അടുത്ത് തന്നെ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്കു പകരം പഴയ ബാലറ്റ് സമ്പ്രദായം സ്വീകരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഉൾപ്പെടെ പതിനേഴു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഇലക്ഷൻ കമ്മിഷനെ സമീപിചിരിക്കുന്നു.
അത്യധികം വിചിത്രമാണ് മദാമ്മ കോൺഗ്രസ് അടക്കമുള്ള
പ്രതിപക്ഷ പാർട്ടികളുടെ ആവശ്യമെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അറിയാം. വോട്ടിംഗ് യന്ത്രങ്ങളുടെ സ്ഥാനത്ത് ബാലറ്റ് പേപ്പർ വന്നാൽ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനായാസ വിജയം നേടാനാകുമെന്നാണോ ഇവർ കരുതുന്നതെന്നറിയില്ല. 2014-ലെ പൊതുതിരഞ്ഞെടുപ്പിലും പിന്നീട് നടന്ന പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി നേട്ടം കൊയ്തത് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമങ്ങൾ നടത്തിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കുകയാണ്. ആരോപണം തെളിയിക്കാനുള്ള ധാർമ്മിക ബാദ്ധ്യത അവർ ഏറ്റെടുത്തതുമില്ല.
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ബോദ്ധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഈ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ പരീക്ഷണങ്ങൾ നടത്തിയതാണ്.
അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾക്ക് ഇതിലേക്കു ക്ഷണവും ലഭിച്ചിരുന്നു.
എന്നാൽ പേരു നൽകിയ പാർട്ടികളുടെ പ്രതിനിധികൾ പോലും പരീക്ഷണദിനത്തിൽ ഹാജരായില്ല. ഇതിനുശേഷമാണ് തിരഞ്ഞെടുപ്പിന് കൂടുതൽ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് വോട്ടിംഗ് യന്ത്രത്തോടൊപ്പം വി.വി.പാറ്റ് സംവിധാനം കൂടി ഏർപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ നിർദ്ദേശം വച്ചത്. കേന്ദ്ര സർക്കാർ ഇത് അംഗീകരിക്കുകയും ഇതിനായി മൂവായിരത്തിലധികം കോടി രൂപ അനുവദിക്കുകയും ചെയ്തു. ഏതു സ്ഥാനാർത്ഥിക്കാണ് വോട്ടു ചെയ്തതെന്ന് തത്സമയം തന്നെ രേഖപ്പെടുത്തി വോട്ടറെ ബോദ്ധ്യപ്പെടുത്താനുള്ള യന്ത്രസംവിധാനമാണിത്.
തിരഞ്ഞെടുപ്പുകളിൽ ജനവിധി അട്ടിമറിക്കാൻ പഴുതുകൾ ഉണ്ടാകുമെങ്കിലും വോട്ടിംഗ് യന്ത്രങ്ങൾക്കെതിരെ സമീപകാലം വരെ അത്തരത്തിലുള്ള ആരോപണങ്ങൾ കാര്യമായി ഉയർന്നിരുന്നില്ല. ബി.ജെ.പിയുടെ വലിയ മുന്നേറ്റമാണ് പ്രതിപക്ഷ പാർട്ടികളിൽ സംശയം ജനിപ്പിച്ചത്. എന്നാൽ വോട്ടിംഗ് യന്ത്രങ്ങളെ സംശയത്തോടെ നോക്കുമ്പോഴും പ്രതിപക്ഷ സ്ഥാനാർത്ഥികളും കൂട്ടത്തിൽ വിജയിച്ചുവരുന്നുണ്ടെന്നുള്ള വസ്തുത അവർ സൗകര്യപൂർവം വിസ്മരിക്കുന്നു. ബാലറ്റിലേക്കു മടങ്ങണമെന്ന് ആദ്യം ആവശ്യപ്പെട്ടവരുടെ കൂട്ടത്തിലുള്ള എ.എ.പി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഴുപതിൽ അറുപത്തേഴു സീറ്റിലും ജയിച്ച് പുതിയ ചരിത്രമെഴുതിയെന്നോർക്കണം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഭൂരിപക്ഷം നേടിയത്. സമീപകാലത്തു നടന്ന പല ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനും മറ്റു പ്രതിപക്ഷ കക്ഷികൾക്കും നേട്ടമുണ്ടായി. അപ്പോഴൊന്നും വോട്ടിംഗ് യന്ത്രത്തിന്റെ നിഷ്പക്ഷതയിൽ പാർട്ടി നേതാക്കൾക്ക് ഒരു സംശയവുമുണ്ടായില്ല. കേരളത്തിൽ ഇടതുമുന്നണി ഗംഭീര ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ തിരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രങ്ങൾ പ്രതിസ്ഥാനത്തായില്ല. തോൽവി ഏറ്റുവാങ്ങേണ്ടിവരുമ്പോൾ യന്ത്രത്തെ പഴിക്കുന്നത് നിരർത്ഥകമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പരിഹാസ്യമായ ഇത്തരം നിലപാടുകൾ.
പ്രതിയോഗികളെ കായികമായി പോലും അടിച്ചമർത്തുന്നതിൽ മുന്നിൽ നിൽക്കുന്ന തൃണമൂൽ നേതാവ് മമതാ ബാനർജിയാണ് വോട്ടിംഗ് യന്ത്രത്തിനെതിരെ പുതിയ പോർമുഖം തുറക്കാനുള്ള പ്രതിപക്ഷ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നതെന്നത് രസാവഹമാണ്.
ബംഗാളിൽ അടുത്തിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആയിരക്കണക്കിനു സീറ്റുകളിൽ തൃണമൂൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എതിർകക്ഷികളിൽപ്പെട്ടവരെ പത്രിക നൽകാൻ പോലും മമതയുടെ പാർട്ടിക്കാർ അനുവദിക്കാതിരുന്നതുകൊണ്ടാണ്. മുപ്പത്തിനാലുവർഷം തുടർച്ചയായി ബംഗാൾ ഭരിച്ച സി.പി.എം തൃണമൂൽ പ്രവർത്തകർ അഴിച്ചുവിട്ട വ്യാപകമായ അക്രമങ്ങളിൽ പേടിച്ചു കഴിയേണ്ട സ്ഥിതിയിലാണ്. ബൂത്ത് പിടിത്തവും പ്രതിയോഗികളുടെ നേർക്കുള്ള കൈയേറ്റവുമൊക്കെയാണ് ബംഗാളിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പു വിശേഷങ്ങൾ.
ഡിജിറ്റൽ യുഗത്തിന്റെ അനന്തസാദ്ധ്യതകളും സൗകര്യങ്ങളും ആവോളം അനുഭവിക്കെ തന്നെ വോട്ടിംഗ് യന്ത്രത്തോടുള്ള അപ്രീതിക്കും കടുത്ത എതിർപ്പിനും യുക്തിഭദ്രമായ കാരണങ്ങളുണ്ടെങ്കിൽ ജനങ്ങളെ അതു ബോദ്ധ്യപ്പെടുത്തുകയാണു വേണ്ടത്. അല്ലാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി വന്ന് ചിന്തക്കുഴപ്പം സൃഷ്ടിക്കുകയല്ല വേണ്ടത്. തിരിമറികൾ വ്യാപകമായ തോതിൽ നടത്താൻ വേണ്ടിയാണ് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നതെന്ന ആക്ഷേപം വസ്തുനിഷ്ഠമായി പ്രതിപക്ഷങ്ങൾക്ക് ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ അവസരം ഉപയോഗപ്പെടുത്താതെ മാറിനിന്നിട്ട് ഇപ്പോൾ യന്ത്രത്തെ വിശ്വസിക്കാനാവില്ലെന്നു പറഞ്ഞ് മുഖം തിരിക്കുന്നത് രാഷ്ട്രീയ അല്പത്തരമാണ്. പതിറ്റാണ്ടുകൾക്കു മുൻപ് രാജ്യത്ത് ആദ്യമായി വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചത് കേരളത്തിലെ പറവൂർ നിയമസഭാ മണ്ഡലത്തിലാണ്. തികച്ചും പുതിയ സംവിധാനമെന്ന നിലയ്ക്ക് ഒട്ടേറെ സംശയങ്ങളും പരാതികളും അന്നുണ്ടായി. വോട്ടിംഗ് യന്ത്രങ്ങൾ കോടതിയിലും കയറി. യന്ത്രത്തിന്റെ വിശ്വാസ്യതയും പ്രവർത്തന മികവും ആധികാരികതയും സംശയലേശമെന്യേ തെളിയിക്കപ്പെടുകയും ചെയ്തു. എൺപതു കോടിയോളം വോട്ടർമാരുള്ള രാജ്യത്ത് വോട്ടെടുപ്പിന് യന്ത്രങ്ങൾ ഉപയോഗിച്ചാലുള്ള നേട്ടങ്ങളെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുകാട്ടേണ്ടതില്ല. ലോകമൊട്ടാകെ സ്വീകാര്യമായ ഒരു യന്ത്രസംവിധാനം ഇന്ത്യയിലെ പ്രതിപക്ഷങ്ങൾക്ക് അസ്വീകാര്യമാകുന്നത് വിചിത്രം തന്നെയാണ്. യന്ത്രത്തിൽ കൃത്രിമങ്ങൾ നടത്തി വോട്ട് ഭരണകക്ഷിക്ക് അനുകൂലമാക്കി മാറ്റുമെന്നുള്ള ആശങ്കയിലൂടെ പ്രതിപക്ഷം പങ്കുവയ്ക്കുന്നത് സ്വന്തം ദൗർബല്യങ്ങളാണ്. തിരഞ്ഞെടുപ്പിൽ പിന്തള്ളപ്പെട്ടത് ജനങ്ങൾ കൈവിട്ടതു കൊണ്ടാണെന്ന് മനസിലാക്കാൻ മടിക്കുന്നതാണ് ബാലിശ ആരോപണങ്ങളുമായി വരാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ വിശുദ്ധിയും സുതാര്യതയും വിശ്വാസ്യതയും അന്തർദ്ദേശീയ തലത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. സൂക്ഷ്മമായി പരിശോധിച്ചാൽ ബാലറ്റ് സമ്പ്രദായത്തിലാണ് കൃത്രിമങ്ങൾ നടത്താൻ കൂടുതൽ സൗകര്യമെന്നു കാണാം. പതിറ്റാണ്ടുകൾക്കു മുൻപ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നതിൽ മാഫിയാ സംഘങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻ അതിന്റെ അധികാരങ്ങൾ ശക്തമായി പുറത്തെടുത്തതോടെയാണ് ആ നിലയ്ക്ക് മാറ്റം വന്നത്. ബൂത്തുപിടിത്തവും ബാലറ്റ് തട്ടിയെടുക്കലും പുറത്തുവച്ച് വോട്ടുകുത്തി അകത്തു പോയി പെട്ടിയിലിടുന്നതും മറ്റും നിലച്ചത് വോട്ടിംഗ് യന്ത്രങ്ങളുടെ വരവോടെയണ്. അത്തരം കാടൻ സമ്പ്രദായത്തിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർ യഥാർത്ഥത്തിൽ സാങ്കേതിക വിദ്യയെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരത്തിൽ പോയാൽ വോട്ടിംഗ് യന്ത്രങ്ങളെ മാത്രമല്ല, ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞ സ്മാർട്ട് ഫോണിനെയും എ.ടി.എം യന്ത്രത്തെയും മറ്റു ഓൺലൈൻ സംവിധാനങ്ങളെയുമെല്ലാം ഇവർ തള്ളിപ്പറഞ്ഞേക്കും. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള വഴികൾ നോക്കാതെ വോട്ടിംഗ് യന്ത്രത്തെ കള്ളനാക്കി നിറുത്തി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നു കരുതുന്നത് ശുദ്ധ ഭോഷ്ക്കാണ്.
No comments:
Post a Comment