Thursday, 29 October 2026

ഓപ്പറേഷൻ തെളിമ 2 ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ഓപ്പറേഷൻ തെളിമ 2 
ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ചാത്തന്നൂർ :   എണ്ണപ്പലഹാരങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച് വിതരണം ചെയ്യുന്ന യൂണിറ്റുകൾ കേന്ദ്രീകരിച്ച് കൊല്ലം  ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  വ്യാപക പരിശോധന. കൊല്ലം ടൗൺ പരിസരത്തും പുനലൂർ കൊട്ടാരക്കര മേഖലയിലുമാണ് പരിശോധന നടന്നത്. സംസ്ഥാനവ്യാപകമായി  നടപ്പിലാക്കിയ ‘ഓപ്പറേഷൻ തെളിമ 2 ’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച നാല് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന എന്ന പരാതികളുടെ അടിസ്ഥാത്തിലാണ് പരിശോധന നടത്തിയത്.

അഞ്ച് സ്ക്വാഡുകളായി നടത്തിയ പരിശോധനയിൽ ആകെ 21 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയ എട്ട് സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകി.
വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ച് സൂക്ഷിച്ചിരുന്ന 15 കിലോ മധുരസേവയും 10 കിലോ കപ്പലണ്ടിയും പിടിച്ചെടുത്ത് നശിപ്പിച്ചു. കൊല്ലം ഭക്ഷൃ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ എ സക്കീർ ഹുസൈന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഭക്ഷൃ സുരക്ഷാ ഓഫീസർമാരായ  അനീഷ എ, ചിത്ര മുരളി, അഫില യൂസഫ്, യാസിറ അഹമ്മത്, റസീമ എസ് ആർ, അൻസി എൽ , അഞ്ചു എസ്.എസ്, മാനസ എസ്, നിഷാറാണി എസ്,  കുമാരി അഖില ബി എസ്, സ്നേഹ വിജയൻ,  അരുൺ കുമാർ വി എസ് , ജോബിൻ എ തമ്പി എന്നിവർ പങ്കെടുത്തു.
ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിലും സംഭരണത്തിലും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

No comments:

Post a Comment