തട്ടിയെടുത്ത ആൾ അറസ്റ്റിൽ
പരവൂർ:: വായ്പയായി കോടികൾ സംഘടിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം നാടുവിട്ട ആളെ പോലീസ് അറസ്റ്റ് ചെയ്തു. പുതക്കുളം ഊന്നിൻമൂട് സ്വദേശി വിശാലി (27) യാണ് മുംബൈയിൽ നിന്നും പരവൂർ പോലീസ് പിടികൂടിയത്.
പുതക്കുളം ഊന്നിൻമുട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പരവൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്. പോലീസ് പറയുന്നത്: ബിസിനസ് ആരംഭിക്കാനായി വീട്ടമ്മയ്ക്ക് പണത്തിന് ആവശ്യമുണ്ടായിരുന്നു. ഇതറിഞ്ഞ ബന്ധുകൂടിയായ വിശാൽ ഇവരെ സമീപിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമൺവെൽത്ത് കമ്യൂണിറ്റി ട്രസ്റ്റ് (സിസിറ്റി) എന്ന സ്ഥാപനത്തിൻ്റെ ശാഖ എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ നിന്നും വായ്പ ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു.
ഒരു കോടി രൂപയക്ക് പ്രോസസിംഗ് ഫീസ് കമ്മീഷൻ തുടങ്ങിയ ഇനങ്ങളിലായി ആറ് ലക്ഷം രൂപ നല്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സതിയ്ക്ക് ആവശ്യമുള്ള വായ്പാ തുകയായ അഞ്ച് കോടിയ്ക്കുള്ള പ്രോസസിംഗ് ചാർജ്ജായി 28 ലക്ഷം രൂപ കൈപ്പറ്റി. വീട്ടമ്മയുടെ മകൻ്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് തുക കൈമാറിയത്. 28 ലക്ഷം രൂപ കൈപ്പറ്റിയശേഷം വായ്പ ശരിയാക്കി കൊടുക്കുകയോ, കൈപ്പറ്റിയതുക തിരിച്ചു കൊടുക്കുകയോ ചെയ്തില്ല. മാത്രമല്ല മുംബൈയിലേയ്ക്ക് നാടുവിടുകയും ചെയ്തു.
പരവൂർ എസ് എച്ച് ഒപ്രവീൺ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതി മുംബെയിലുണ്ടെന്ന് മനസിലാക്കിയ പോലീസ് സംഘം മുംബെയിലെ ഡോമ്പാവാലിയിൽ നിന്നും സാഹസികമായി വിശാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ സുജിത് നായർ, എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് എന്നിവരടക്കുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.