Wednesday, 8 August 2018

ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി ഏതെന്ന് അറിയുമോ ? ചരിത്രത്തിലൂടെ സഞ്ചരിക്കാം*

*ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി ഏതെന്ന് അറിയുമോ ? ചരിത്രത്തിലൂടെ സഞ്ചരിക്കാം*

ബ്രിട്ടീഷ് സൈനികർക്ക് അസുഖങ്ങൾ വരികയും പരിക്കുപറ്റുകയും അത്ര വിരളമല്ലായിരുന്ന കാലം. ആശുപത്രി സൗകര്യങ്ങളൊന്നുമില്ല. ബ്രിട്ടന്റെ നിരവധി മടങ്ങ് വിസ്തൃതിയും ജനസംഖ്യയും ഉള്ള ഒരു രാജ്യത്തെ ഭരിക്കുമ്പോൾ, അതിനാവശ്യമായ അത്ര സൈനികരും ഉദ്യോഗസ്ഥരും ഇവിടെ താമസിക്കേണ്ടിവന്നു. പാശ്ചാത്യ രീതിയിലുള്ള ചികിത്സ നൽകാനുള്ള സ്ഥാപനങ്ങൾ അന്നിവിടെ ഇല്ലായിരുന്നു.

അതിനു പരിഹാരം എന്ന നിലയിൽ 1664, നവംബർ 16-ന് ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി സ്ഥാപിക്കപ്പെട്ടു, പാശ്ചാത്യ ചികിത്സാ രീതികൾ പിന്തുടരുന്ന ആശുപത്രി. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രതിനിധിയായിരുന്ന എഡ്വാർഡ് വിന്ററിന്റെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായാണ് മദ്രാസിലെ ആശുപത്രി സ്ഥാപിക്കപ്പെട്ടത്.

സെന്റ് ജോർജ് കോട്ടയിൽ ആണ് ആദ്യം ആശുപത്രി സ്ഥാപിച്ചത്. ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിനുശേഷം ആശുപത്രി കോട്ടയ്ക്ക് പുറത്തേക്ക് മാറ്റി. 1772-ലാണ് ഇന്നു കാണുന്ന സ്ഥലത്ത് ആശുപത്രി മാറ്റി സ്ഥാപിക്കപ്പെട്ടത്.

ഇന്ന് ആശുപത്രിയുടെ പേര് എന്തെന്നറിയാമോ ? ചെന്നൈ ജനറൽ ആശുപത്രി, അല്ലെങ്കിൽ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രി. 3000 ബെഡ്ഡുകൾ ഉള്ള തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി.

1772-ൽ പാശ്ചാത്യരീതിയിലുള്ള രോഗനിർണയവും ചികിത്സയും പരിശീലിപ്പിക്കാനാരംഭിച്ചു. അങ്ങനെ പരിശീലനം ലഭിച്ചവരെ ഡോക്ടർമാരുടെ സഹായികളായി നിയമിക്കാൻ തുടങ്ങി. 1820-ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ മോഡൽ ആശുപത്രിയായി കണക്കാക്കി.

1827-ൽ ഡി. മോർട്ടിമർ ആശുപത്രി സൂപ്രണ്ടായി അധികാരമേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1835-ൽ മദ്രാസ് മെഡിക്കൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ഗവർണർ സർ ഫ്രെഡറിക് ആഡംസ് മെഡിക്കൽ സ്കൂൾ ഉദ്ഘാടനം ചെയ്യുകയും, ജനറൽ ആശുപത്രിയിലെ മെഡിക്കൽ സ്കൂളിന്റെ ഭാഗമാക്കുകയും ചെയ്തു.

1850-ൽ മെഡിക്കൽ സ്കൂളിലെ മെഡിക്കൽ കോളേജായി ഉയർത്തുകയുണ്ടായി. പിന്നീട് ആശുപത്രി വളരെയധികം വികസിപ്പിച്ചു. 1935-ൽ മെഡിക്കൽ കോളേജിലെ ഇന്ത്യക്കാരനായ ആദ്യ പ്രിൻസിപ്പാളായി ഡോക്ടർ എ. എൽ. മുതലിയാർ ചാർജ് ഏറ്റെടുത്തു. ആശുപത്രിയിലും മെഡിക്കൽ കോളേജിലും നിരവധി വിഭാഗങ്ങൾ ആരംഭിക്കുകയും വികസന പ്രവർത്തനങ്ങൾ നടക്കുകയും ചെയ്തു.

1987 ജൂലൈ പത്താംതിയതി ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ നടന്നു. 1996-ൽ ആദ്യത്തെ മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയ നടന്നു.

നിലവിൽ പതിനായിരത്തിലധികം രോഗികളാണ് ഒരുദിവസം ചികിത്സതേടി ഓപ്പിയിൽ എത്തുന്നത്. 250 എംബിബിഎസ് സീറ്റുകളും 488 പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകളുമാണ് നിലവിൽ ഇവിടെയുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി ചെന്നൈ ജനറൽ ആശുപത്രിയിൽ ആണെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ഏതാണെന്നറിയാമോ ?

1823 ജനുവരി ഒന്നാം തീയതി ഫ്രഞ്ച് ഇംപീരിയൽ ഗവൺമെന്റ് ഫ്രഞ്ച് പൗരന്മാരെ പരിശീലിപ്പിക്കാനായി പോണ്ടിച്ചേരിയിൽ ആരംഭിച്ച ‘Ecole de Medicine de Pondicherry’ ആണത്. Medicin locale എന്നാൽ ഡിപ്ലോമ വിരുദ്ധമായിരുന്നു പരിശീലന കഴിഞ്ഞവർക്ക് നൽകിയിരുന്നത്. ഫ്രഞ്ച് കോളനികളിൽ ചികിത്സിക്കാനുള്ള അധികാരം അവർക്കുണ്ടായിരുന്നു. പോണ്ടിച്ചേരി നഗരത്തിന്റെ ഹൃദയ മധ്യത്തിൽ ആരംഭിച്ച മെഡിക്കൽ കോളേജ് 1964-ൽ ഇപ്പോഴത്തെ ക്യാമ്പസിലേക്ക് മാറ്റി. ആ കാലത്ത് ധന്വന്തരി മെഡിക്കൽ കോളേജ് എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിലും അതേവർഷം ജൂലൈ 14-ന് ഇഹലോകവാസം വെടിഞ്ഞ ശാസ്ത്ര സ്നേഹിയായിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായി “ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആന്റ് റിസർച്ച്” എന്ന് പേരിട്ടു. JIPMER എന്ന ചുരുക്കപ്പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

ദേശീയ പ്രാധാന്യമുള്ള ഇൻസ്റ്റിറ്റിയൂട്ടുകളുടെ ലിസ്റ്റിലാണ് ജിപ്മർ ഉൾപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ സർക്കാർ ഫണ്ട് ചെയ്യുന്ന സ്വയംഭരണാവകാശമുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ് ജിപ്മർ ഇന്ന്. 200 എംബിബിഎസ് സീറ്റുകളും 250 പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകളുമാണ് നിലവിലുള്ളത്.

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജിനെ കുറിച്ച് സംസാരിക്കുമ്പോൾ വിട്ടു പോകരുതാത്ത ഒരു പേരുണ്ട്.

1835-ൽ സ്ഥാപിക്കപ്പെട്ട ബംഗാൾ മെഡിക്കൽ കോളേജ് എന്ന് വിളിക്കപ്പെട്ടിരുന്ന കൽക്കട്ട മെഡിക്കൽ കോളേജ്.

ഇന്ന് ഇന്ത്യയിൽ ഇല്ലെങ്കിലും 1764 മുതൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ‘ഇന്ത്യൻ മെഡിക്കൽ സർവീസ്’ പ്രവർത്തിച്ചിരുന്നു. ബോംബെ, കൽക്കട്ട, മദ്രാസ് എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും, അതുപോലെ തന്നെ കമ്പനിയുടെ കപ്പലുകളിലെയും ആർമിയിലെയും ഡോക്ടർമാരും ഉദ്യോഗസ്ഥരും ആയിരുന്നു കമ്മിറ്റി അംഗങ്ങൾ. യൂറോപ്യൻ ഡോക്ടർമാരെ സഹായിക്കാനായി ഇന്ത്യക്കാരായ സഹായികളെ (Apothecary, compounders, dressers) സൃഷ്ടിക്കാനായി ഇന്ത്യയിൽ വൈദ്യ വിദ്യാഭ്യാസം ആരംഭിക്കണമെന്ന് തീരുമാനിക്കപ്പെട്ടു.

1822-ൽ ഇന്ത്യക്കാരെ ബ്രിട്ടീഷ് ആശുപത്രികളിൽ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. അതിനായി അതേവർഷം കൽക്കട്ടയിൽ “നേറ്റീവ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ” ആരംഭിച്ചു. അവർക്ക് പഠിക്കാനായി അനാട്ടമി, മെഡിസിൻ, സർജറി തുടങ്ങിയ വിഷയങ്ങൾ ബംഗാളി ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി.

തുടർന്ന് 1826-ൽ കൽക്കട്ട മദ്രസയോടനുബന്ധിച്ച് യുനാനിയും കൽക്കട്ട സംസ്കൃതകോളേജിനോടനുബന്ധിച്ച് ആയുർവേദവും പഠിപ്പിക്കാനാരംഭിച്ചു. കൂടാതെ 1827-ൽ ആയൂർവേദത്തോടൊപ്പം അനാട്ടമിയും ഗണിതവും പഠിപ്പിക്കാനാരംഭിച്ചു.

ഇന്ത്യയിലെ വൈദ്യ വിദ്യാഭ്യാസത്തെക്കുറിച്ചും പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ പഠിപ്പിക്കേണ്ടതിനെക്കുറിച്ചും പഠിക്കാനായി ഡോക്ടർ ജോൺ ഗ്രാന്റ് തലവനായ ഒരു കമ്മിറ്റിയെ വില്യം ബെന്റിക്ക് നിയമിക്കുകയുണ്ടായി. നാഷണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടാണ് കമ്മിറ്റി സമർപ്പിച്ചത്. പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം തന്നെ ഇന്ത്യയിൽ നൽകണമെന്നും, ആംഗലേയ ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യയനം ആരംഭിക്കണമെന്നും തദ്ദേശീയ ചികിത്സാരീതികൾ പഠിപ്പിക്കേണ്ടതില്ല എന്നും കമ്മറ്റി തീരുമാനിച്ചു. അങ്ങനെ 1835 ജനുവരി 28 ആം തീയതി ആയുർവേദം, യൂനാനി അധ്യായം അവസാനിപ്പിച്ചു.

അതേവർഷം തന്നെ മെഡിക്കൽ കോളേജിൽ പ്രവേശനം ആരംഭിച്ചു. 1835 ഫെബ്രുവരി 20-ന് ആദ്യ ബാച്ചിന്റെ അധ്യയനം ആരംഭിച്ചു. മാസം 7 രൂപയായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. കോഴ്സിന്റെ കാലാവധി നാലു വർഷം മുതൽ ആറു വർഷം വരെ ആകാം എന്ന് നിശ്ചയിച്ചു. പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് സർക്കാർ സർവീസിൽ തന്നെ ജോലി ചെയ്യാനുള്ള അവസരവും സജ്ജമായിരുന്നു. 30 രൂപയായിരുന്നു ആരംഭകാലത്തെ മാസശമ്പളം, ഏഴുവർഷം പ്രവൃത്തി പരിചയം ഉള്ളവർക്ക് അത് 40 ഉം, 15 വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് അത് 50 ഉം ആയിരുന്നു. വ്യാപാരിക്കും പൊതുജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുമായിരുന്ന മോത്തിലാൽ സീൽ കോളേജിന്റെ വികസനത്തിന് ആവശ്യമായ സ്ഥലം സംഭാവന ചെയ്തു.

1836-ൽ ഇന്ത്യക്കാരായ വൈദ്യവിദ്യാർത്ഥികൾ മൃതശരീരം ഡിസക്ട് ചെയ്തു തുടങ്ങി. 1838-ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ ഡോക്ടർമാർ ധാക്ക, മുർഷിദാബാദ്, പാറ്റ്ന, ചിറ്റഗോംഗ് എന്നീ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിലെ സബ് അസിസ്റ്റന്റ് സർജൻമാരായി ജോലിൽ പ്രവേശിച്ചു. ഉമാചരൺ സേത്, രാജ്കൃഷ്ണ ഡേ, ദ്വാരകാനാഥ് ഗുപ്ത, നബിൻ ചന്ദ്രൻ മിത്ര എന്നിവരായിരുന്നു ആദ്യമായി അനാട്ടമി ഡിസക്ഷൻ ചെയ്തു പഠിച്ചു പുറത്തിറങ്ങിയ ഈ നാലു പേർ.

വർഷങ്ങൾ കടന്നു പോയെങ്കിലും ഇത്ര വലിയ ഒരു രാജ്യത്തെ ധരിക്കുന്ന ബ്രിട്ടീഷുകാർക്ക് ആവശ്യമുള്ളത്ര ഭിഷഗ്വരന്മാരും പഠിപ്പിക്കാൻ കോളേജിന് സാധിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പല നടപടികളും കൈക്കൊള്ളേണ്ടി വന്നു. അങ്ങനെ 1864-ൽ രണ്ട് തരത്തിലുള്ള വിദ്യാഭ്യാസരീതി ആരംഭിച്ചു. സർക്കാരിൽ ജോലിക്ക് കയറേണ്ട വിഭാഗത്തിന് അപ്പോത്തിക്കരി സെക്ഷൻ എന്നും ഇന്ത്യക്കാരുടെ ചികിത്സാ ആവശ്യങ്ങൾക്കായി വരുന്ന ഡോക്ടർമാരെ പഠിപ്പിച്ച അടക്കാനുള്ള ഒരു ലൈസൻസിങ് രീതിയും ആവിഷ്കരിച്ചു. ബ്രിട്ടീഷ് സർക്കാരിന് ആവശ്യമുള്ള അപ്പോത്തിക്കരി വിഭാഗം കൂടുതൽ നിലവാരം പുലർത്തി എന്ന് പറയേണ്ടതില്ലല്ലോ. ഈ രണ്ടു തരം പഠന രീതികൾ അധികകാലം നീണ്ടുനിന്നില്ല.

മെഡിക്കൽ കോളേജ് ആരംഭിച്ച്, 48 വർഷത്തിനുശേഷമാണ് ആദ്യമായി ഒരു സ്ത്രീ വൈദ്യ വിദ്യാഭ്യാസത്തിന് എത്തിച്ചേർന്നത്. ഏഷ്യയിലെ ആദ്യത്തെ ഫിസിഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാദംബനി ഗാംഗുലിയായിരുന്നു ആ ആൾ. സ്ത്രീകളുടെ വൈദ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി മാസം 20 രൂപയായിരുന്നു സ്കോളർഷിപ്പായി നൽകിയിരുന്നത്.

നിരവധി വികസനങ്ങളിലൂടെ ഇന്നത്തെ കൽക്കട്ട മെഡിക്കൽ കോളേജായി ഈ കലാലയം മാറി. നിലവിൽ 250 എംബിബിഎസ് സീറ്റുകളും 278 പോസ്റ്റ് ഗ്രാജുവേറ്റ് സീറ്റുകളുമാണ് ഇവിടെയുള്ളത്.

മികച്ച മെഡിക്കൽ കോളേജുകളെ കുറിച്ച് സംസാരിക്കുമ്പോൾ വിട്ടു പോകരുതാത്ത രണ്ടെണ്ണം കൂടി ഉണ്ട്.

രണ്ടാം ലോകമഹായുദ്ധാനന്തരം 1948-ൽ വിസിരോയ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ്, പൂനെ. രാജ്യത്ത് ഏറ്റവുമാദ്യം രൂപീകരിക്കപ്പെട്ട പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലൊന്ന് ഇവിടെയാണ്, 1950-ൽ. 1966-ൽ ആദ്യബാച്ച് പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.

1900-ൽ വെല്ലൂരിൽ Dr. Ida Sophia Scudder ആരംഭിച്ച ആശുപത്രിയെ കുറിച്ചാണ് അവസാനമായി പറയാനുള്ളത്. മതപരവും സാമൂഹ്യപരവുമായ കാരണങ്ങളാൽ സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡോക്ടറായി, ആശുപത്രി തുടങ്ങിയ ആളാണ് ഐഡ. ഒരു ബെഡ് മാത്രമുള്ള ഡിസ്പെൻസറി ആണ് ആരംഭം. 1902-ൽ 40 ബെഡ്ഡുകൾ ഉള്ള ആശുപത്രിയാക്കി വികസിപ്പിച്ചു, സ്ത്രീകൾക്കുവേണ്ടിയുള്ള ആശുപത്രി. അടുത്തവർഷം മുതൽ സ്തീകൾക്ക് കമ്പോണ്ടർ ആകാനുള്ള പരിശീലനം തുടങ്ങി. 1909-ൽ നേഴ്സിംഗ് വിദ്യാഭ്യാസവും ആരംഭിച്ചു. 1918-ൽ സ്ത്രീകൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള മെഡിക്കൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തി. 1938-ൽ ഐഡ മെഡിക്കൽ സ്കൂളിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജായി ഉയർത്തി. 1942-ൽ എംബിബിഎസ് പഠനവും ആരംഭിച്ചു.

1945-ൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ആരംഭിച്ചു. 1946-ൽ ഇന്ത്യയിലെ ആദ്യത്തെ നഴ്സിംഗ് കോളേജും വെല്ലൂരിൽ തന്നെ ആരംഭിച്ചു. 1947-ൽ ആൺകുട്ടികൾക്കും എംബിബിഎസ് പഠനസൗകര്യം നൽകിത്തുടങ്ങി. 1950-ൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളും ആരംഭിച്ചു.

ലോകത്തിലാദ്യമായി കുഷ്ട രോഗം ബാധിച്ചവർക്ക് റീകൺസ്ട്രക്ടീവ് സർജറി നടത്തിയത് ഇവിടെയാണ്, 1948-ൽ. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തിയതും ഇവിടെതന്നെ, 1961-ൽ. ഇന്ത്യയിലെ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതും ഇവിടെയാണ്, 1971-ൽ. ഇന്ത്യയിലെ ആദ്യത്തെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് ഇവിടെയാണ്, 1986-ൽ..

ഇന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലിസ്റ്റിൽ ഏറ്റവും മുകളിൽ നിൽക്കുന്ന മെഡിക്കൽ കോളേജുകളിൽ പെടുന്നു ഈ അഞ്ച് കോളേജുകളും. റാങ്കിംഗിൽ 20-ന് അകത്ത്.

No comments:

Post a Comment