വേണ്ടി വന്നാൽ ഫ്ലൈറ്റെടുത്തും പറന്നെത്താൻ തക്ക കായികബലമുള്ള ദേഹിയാണ് കണ്ണന്താനം മന്ത്രി. മരുത്വാമല പൊക്കിയെടുത്ത ഹനുമാൻ കഴിഞ്ഞാൽ അങ്ങനെയൊരു മല പൊക്കിയെടുക്കാനും വേണ്ടി വന്നാൽ തള്ളിമറിച്ചിടാനും തക്ക കായികബലമുള്ള ഒരേയൊരാൾ കണ്ണന്താനംജി മാത്രമാണെന്ന് തിരിച്ചറിഞ്ഞത് ന.മോ.ജി ആയിരുന്നു. ആരും കണ്ടെത്താത്തത് കണ്ടെത്താൻ മിടുക്കുള്ള പാർട്ടീസ് ആയത് കൊണ്ട് ന.മോ.ജി അത് കണ്ടെത്തി. അമിട് ഷാ ജിയോട് പോലും പറയാതെ രഹസ്യം ഉള്ളിലൊതുക്കി എത്രനാൾ തള്ളിനീക്കും? ഒരു ദുർബലമാത്രയിൽ അമിട് ഷാജിയോട് ന.മോ.ജിക്ക് അങ്ങനെ ഉള്ളം തുറക്കേണ്ടി വന്നു. അമിട് അണ്ണൻ ചട്ടം കെട്ടിയാണ് ഫ്ലൈറ്റെടുത്ത് ഉടൻ പറന്നെത്താൻ കണ്ണന്താനംജിയോട് ന.മോ.ജി അഭ്യർത്ഥിച്ചത്.
ന.മോ.ജിയുടെ അഭ്യർത്ഥന കേട്ടത് പാതി, കേൾക്കാത്തത് പാതി ഏറ്റവും കനം കൂടിയ ഫ്ലൈറ്റ് തന്നെ ഒപ്പിച്ചെടുത്താണ് പഹയൻ പറന്ന് ഇന്ദ്രപുരിയിലെത്തിയത്. പറന്നുള്ള ആ വരവ് കണ്ട് അമിട് ഷാജിക്ക് പോലും അമ്പത് സെക്കൻഡ് നേരത്തേക്ക് ശ്വാസം നിലച്ചുപോയെന്നാണ് കേൾവി. കാക്കകൾ കരച്ചിൽ നിറുത്തി. കുയിലുകൾ കൂകിയില്ല. ന.മോ.ജിക്ക് തൃപ്തിയായി! ബലേഭേഷ് എന്നാണ് ആ പറക്കലിനെ ന.മോ.ജി അന്ന് വിശേഷിപ്പിച്ചത്. മഹാസാധു പിണറായി സഖാവ് പോലും പാലട, പരിപ്പ് പ്രഥമനാദികൾ കൊണ്ട് കണ്ണന്താനംജിക്ക് സദ്യ വിളമ്പിക്കൊടുത്തത് ഈ തിണ്ണമിടുക്ക് കണ്ട് അമ്പരന്നിട്ടായിരുന്നു പോലും!
കാലമങ്ങനെ കടന്ന് പോകവേ, കീഴാറ്റൂർ വയലിന് മീതേ കണ്ണന്താനംമന്ത്രി ഒരു നാൾ ഫ്ലൈറ്റെടുക്കാതെ പറക്കുന്നനേരത്ത് ആ കാഴ്ച കാണുകയുണ്ടായി. പൂജനീയ കൃഷ്ണദാസ് ജിയും മാനനീയ മുരളീധർജിയും ഒരുമിച്ച് കൈകോർത്ത് കീഴാറ്റൂർവയലിൽ തിരുവാതിരക്കളിക്ക് കോപ്പ് കൂട്ടുന്നു. 'വലയിൽ വീണ കിളികളാണ് നാം, ചിറകൊടിഞ്ഞൊരിണകളാണ് നാം, വഴിവിളക്ക് കണ്ണ് ചിമ്മുമീ, വഴിയിലെന്ത് നമ്മൾ പാടണം' എന്ന വരികൾ അവർ മൂളുന്നുണ്ടായിരുന്നു. കൃഷ്ണദാസ്ജി- മുരളീധർജി കൈകോർക്കൽ കണ്ടിട്ട് കീഴാറ്റൂർവയലിന് മുകളിൽ കാക്ക മലർന്ന് പറന്നെന്നും ഇല്ലെന്നും വർത്തമാനമുണ്ട്.
കീഴാറ്റൂരിൽ വയലായ വയലെല്ലാം നികത്തിയെടുക്കാൻ പെടാപ്പാടാകുമെന്നതിനാൽ ഒരു മേല്പാലമായാലോ എന്ന് പണ്ട് സന്ദേഹിച്ചതിന് പിണറായി സഖാവിനെയും സുധാകരകവിയെയും മൂക്ക് വിറപ്പിച്ച് പേടിപ്പിച്ചത് ഗഡ്കരി മന്ത്രിയായിരുന്നു. എന്നാപ്പിന്നെ, വയലെങ്കിൽ വയലെന്ന മട്ടിൽ ബൈപ്പാസിന് പിണറായിസഖാവ് കോപ്പ് കൂട്ടി. വികസനമെന്ന് കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിലെന്ന പ്രമാണവുമായി ജീവിക്കുന്ന ആ മഹാസാധുവിൽ ഗഡ്കരിമന്ത്രി സംപ്രീതനായി. ദേശീയപാത ഏതുവഴിയേ എന്ന് ഗഡ്കരിമന്ത്രിയുടെ ശിങ്കിടികൾ തീരുമാനിച്ചത് കണ്ണന്താനംജിയുടെ കുഴപ്പമല്ല. കൃഷ്ണദാസ്ജി- മുരളീധർജിയാദികളുടെ കുഴപ്പവുമല്ല. എന്തിനേറെ പറയുന്നു സുരേന്ദ്രൻജിയുടെ കുഴപ്പം പോലുമല്ല. അതുകൊണ്ട് മാത്രമാണ് കണ്ണന്താനംജി കുറേ കിളികളുമായി ഗഡ്കരിജിയെ കണ്ടത്.
തളിപ്പറമ്പിൽ നാല് കിളിയെ പിടിക്കാൻ കീഴാറ്റൂരിൽ നിന്ന് ചുട്ട കോഴിയെ പറപ്പിക്കാനും തയാറായിരുന്നു ഗഡ്കരിമന്ത്രി. അതിന് മഹാസാധു പിണറായി സഖാവ് തിര്വോന്തരത്തിരുന്ന് ഭരിക്കുന്നുണ്ടോയെന്നൊന്നും നോക്കേണ്ടതില്ല. അത് നോക്കിയാലാണ് കുഴപ്പം. ഫെഡറൽപനി വൈറസ്, നിപ്പ വൈറസിനേക്കാൾ മാരകമാണെന്ന് ന.മോ.ജി പറഞ്ഞറിഞ്ഞ് ഗഡ്കരിജി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് പരമാവധി പകരാതെ നോക്കണം. അത് ന.മോ.ജി മനസ്സിൽ കണ്ടത് ഗഡ്കരിജി മാനത്ത് കണ്ടത് പോലെയെന്ന് നിരൂപിക്കേണ്ടതില്ല. ലോക്സഭാ തിരഞ്ഞെടുപ്പൊക്കെയാവുമ്പോൾ ബൈപ്പാസിനും വേണ്ടേ ഒരിത്, യേത്!
ഉണ്ടോണ്ടിരിക്കും നേരത്താണ് ധീരവീര സുധീര ഗാന്ധിക്ക് പലപ്പോഴും ഉൾവിളികളുണ്ടാകുന്നത്. 'അയ്യോ, ഗാന്ധീ പോവല്ലേ, അയ്യോ ഗാന്ധീ പോവല്ലേ' എന്ന് അന്നേരം ഹർത്താൽഗാന്ധി ഹസൻസായ്വ് തൊട്ട് ചെന്നിത്തല ഗാന്ധി വരെ കരഞ്ഞ് വിളിച്ചാലും കുലുങ്ങാത്ത ദേഹമായിരിക്കും സുധീരഗാന്ധി.
ആദർശം ആട്ടിൻപാലിൽ ചാലിച്ച് നാല് നേരവും സേവിക്കുന്ന ദേഹിയാണ്. രഘുപതി രാഘവ പാടിയാണ് ഉണരാറ്. ഉണർന്ന പാടേ പച്ചവെള്ളം ചവച്ചരച്ച് കുടിക്കും. കുളി ജപാദികൾക്ക് ശേഷം ചർക്കയിലിരുന്ന് നൂൽനൂല്പാണ്. അതും കഴിഞ്ഞുള്ള ആദർശ പാലിൻസേവയോടെയാകും ചിലപ്പോഴെല്ലാം ഉൾവിളികളുണ്ടാകുന്നത്. ആ നിമിഷം തലയ്ക്ക് മീതേ ഒരു പ്രത്യേക പ്രകാശം ജ്വലിച്ച് കത്തുന്നത് കണ്ടവരുണ്ടത്രെ.
അങ്ങനെയുണ്ടായൊരുൾവിളിയിലാണ് സുധീരഗാന്ധി കെ.പി.സി.സി അദ്ധ്യക്ഷപദം ത്യജിച്ച് വനവാസത്തിന് തുനിഞ്ഞത്. വനവാസത്തിന് പറ്റിയ വനങ്ങൾ കമ്മിയായത് കാരണം നടന്നില്ല. കരിങ്ങോഴയ്ക്കൽ മാണി മാണിക്ക് രാജ്യസഭാസീറ്റ് ദാനം ചെയ്യുന്ന ചടങ്ങുണ്ടായ നേരത്ത് ആകാശത്ത് ഒരശരീരി മുഴങ്ങുകയുണ്ടായി. സുധീരഗാന്ധി എന്തോ ത്യജിക്കാനൊരുങ്ങുന്നുവെന്നായിരുന്നു അശരീരി. മഹാരാജാവിന്റെ തൃപ്പടിദാനത്തിന് ശേഷമുണ്ടായ ഏറ്റവും മഹത്തായ ദാനമായിരുന്നു മാണി മകൻ ജോമോനുള്ള രാജ്യസഭാ സീറ്റ്ദാനമെന്ന് ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുണ്ട്. ആദർശഗാന്ധി സുധീർജിയെ സംബന്ധിച്ച് ഇതൊക്കെയെന്ത് ദാനം! അങ്ങനെയാണ് സുധീരഗാന്ധി മൂന്നാം സ്വാതന്ത്ര്യസമരത്തിന് കോപ്പ് കൂട്ടിയത്. സീറ്റും പോയി, കരമനയാറ്റിലൂടെ വെള്ളവുമൊരുപാട് ഒഴുകിപ്പോയി എന്നിരുന്നാലും സുധീരഗാന്ധിക്ക് ഉൾവിളിയുണ്ടായാൽ പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണ് യു.ഡി.എഫ് ഉന്നതാധികാരസമിതിയിൽ നിന്നുള്ള രാജി. രാജിയും ഒരു രാഷ്ട്രീയപ്രവർത്തനമാണല്ലോ!
Monday, 6 August 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment