Tuesday, 20 October 2015

പരീക്ഷണകേന്ദ്രമായി മലപ്പുറം ബിജെപിക്കെതിരെ പുതിയ മുന്നണി സമവാക്യം

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഇതിനുമുമ്പും അപൂര്‍വ്വങ്ങളായ കൂട്ടുകെട്ടുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ ഇത്ര പരസ്യമായ സംഖ്യം ഇതാദ്യമായാണ്. എല്‍ഡിഎഫും-യുഡിഎഫും ബിജെപിക്കെതിരെ കൈകോര്‍ത്തിരിക്കുകയാണിപ്പോള്‍. ബിജെപിയുടെ വളര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ ജനോപകാര പ്രവര്‍ത്തനങ്ങളും ജനങ്ങളെ ആകര്‍ഷിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ നടത്തുന്ന പരീക്ഷണം വിജയിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് തീരുമാനം. മലപ്പുറം ജില്ല ഇത്തരം പരീക്ഷണങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിലെ താക്കോല്‍ സ്ഥാനങ്ങള്‍ കയ്യാളുന്ന ലീഗും ഈ സഖ്യത്തിലെ പ്രധാന കണ്ണിയാണ്. സിപിഎം-കോണ്‍ഗ്രസ്-ലീഗ് സഖ്യം മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ബിജെപിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. കോട്ടക്കല്‍, പൊന്നാനി, പരപ്പനങ്ങാടി, നിലമ്പൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഈ സഖ്യത്തോടാണ് ബിജെപി മത്സരിക്കുന്നത്.

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷമുന്നണിക്ക് ഈ തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തില്‍നിന്നും പാര്‍ട്ടി അപ്രത്യക്ഷമാകുമോയെന്ന ഭയം നേതാക്കള്‍ക്കെല്ലാമുണ്ട്. കേരളത്തിന്റെ മണ്ണിലെങ്കിലും പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് ആരുടെയും കൂട്ടുപിടിക്കാന്‍ സിപിഎം തയ്യാറായിരിക്കുന്നത്.

എങ്ങനെയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാനാണ് സിപിഎമ്മിന്റെ ലക്ഷ്യം. കേരളത്തിന്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഭീഷണിയായി മൂന്നാംമുന്നണി രൂപപ്പെടുമോയെന്ന് സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഒരുപോലെ ഭയക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ എങ്ങനെ നേരിടണമെന്നതിന്റെ റിഹേഴ്‌സലാണ് മലപ്പുറത്ത് നടക്കുന്നത്. അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്നവരുടെ ഈ മാറ്റം വളരെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും നോക്കി കാണുന്നത്. ഈ കൂട്ടുകെട്ടിനെ നിസാരമായി കാണരുതെന്നും വലിയൊരു പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഈ പരീക്ഷണം വിജയിച്ചാല്‍ തീര്‍ച്ചയായും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ബിജെപിക്കെതിരെ മത്സരിക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് സഖ്യമായിരിക്കും. അതിനുള്ള ഒരുക്കങ്ങളാണ് മലപ്പുറം ജില്ലയില്‍ നടക്കുന്നത്. ബിജെപിയെ ഒരു കാരണവശാലും വളരാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് ഇരുകൂട്ടരും

No comments:

Post a Comment