‍ ഇരുമുന്നണികളിലും പാളയത്തില്‍ പടയും ഗ്രൂപ്പ് പോരും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റവും എസ്എന്‍ഡിപിയുടെ രാഷ്ട്രീയ ഇടപെടലും മുന്നണി നേതൃത്വത്തെ കൂടുതല്‍ അസ്വസ്ഥമാക്കുകയുമാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏക കോര്‍പ്പറേഷനും രണ്ടു മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെയുള്ള 12 ല്‍ എട്ടെണ്ണവും ഇടത് മുന്നണിക്കായിരുന്നു. എന്നാല്‍ 75 പഞ്ചായത്തുകളില്‍ 38 എണ്ണം യുഡിഎഫിനായിരുന്നു. 36 പഞ്ചായത്തുകള്‍ ഇടത് മുന്നണിക്കും. ഒഞ്ചിയം പഞ്ചായത്ത് ആര്‍എംപി നേടി. എന്നാല്‍ ഇത്തവണ 70 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുള്ളതെങ്കില്‍ മുനിസിപ്പാലിറ്റിയുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴായി ഉയര്‍ന്നിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. ഇടത് പക്ഷത്തിന് 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കിലും 2005ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വിജയത്തിന്റെ തിളക്കം ഏറെ കുറവായിരുന്നു. 2005ല്‍ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ മുഴുവനും അവര്‍ നേടിയിരുന്നു. എന്നാല്‍ 2010ല്‍ അത് എട്ടായി കുറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതാകട്ടെ ഒരു വോട്ടിന്റെ വ്യത്യാസത്തിലുമാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പതിറ്റാണ്ടുകളായി ഇടതിന്റെ കൈയിലാണ്. എന്നാല്‍ ഭൂരിപക്ഷം പടിപടിയായി കുറയുകയാണ്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത പലയിടങ്ങളിലും ശക്തവുമാണ്. 2010ല്‍ യുഡിഎഫിന് അനുകൂലമായ പ്രധാന ഘടകങ്ങള്‍ ജനതാദള്‍ (എസ്) ന്റെ കൂട്ടും സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞുള്ള ആര്‍എംപി രൂപീകരണവുമാണ്. ഇവ രണ്ടും അനുകൂലമാക്കാന്‍ 2010ല്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ മുസ്ലിംലീഗിന്റെ എല്ലാരംഗത്തുമുള്ള പിടിമുറുക്കല്‍ മുന്നണിക്കുള്ളില്‍ ശക്തമായ അടിയൊഴുക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ ആര്‍എംപിയെ ഏത് രീതിയിലായാലും ഒപ്പം കൂട്ടാനുള്ള ഇടത് മുന്നണിയുടെ പരിശ്രമം ഇപ്പോള്‍ സജീവമായിരിക്കുകയാണ്. ആര്‍എം.പി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകം പ്രത്യേകിച്ച് വടകര, ഒഞ്ചിയം, മേഖലയില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാകുമെന്ന കണ്ടെത്തലാണ് സിപിഎം നേതൃത്വത്തെ ആര്‍എംപി ബന്ധത്തിന് നിര്‍ബ്ബന്ധിതരാക്കുന്നത്. ഇതിനിടയില്‍ ജനതാദള്‍ (എസ്) സഖ്യത്തിനുള്ള കൊണ്ടുപിടിച്ച ശ്രമവും സിപിഎം അണിയറയില്‍ തുടങ്ങിയിട്ടുണ്ട്. സിപിഐയെ ഒതുക്കാനും അണികളുടെ വ്യാപക കൊഴിഞ്ഞുപോക്ക് മറയ്ക്കാനുമാണ് ജനതാദളു(എസ്)മായി രഹസ്യചര്‍ച്ചയ്ക്ക് സിപിഎം തയ്യാറായിരിക്കുന്നത്. യുഡിഎഫുമായി സീറ്റുകാര്യത്തില്‍ നേരത്തെ വിലപേശല്‍ ആരംഭിച്ചിരിക്കുന്ന ജനതാദള്‍(എസ്) നേതൃത്വം സിപിഎമ്മുമായുള്ള രഹസ്യചര്‍ച്ച വിലപേശലിനുള്ള ഉപാധിയാക്കിയാണ് മാറ്റിയിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെയും കാര്യത്തില്‍ ജില്ലയിലെ ബിജെപി ചിട്ടയായ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ നയപരിപാടികളും ജനോപകാര പദ്ധതികളും ബിജെപിയ്ക്ക് അനുകൂല ഘടകങ്ങളാണ്. കൂടാതെ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ ഒഴുക്കാണ് ജില്ലയിലെ പല ഭാഗങ്ങളിലും നടക്കുന്നത്. എസ്എന്‍ഡിപിയുടെ പുതിയ രാഷ്ട്രീയ നിലപാടും ജില്ലയില്‍ ബിജെപിയ്ക്ക് ഏറെ അനുകൂലഘടകമാണ്.

No comments:

Post a Comment